'ഞായറാഴ്ച മാത്രമേ മഞ്ഞ ബസില്‍ വരികയൊള്ളു'; ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ ബസും വെള്ളയാക്കണമെന്ന് മോട്ടോര്‍ വാഹന വകുപ്പ്
Sports News
'ഞായറാഴ്ച മാത്രമേ മഞ്ഞ ബസില്‍ വരികയൊള്ളു'; ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ ബസും വെള്ളയാക്കണമെന്ന് മോട്ടോര്‍ വാഹന വകുപ്പ്
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 15th October 2022, 9:53 pm

ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ടീം സഞ്ചരിക്കുന്ന ബസിന്റെ നിറവും മാറ്റണമെന്ന് മോട്ടോര്‍ വാഹന വകുപ്പ്. ടൂറിസ്റ്റ് ബസിനുള്ള നിറം മാറ്റം ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ സഞ്ചരിക്കുന്ന ബസിനും ബാധകമാണെന്ന് മോട്ടോര്‍ വാഹന വകുപ്പ് പറഞ്ഞു.

നിറം മാറ്റം ആവശ്യപ്പെട്ടുകൊണ്ടുള്ള അപേക്ഷ സ്വീകരിക്കാന്‍ കഴിയില്ലെന്ന് ഉടമയെ മോട്ടോര്‍ വാഹന വകുപ്പ് അറിയിക്കും. ട്രാവല്‍സ് ഉടമയോട് എറണാകുളം ആര്‍.ടി.ഒ ഓഫീസില്‍ തിങ്കളാഴ്ച ഹാജരാകാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. മഞ്ഞ നിറത്തിലുള്ള ബസ് ഞായറാഴ്ച കൂടെ ഉപയോഗിക്കാമെന്നും അതിന് ശേഷം ബസിന് വെള്ള നിറമടിക്കണമെന്നും മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.

വടക്കഞ്ചേരി ടൂറിസ്റ്റ് ബസ് അപകടത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകള്‍ക്ക് ഏകീകൃത നിറം കര്‍ശനമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഒക്ടോബര്‍ പതിനൊന്ന് മുതല്‍ തീരുമാനം നടപ്പിലാക്കാനാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ തീരുമാനം. വെള്ളയൊഴികെയുള്ള നിറങ്ങള്‍ക്ക് കര്‍ശന വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

ഇതോടെ ഞായറാഴ്ച കഴിഞ്ഞ് ഇനി വെള്ള നിറത്തിലുള്ള ബസിലായിരിക്കും ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍ സഞ്ചരിക്കുക. കേരള ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാം ഹോം മത്സരം നാളെ. ആദ്യ മത്സരത്തില്‍ ഈസ്റ്റ് ബംഗാളിനെ കീഴടക്കിയ ബ്ലാസ്റ്റേഴ്സിന് എ.ടി.കെ മോഹന്‍ ബഗാനാണ് എതിരാളികള്‍.

ആദ്യ മത്സരത്തില്‍ ചെന്നൈയിന്‍ എഫ്.സിക്കെതിരെ പരാജയപ്പെട്ട ടീമാണ് മോഹന്‍ ബഗാന്‍. ഇന്നലെയാണ് മത്സരത്തിനുള്ള ടിക്കറ്റുകള്‍ വിറ്റുതീര്‍ന്നത്. നാളെ വൈകിട്ട് 7.30നാണ് മത്സരത്തിന് കിക്കോഫ്.