കൊല്ലം: സാമ്പത്തിക തട്ടിപ്പു കേസില്‍ ബി.ജെ.പി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ അഞ്ചാം പ്രതി. ആറന്മുള്ള സ്വദേയില്‍ നിന്ന് 28.75 ലക്ഷം തട്ടിച്ചെന്നാണ് കേസ്. ഇന്നലെയാണ് ആറന്മുള സ്റ്റേഷനില്‍ ഹരികൃഷ്ണന്‍ എന്നയാള്‍ കുമ്മനം രാജശേഖരനും അദ്ദേഹത്തിന്റെ മുന്‍ പി.എ പ്രവീണും അടക്കമുള്ളവരെ പ്രതിചേര്‍ത്ത് പരാതി നല്‍കിയത്.
പേപ്പര്‍ കോട്ടണ്‍ മിക്‌സ് എന്ന കമ്പനിയില്‍ പാര്‍ട്ണര്‍ ആക്കാമെന്ന് പറഞ്ഞ് 28 ലക്ഷം വാങ്ങിയെന്നാണ് പരാതിയില്‍ പറയുന്നത്. ഒന്നാം പ്രതി പ്രവീണാണ്. കേസില്‍ അഞ്ചാം പ്രതിയാണ് കുമ്മനം.
പണം കൈപ്പറ്റിയ ശേഷം പാര്‍ട്ണര്‍ഷിപ്പിലേക്ക് പോകുകയോ മറ്റോ ചെയ്തില്ലെന്നും വര്‍ഷങ്ങളോളം കാത്തിരുന്നെങ്കിലും നടപടികളൊന്നും ആയില്ലെന്നും പരാതിയില്‍ പറയുന്നു. പല തവണ കുമ്മനത്തെ കണ്ടെങ്കിലും കാര്യമുണ്ടായില്ല. പ്രവീണിന്റെ വിവാഹ ദിവസം 10000 രൂപ കുമ്മനം തന്റെ പക്കല്‍ നിന്നും കൈ വായ്പ വാങ്ങിയെന്നും പരാതിയില്‍ പറയുന്നു.
ആറന്മുള പൊലീസ് എഫ്.ഐ.ആര്‍ ഇട്ട് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഐ.പി.സി 406,420 എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. പണം തിരിമറി, വിശ്വാസ വഞ്ചന എന്നീ വകുപ്പുകളിലാണ് കേസെടുത്തത്.
പാലക്കാട് സ്വദേശി വിജയന്‍, സേവിയര്‍, ബി.ജെ.പി ആര്‍.ആര്‍.ഐ സെല്‍ കണ്‍വീനര്‍ ഹരികുമാര്‍, വിജയന്‍, ഭാര്യ കൃഷ്ണവേണി എന്നിവരാണ് മറ്റ് പ്രതികള്‍. കേസില്‍ പ്രാഥമിക അന്വേഷണം തുടങ്ങിയിട്ടുണ്ട്.
അതേസമയം വിഷയത്തില്‍ ഇതുവരെ കുമ്മനമോ പ്രവീണോ പ്രതികരണം നടത്താന്‍ തയ്യാറായിട്ടില്ല. ബിജെ.പി ഔദ്യോഗിക നേതൃത്വവും വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. കുമ്മനം മിസോറാം ഗവര്‍ണര്‍ ആയിരിക്കെയാണ് സംഭവം.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക