2018 മുതൽ ദളിത് വിഭാ​ഗങ്ങൾക്ക് നേരെയുണ്ടായ ആക്രമങ്ങളിൽ രജിസ്റ്റർ ചെയ്തത് രണ്ട് ലക്ഷത്തോളം കേസുകൾ; പാർലമെന്റിൽ വിശദീകരണവുമായി സർക്കാർ
national news
2018 മുതൽ ദളിത് വിഭാ​ഗങ്ങൾക്ക് നേരെയുണ്ടായ ആക്രമങ്ങളിൽ രജിസ്റ്റർ ചെയ്തത് രണ്ട് ലക്ഷത്തോളം കേസുകൾ; പാർലമെന്റിൽ വിശദീകരണവുമായി സർക്കാർ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 21st March 2023, 7:16 pm

ന്യൂദൽഹി: കഴിഞ്ഞ നാല് വർഷത്തിനിടെ ദളിത് വിഭാഗങ്ങൾക്കെതിരായ ആക്രമണങ്ങളുമായി ബന്ധപ്പെട്ട് 1,89,945 കേസുകൾ രജിസ്റ്റർ ചെയ്തതായി കേന്ദ്ര സർക്കാർ. ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ (എൻ.സി.ആർ,ബി) കണക്കുകൾ നിരത്തിയാണ് പരാമർശം.

പാർലമെന്റിൽ ബഹുജൻ സമാജ് പാർട്ടി (ബി.എസ്.പി) നേതാവ് ഗിരീഷ് ചന്ദ്രയാണ് ദളിതർക്കെതിരായ അതിക്രമം സംബന്ധിച്ച ചോദ്യം ഉന്നയിച്ചത്. ഇതിന് മറുപടിയായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് കുമാർ മിശ്ര നൽകിയ മറുപടിയിലായിരുന്നു കേസുകളുടെ എണ്ണത്തെ പരാമർശിച്ചത്.

2018 മുതൽ ദളിതർക്കെതിരായ ആക്രമണങ്ങളുടെ എണ്ണത്തിന്റെ കണക്കുകൾ ഗിരീഷ് ചന്ദ്ര ആവശ്യപ്പെട്ടിരുന്നു.

പട്ടിക വർ​ഗ, പട്ടിക ജാതി അതിക്രമങ്ങൾ തടയാൻ വേണ്ട നടപടികളും നിർദേശങ്ങളും കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നൽകാറുണ്ടെന്നും മിശ്ര പറഞ്ഞു.

പൊതു ഇടങ്ങളിൽ രാഷ്ട്രീയ പ്രതിനിധികൾ ആക്രമിക്കപ്പെട്ട സംഭവങ്ങളുടെ എണ്ണം എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസിയും ആവശ്യപ്പെട്ടിരുന്നു. രണ്ട് വർഷത്തിനിടെ ഇത്തരം നാല് സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതായാണ് സർക്കാർ പാർലമെന്റിനെ അറിയിച്ചത്.

2021ലെ കണക്കനുസരിച്ച് ഉത്തർപ്രദേശിൽ 90,606 തടവുകാരാണുള്ളത്. ഇവരിൽ 21,942 പേർ പട്ടികജാതി (എസ്‌.സി) വിഭാഗത്തിലും 4,657 പേർ പട്ടികവർഗ (എസ്‌.ടി) വിഭാഗത്തിലും 41,678 പേർ ഒ.ബി.സി വിഭാഗത്തിലും പെട്ടവരാണെന്നും മിശ്ര പറഞ്ഞു.

Content Highlight: More than 1 lac cases registered in India regarding attacks against Dalit’s since 2018, says central govt in parliament