'ഭാര്യയും ഭര്‍ത്താവും ആണെന്ന് എന്താണിത്ര ഉറപ്പ്?'; കൊല്ലത്ത് ദമ്പതികള്‍ക്കു നേരെ സദാചാര ഗുണ്ടായിസം; സ്ത്രീക്കും മര്‍ദ്ദനം
Moral Policing
'ഭാര്യയും ഭര്‍ത്താവും ആണെന്ന് എന്താണിത്ര ഉറപ്പ്?'; കൊല്ലത്ത് ദമ്പതികള്‍ക്കു നേരെ സദാചാര ഗുണ്ടായിസം; സ്ത്രീക്കും മര്‍ദ്ദനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 25th December 2019, 10:34 am

കൊല്ലം: കൊല്ലം കാവനാട്ട് ദമ്പതികള്‍ക്കും സുഹൃത്തുക്കള്‍ക്കും നേരെ സദാചാര ഗുണ്ടായിസം. കേടായ കാര്‍ നന്നാക്കുന്നതിനിടെ ദമ്പതികളെയും രണ്ടംഗ സുഹൃത്തുക്കളെയും അഞ്ചംഗ മദ്യപ സംഘം ആക്രമിച്ചതായുള്ള ദൃശ്യങ്ങളടക്കം പുറത്തുവന്നു. സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റിലായിട്ടുണ്ട്.

എറണാകുളം ഇന്‍ഫോ പാര്‍ക്കിലെ ജീവനക്കാരായ ദമ്പതികളും സുഹൃത്തുക്കളും കാവനാട്ടെ സുഹൃത്തിന്റെ വീട്ടിലേക്കു പോകവെ ഇന്നലെ രാത്രി 10 മണിയോടെയാണു സംഭവമുണ്ടായത്. കാര്‍ കേടായി വഴിയില്‍ നിന്നപ്പോള്‍, വഴിയില്‍ മദ്യപിച്ചുകൊണ്ടിരുന്ന അഞ്ചംഗ സംഘമെത്തി ഇവരെ ചോദ്യം ചെയ്യുകയും മര്‍ദ്ദിക്കുകയുമായിരുന്നു.

കാറിലുണ്ടായിരുന്ന ഏക സ്ത്രീക്കും മര്‍ദ്ദനമേറ്റു. കാറിലുണ്ടായിരുന്ന പക്ഷാഘാതം പിടിപെട്ട ഇവരുടെ സുഹൃത്തും മര്‍ദ്ദനത്തിനിരയായി. ദമ്പതികള്‍ കുണ്ടറ മുളവന സ്വദേശികളാണ്. സുനി, കണ്ണന്‍, വിജയലാല്‍ എന്നിവരാണ് അറസ്റ്റിലായത്.

സംഭവത്തെക്കുറിച്ച് ദമ്പതികള്‍ ഏഷ്യാനെറ്റ് ന്യൂസിനോടു പറഞ്ഞതിങ്ങനെ-

‘കാര്‍ കേടായി നിന്നുപോവുകയായിരുന്നു. അപ്പോഴാണ് അവര്‍ അടുത്തേക്കു വന്ന് എന്താണു പ്രശ്‌നം, കാര്‍ കേടാണെങ്കിലും ഇപ്പോള്‍ ഇവിടെനിന്ന് സ്റ്റാര്‍ട്ട് ചെയ്ത് എടുത്തുകൊണ്ടുപോയേ പറ്റൂ എന്നൊക്കെ പറഞ്ഞത്. ഭാര്യയും ഭര്‍ത്താവും ആണെന്ന് എന്താണിത്ര ഉറപ്പ്, ഇവിടെയിങ്ങനെ അനാശാസ്യ പ്രവര്‍ത്തനങ്ങളൊക്കെ ഒരുപാട് നടക്കുന്നതാണ് എന്ന് അവര്‍ പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഞാന്‍ സംസാരിച്ചുകൊണ്ടിരുന്നപ്പോള്‍, അവര്‍ കാറിനടുത്തോട്ടു പോയി അതിനുള്ളില്‍ തലയിട്ട് എത്തിനോക്കി. അപ്പോള്‍ എന്റെ ഭാര്യ വീഡിയോ എടുത്തുകൊണ്ടു പുറത്തേക്കിറങ്ങി. അപ്പോള്‍ വീഡിയോ എടുത്തത് എന്തിനാണെന്നു ചോദിച്ച് തട്ടിക്കയറി. അതിനിടയ്ക്ക് ഇവളുടെ ഫോട്ടോ അവരെടുക്കാന്‍ നോക്കി. അതിനെ ഞാന്‍ തടഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

അപ്പോള്‍ എന്നെയും ഡ്രൈവിങ് സീറ്റിലിരുന്ന എന്റെ സുഹൃത്തിനെയും ഉപദ്രവിച്ചു. പിന്നെ കാറിന്റെ മുന്നിലിരുന്ന പാരലൈസ്ഡായ ആളോട് പുറത്തേക്കിറങ്ങാന്‍ പറഞ്ഞ് തല്ലി. ഇവളുടെ വലത്തേ നെഞ്ചില്‍ പിടിച്ച് തള്ളി.’- അവര്‍ പറഞ്ഞു.