വര്‍ഷകാല പാര്‍ലമെന്ററി സമ്മേളനം വീണ്ടും വിളിക്കാന്‍ സാധ്യത
Daily News
വര്‍ഷകാല പാര്‍ലമെന്ററി സമ്മേളനം വീണ്ടും വിളിക്കാന്‍ സാധ്യത
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 14th August 2015, 10:03 am

parliamentന്യൂദല്‍ഹി: ലളിത് മോദി വിഷയവും വ്യാപം അഴിമതിയും ഇളക്കി മറിച്ച പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനം അവസാനിച്ചു. ചരക്ക് സേവന നികുതി(ജി.എസ്.ടി.) ബില്‍ അടക്കമുള്ള സുപ്രധാന ബില്ലുകള്‍ പാസാക്കാനാവാതെയാണ് 17 ദിവസം നീണ്ടു നിന്ന വര്‍ഷകാല സമ്മേളനം അവസാനിച്ചത്. എന്നാല്‍ സഭാ സമ്മേഷനം ഒദ്യോഗികമായി പിരിച്ചുവിടേണ്ടതില്ലെന്ന തീരുമാനമെടുത്തിരിക്കുകയാണ് മന്ത്രി സഭാ ഉപസമിതി.

സെപ്റ്റംബറിലോ ഒക്ടോബറിലോ വീണ്ടും സമ്മേളനം വിളിച്ചു ചേര്‍ത്ത് ബില്ലുകള്‍ പാസാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 2016 ഏപ്രിലോടെ ജി.എസ്.ടി. നടപ്പാക്കേണ്ടതുണ്ട്. നിയമം നടപ്പില്‍വരുന്നുവെന്നുറപ്പുവരുത്താന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി വ്യക്തമാക്കിയിട്ടുണ്ട്.
ഭരണഘടനാഭേദഗതി ബില്ലായതിനാല്‍ ഇതു പാസ്സാക്കാന്‍ പ്രതിപക്ഷ പിന്തുണയും ആവശ്യമാണ്.

എന്നാല്‍ സര്‍ക്കാരുമായി യാതൊരുവിധ സഹകരണത്തിനും പ്രതിപക്ഷം തയ്യാറായിട്ടില്ല. അതേസമയം ബില്ലുകള്‍ പാസാക്കുന്നതിനായി പ്രതിപക്ഷത്തെ കോണ്‍ഗ്രസ് ഇതര പാര്‍ട്ടികളുടെ പിന്തുണ നേടാനുള്ള ശ്രമത്തിലാണ് ബി.ജെ.പി. ഇക്കാര്യത്തില്‍ തീരുമാനമായാല്‍ എപ്പോള്‍ വേണമെങ്കിലും സമ്മേളനം വിളിച്ചു ചേര്‍ക്കാവുന്ന അവസ്ഥയാണുള്ളത്.