[] ന്യൂയോര്‍ക്ക്: ലോകത്ത് ഏറ്റവും കൂടുതല്‍ നിരക്ഷരരുള്ള രാജ്യം ഇന്ത്യയാണെന്ന് ഐക്യരാഷ്ട്രസഭാ പഠനറിപ്പോര്‍ട്ട്.
യുനെസ്‌കോയുടെ കണക്ക് പ്രകാരം 28.7 കോടിയാണ് ഇന്ത്യയിലെ നിരക്ഷരരുടെ എണ്ണം. ലോകത്താകെയുള്ള നിരക്ഷരരുടെ 37 ശതമാനം വരും ഇത്.
1991ല്‍ ഇന്ത്യയിലെ സാക്ഷരതാ നിരക്ക് 48 ശതമാനമായിരുന്നെങ്കില്‍ 2006ല്‍ അത് 63 ശതമാനമായി. എന്നാല്‍ രാജ്യത്തെ ജനസംഖ്യ വര്‍ധിക്കുന്നതിനാല്‍ നിരക്ഷരരുടെ എണ്ണത്തില്‍ കുറവുണ്ടാകുന്നില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
സമ്പന്നരും ദരിദ്രരും തമ്മിലുള്ള അന്തരം വര്‍ധിക്കുന്നതാണ് നിരക്ഷരതയുടെ പ്രധാന കാരണം. സമ്പന്നര്‍ നൂറ് ശതമാനം സാക്ഷരത വരിച്ചു കഴിഞ്ഞു. എന്നാല്‍ ദരിദ്രര്‍ ഈ നിലയിലേക്കെത്തണമെങ്കില്‍ 2080 എങ്കിലും ആകണം.
അതേസമയം കേരളത്തെപ്പോലുള്ള സംസ്ഥാനങ്ങള്‍ വിദ്യാഭ്യാസത്തിനായി കൂടുതല്‍ പണം ചിലവാക്കുന്നുണ്ടെന്നും എന്നാല്‍ ദരിദ്ര വിഭാഗങ്ങളിലെ പെണ്‍കുട്ടികള്‍ക്ക് വേണ്ടത്ര വിദ്യാഭ്യാസ നിലവാരം പുലര്‍ത്താനാകുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
കേരളത്തില്‍ ഓരോ കുട്ടിക്കും വിദ്യാഭ്യാസത്തിനായി ഏകദേശം 685 ഡോളര്‍ സര്‍ക്കാര്‍ നീക്കിവക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.