വല്ലാത്തൊരു റണ്‍ ഔട്ട് തന്നെ; നിര്‍ഭാഗ്യത്തില്‍ മുങ്ങി ഗെയ്ക്വാദ്; ഇങ്ങനെ ഔട്ടാകുമെന്ന് കീപ്പര്‍ പോലും കരുതിക്കാണില്ല
Sports News
വല്ലാത്തൊരു റണ്‍ ഔട്ട് തന്നെ; നിര്‍ഭാഗ്യത്തില്‍ മുങ്ങി ഗെയ്ക്വാദ്; ഇങ്ങനെ ഔട്ടാകുമെന്ന് കീപ്പര്‍ പോലും കരുതിക്കാണില്ല
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 7th June 2024, 11:02 pm

മഹാരാഷ്ട്ര പ്രീമിയര്‍ ലീഗിലെ ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ ഋതുരാജ് ഗെയ്ക്വാദിന്റെ റണ്‍ ഔട്ടാണ് ചര്‍ച്ചയാകുന്നത്. എം.പി.എല്ലിലെ പൂണെരി ബപ്പാ-രത്‌നെഗിരി ജെറ്റ്‌സ് മത്സരത്തിലാണ് ബപ്പാ നായകന്‍ ഗെയ്ക്വാദ് നിര്‍ഭാഗ്യകരമായ രീതിയില്‍ പുറത്തായത്.

മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത പൂണെരിക്ക് മോശമല്ലാത്ത തുടക്കമാണ് ലഭിച്ചത്. ആദ്യ വിക്കറ്റില്‍ പവന്‍ ഷായും നീല്‍ ഗാന്ധിയും ചേര്‍ന്ന് 42 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി.

ആറാം ഓവറിലെ രണ്ടാം പന്തില്‍ ഷായെ പുറത്താക്കി പ്രദീപ് ഡാദെയാണ് രത്‌നഗിരിക്കാവശ്യമായ ബ്രേക് ത്രൂ നല്‍കിയത്. 19 പന്തില്‍ 32 റണ്‍സുമായി നില്‍ക്കവെ നിഖില്‍ നായിക്കിന് ക്യാച്ച് നല്‍കിയാണ് താരം മടങ്ങിയത്. ടീം സ്‌കോര്‍ 48ല്‍ നില്‍ക്കവെ 18 പന്തില്‍ ഏഴ് റണ്‍സ് നേടിയ ഗാന്ധിയും മടങ്ങി.

മൂന്നാം നമ്പറില്‍ യാഷ് ക്ഷീരസാഗറും നാലാം നമ്പറില്‍ ക്യാപ്റ്റന്‍ ഗെയ്ക്വാദും കളത്തിലിറങ്ങി. ഇരുവരും ചേര്‍ന്ന് ബപ്പാ ഇന്നിങ്‌സിന് വീണ്ടും ജീവന്‍ നല്‍കി. 48ല്‍ ഒന്നിച്ച ഇരുവരുടെയും കൂട്ടുകെട്ട് പിരിയുന്നത് 91ലാണ്. റണ്‍ ഔട്ടിലൂടെ ഗെയ്ക്വാദാണ് മടങ്ങിയത്.

12ാം ഓവറിലെ ആദ്യ പന്തിലാണ് ഗെയ്ക്വാദ് പുറത്താകുന്നത്. പന്തില്‍ ഷോട്ട് കളിച്ച ഗെയ്ക്വാദ് രണ്ട് റണ്‍സ് ഓടിയെടുക്കാനുള്ള ശ്രമത്തിലായിരുന്നു. രണ്ട് റണ്‍സ് എളുപ്പത്തില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുന്ന സാഹചര്യത്തില്‍ നിന്നുമാണ് താരം റണ്‍ ഔട്ടിലൂടെ പുറത്തായത്.

രണ്ടാം റണ്‍സ് പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുന്നതിനിടെ ക്രീസിന് തൊട്ടുമുമ്പില്‍ വെച്ച് താരത്തിന്റെ ബാറ്റ് സ്റ്റക്കാവുകയും താരത്തിന്റെ പുറത്താകലില്‍ കലാശിക്കുകയുമായിരുന്നു. 15 പന്തില്‍ 29 റണ്‍സ് നേടി നില്‍ക്കവെയാണ് താരം പുറത്താകുന്നത്.

റണ്‍ ഔട്ടിന്റെ വീഡിയോ കാണാം.

ഗെയ്ക്വാദ് പുറത്തായെങ്കിലും പിന്നാലെയെത്തിയവര്‍ ചെറുത്തുനിന്നു. ക്ഷീരസാഗര്‍ 29 പന്തില്‍ 24 റണ്‍സ് നേടിയപ്പോള്‍ സച്ചിന്‍ ഭോസ് ലെ പത്ത് പന്തില്‍ 22 റണ്‍സടിച്ച് മികച്ച പ്രകടനം കാഴ്ചവെച്ചു. 21 പന്ത് നേരിട്ട് 16 റണ്‍സ് നേടിയ രാഹുല്‍ ദേശായിയാണ് മറ്റൊരു സ്‌കോറര്‍.

ഒടുവില്‍ 19.5 ഓവറില്‍ ബപ്പാ ഇന്നിങ്‌സ് 144ല്‍ അവസാനിച്ചു.

രത്‌നഗിരിക്കായി സത്യജിത് ബച്ചാവ് നാല് ഓവറില്‍ 24 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റ് നേടി. വിജയ് പാവ്‌ലെ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ പ്രദീപ് ഡാദെ, യോഗേഷ് ചവാന്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

145 റണ്‍സ് ലക്ഷ്യമിട്ടിറങ്ങിയ രത്‌നഗിരി ജെറ്റ്‌സ് ക്യാപ്റ്റന്‍ അസിം കാസി, നിഖില്‍ നായിക്, ധീരജ് പതംഗരെ എന്നിവരുടെ ഇന്നിങ്‌സിന്റെ ബലത്തില്‍ വിജയിക്കുകയായിരുന്നു. നാല് വിക്കറ്റിനാണ് ജെറ്റ്‌സ് വിജയിച്ചത്.

 

കാസി 28 പന്തില്‍ 30 റണ്‍സ് നേടിയപ്പോള്‍ നിഖില്‍ നായിക് 22 പന്ത് നേരിട്ട് പുറത്താകാതെ 27 റണ്‍സ് നേടി. 27 പന്തില്‍ 25 റണ്‍സാണ് പതംഗരെ സ്‌കോറിലേക്ക് സംഭാവന ചെയ്തത്. ഏഴ് പന്തില്‍ 17 റണ്‍സടിച്ച യോഗേഷ് ചവാനും ആറ് പന്തില്‍ പുറത്താകാതെ 17 റണ്‍സ് നേടിയ സത്യജിത് ബച്ചാവ് എന്നിവരുടെ ഇന്നിങ്‌സും വിജയത്തില്‍ തുണയായി.

 

 

Content highlight: MPL 2024: Ruturaj Gaikwad’s unlucky runout