കൊളംബോ: ശ്രീലങ്കയിലെ പ്രധാന സൗന്ദര്യ മത്സരമായ മിസിസ് ശ്രീലങ്ക വേള്‍ഡ് വേദിയില്‍ വെച്ച് നടന്ന തര്‍ക്കത്തിലും തുടര്‍ന്ന നടന്ന സംഭവങ്ങളിലും മുന്‍ മിസിസ് വേള്‍ഡും കൂട്ടാളിയും അറസ്റ്റിലായി. 2019ലെ മത്സരവിജയി കരോലിന്‍ ജ്യൂറിയും മറ്റൊരു മോഡലായ ചൂല പദ്‌മേന്ദ്രയുമാണ് അറസ്റ്റിലായത്.
മത്സരവേദിയ്ക്ക് നാശനഷ്ടം വരുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ജാമ്യത്തില്‍ വിട്ടയച്ച രണ്ട് പേരോടും ഏപ്രില്‍ 19ന് ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഞായറാഴ്ച നടന്ന അവാര്‍ഡ് ദാന ചടങ്ങിലായിരുന്നു കിരീടത്തെ ചൊല്ലി തര്‍ക്കമുണ്ടായത്. ഒന്നാം സ്ഥാനം നേടിയ പുഷ്പികയെ കിരീടം ചൂടിക്കാനായി 2019ലെ വിജയി കാരോലിന്‍ ജ്യൂറി സ്റ്റേജിലെത്തിയിരുന്നു.
ആദ്യം പുഷ്പികയ്ക്ക് കിരീടം നല്‍കിയ കരോലിന്‍ പിന്നീട് അത് പിടിച്ചുവാങ്ങുകയായിരുന്നു. പുഷ്പിക വിവാഹമോചിതയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കരോലിന്റെ നടപടി. കിരീടം ബലമായി ഊരിമാറ്റാന്‍ ശ്രമിച്ചപ്പോള്‍ പുഷ്പിക ഡി സില്‍വയ്ക്ക് തലയ്ക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിക്കേണ്ടി വന്നിരുന്നു.
വിവാഹമോചിതരായവര്‍ മത്സരത്തില്‍ പങ്കെടുക്കരുതെന്ന നിയമമുണ്ടെന്നും പുഷ്പിക വിവാഹമോചിതയാണെന്നും അതുകൊണ്ട് താന്‍ കിരീടം തിരിച്ചെടുക്കുകയാണെന്നും കരോലിന്‍ വേദിയില്‍ വെച്ച് പ്രഖ്യാപിച്ചു. തുടര്‍ന്ന് കിരീടം രണ്ടാം സ്ഥാനത്ത് എത്തിയയാള്‍ക്ക് നല്‍കുകയും ചെയ്തു.
കിരീടം ഊരിയെടുക്കുന്നതിനിടെ ഉണ്ടായ തര്‍ക്കത്തിനിടിയിലാണ് പുഷ്പികയ്ക്ക് പരിക്കേറ്റത്. താന്‍ വേര്‍പ്പിരിഞ്ഞു കഴിയുകയാണെന്നും അല്ലാതെ വിവാഹമോചനം നേടിയിട്ടില്ലെന്നും പുഷ്പിക അറിയിച്ചു. ഇത് കേള്‍ക്കാന്‍ കരോലിന്‍ സമ്മതിക്കാതിരുന്നതോടെ പുഷ്പിക വേദിയില്‍ നിന്നും കരഞ്ഞുകൊണ്ട് ഇറങ്ങിപ്പോയി.
എന്നാല്‍ പിന്നീട് അധികൃതര്‍ പുഷ്പിക വിവാഹമോചിതയല്ലെന്ന് സ്ഥിരീകരിക്കുകയും ഇവരെ തന്നെ വിജയിയായി പ്രഖ്യാപിക്കുകയുമായിരുന്നു. പരിപാടിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. കരോലിന്റെ നടപടി അത്യന്തം അപലപനീയമാണെന്ന് അധികൃതര്‍ പ്രതികരിച്ചു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക