DISCOURSE
ദൈവം വന്നതുകൊണ്ട് ചോദിക്കുകയാണ്, എന്താണ് അങ്ങയുടെ പ്ലാന്‍?
മോന്‍സി ജോസഫ്‌
2020 May 27, 02:40 am
Wednesday, 27th May 2020, 8:10 am

‘ഇനി എത്ര ദിവസം കൂടിയുണ്ട്

‘ മനുഷ്യര്‍ പരസ്പരം ഉറ്റുനോക്കി

‘സാരമില്ല ,നമ്മുടെ ജീവനല്ലേ വലുത്

”ഈശ്വരാ ,ദൈവവിശ്വസമില്ലാത്തവര്‍ പോലും ദൈവത്തെ വിളിച്ചു. നമ്മുടെ കളിചിരികള്‍ക്കുമേല്‍ മരണം വന്ന് ഗൗരവത്തോടെ നിലയുറപ്പിച്ചു. വാര്‍ത്തകള്‍ വിളിച്ചുകൂവി. ലോകത്തു രോഗബാധിതര്‍ 56 ലക്ഷം കടക്കുന്നു. കണക്കു സത്യമെങ്കില്‍ മരണം മൂന്നര ലക്ഷവും പിന്നിട്ടു കഴിഞ്ഞു.

മരിക്കാത്ത നമുക്കു പോലും മരണം അവിടെ എവിടെയോ വന്നു നിലുറപ്പിച്ചതുപോലെ തോന്നി. അതായിരുന്നു മരണത്തേക്കാള്‍ ഭയങ്കരം. വഴിവക്കില്‍ വച്ചുകണ്ടവര്‍ വല്ലാത്ത നോട്ടം നോക്കി. പഴയമാതിരിയുള്ള മനുഷ്യരുടെ വഴിവക്ക് അപ്രത്യക്ഷമായിരുന്നു. എന്നാലും ആ ദയനീയ നോട്ടം നോക്കി.

പെട്ടെന്ന് തന്നെ നമ്മള്‍ ജീവിച്ചുകൊണ്ടിരുന്ന ജീവിതം എത്ര മനോഹരവും രസപ്രദവും ആയിരുന്നെന്നു ഓര്‍ത്തു. ഇപ്പോഴാണ് എല്ലാം മനസിലായത്. നമ്മള്‍ ഒന്നും അറിഞ്ഞിരുന്നില്ല. എത്ര നല്ല ജീവിതമാണ് നമ്മള്‍ ജീവിച്ചുകൊണ്ടിരുന്നത്. നല്ല രസമുള്ള ഒന്നാന്തരം ജീവിതം.

നമുക്കു കാര്യമായ പ്രശ്‌നങ്ങള്‍ വല്ലതുമുണ്ടായിരുന്നോ? നാട്ടില്‍ ബസും തീവണ്ടികളും ഓടിയിരുന്നു. നഗരത്തിലെയും ഗ്രാമങ്ങളിലെയും കവലകളില്‍ ധര്‍ണകള്‍ നടന്നിരുന്നു. പോലീസുമായി ചില്ലറ ഉന്തും തള്ളും. ഇടയ്ക്കു ചില പൗരാവകാശ പ്രശ്ങ്ങള്‍ ഉണ്ടായെന്നിരിക്കും. ജീവിതം ജീവിക്കാന്‍ കൊള്ളാവുന്നതായിരുന്നു.മനുഷ്യര്‍ ഉറങ്ങിയിരുന്നു.

ബാറുകളും പള്ളികളും ചായക്കടകളും സാമൂഹ്യജീവിതത്തെ ശാന്തമാക്കി. കേരളത്തിലെ ചെറിയ ചായക്കടകളെ പ്രത്യേകം സ്മരിക്കണം. അവിടെ അലസമായി ഇരുന്ന് ശാരീരിക അകലമില്ലാതെ മനുഷ്യരോട് സംസാരിക്കുന്നവര്‍. ചായ വെറും ചായ അല്ല, ചായ ഊതികുടിക്കുന്നതിനിടയില്‍ എനിക്ക് തോന്നിയിട്ടുണ്ട് അങ്ങേയറ്റം മനുഷ്യത്വമുള്ള പാനീയമാണിത്. പുറത്തിറങ്ങി മറ്റൊരാളോട് ചിരിക്കാം, തോളില്‍ കൈയ്യിട്ടുനടക്കാം. അവിടവിടെ മനുഷ്യര്‍ ഇരിക്കുന്നുണ്ട്. മനുഷ്യരുടെ പറമ്പാണിത്.

ലോക്ക് ഡൗണ്‍ ആദ്യദിനങ്ങളില്‍ ഞാന്‍ നല്ലതുപോലെ ശ്വാസം മുട്ടി. ഉറങ്ങാന്‍ കഴിഞ്ഞില്ല. കിടക്കയില്‍ തിരിഞ്ഞുമറിഞ്ഞു എവിടെ മനുഷ്യന്‍…
നല്ലവളായ ഭാര്യ ചിരിച്ചു, എവിടെ കൂട്ടുകാര്‍ അവരൊക്കെ വിഷമത്തിലായിരിക്കും. ഞാന്‍ വിനയാന്വിതനായി.

കടല്‍ തീരത്താണ് വീട്. കടലും കടല്‍ത്തീരവും പോലെ എനിക്ക് സന്തോഷവും സാന്ത്വനവും തരുന്ന മറ്റൊന്നുമില്ല. അത് മാത്രമല്ല, മറ്റെന്തോ കൂടി. രാവിലെയും വൈകിട്ടും ഈ കടല്‍ത്തീരത്തു കൂടി കാറോടിച്ചു പോവാറുണ്ട്. കടല്‍ മാത്രമായാലും മതി എന്നു തോന്നും ചിലപ്പോള്‍. വെറുതെപോയാലും ജീവിതം ഇത്തിരി നേരം തിളച്ചുമറിയും. വര്‍ഷം എത്ര കഴിഞ്ഞാലും മനുഷ്യന് കടല്‍ ലഹരി ആയേക്കും  കടല്‍ തീരത്ത് ഇങ്ങനെ സഞ്ചരിക്കുമ്പോള്‍ മനസ് ആനന്ദനൃത്തം ചെയ്യാറുണ്ട്.

വേറൊന്നും വേണ്ട. ദൈവത്തെ പോലെ അല്ലെങ്കില്‍ മനുഷ്യനെ പോലെ ആത്മാവിന്റെ തുമ്പില്‍ പിടിച്ചു പൊങ്ങിചാടി പോവും. ദൈവം വന്നതുകൊണ്ട് ചോദിക്കുകയാണ് ,എന്താണ് അങ്ങയുടെ പ്ലാന്‍ ?

ഈ വൈറസ് അങ്ങയുടെ സൃഷ്ടിയാണോ ? അതോ പിശാചിന്റെ പണിയാണോ ? യേശു നമ്മള്‍ അറിയാത്ത ആളൊന്നുമല്ലല്ലോ. അദ്ദേഹവുമായി നല്ല ബന്ധമുള്ള എന്റെ ഭാര്യ പറഞ്ഞു. ദൈവത്തിനു നമുക്കു മനസിലാവാത്ത പദ്ധതികള്‍ കാണും.

”കാണും ” ഞാന്‍ ചിരി കടിച്ചുപിടിച്ചു.

അതും കൊറോണ കാലത്തു പ്രാര്‍ത്ഥിക്കുക മാത്രമേ മാര്‍ഗമുള്ളൂ. പള്ളിയില്‍ പോയിട്ട് മാസം രണ്ടാവാറായി. പുരോഹിതന്മാരുടെയും പൂജാരിമാരുടെയും ഏകാന്തത എത്ര ഉഗ്രനാവും ?

അത് ഞാന്‍ പറഞ്ഞില്ല. പക്ഷെ ഞായറാഴ്ച ഫോണില്‍ നോക്കിയിരുന്നു കുര്‍ബാന കണ്ടു. ഇതിനി പരിചയമാവുമായിരിക്കും.

തൊട്ടതിനും പിടിച്ചതിനുമൊക്കെ ഫെമിനിസ്റ്റ് ആകാറുള്ള ഒരു സുഹൃത്ത് ഫോണില്‍ വന്നു ‘ഞങ്ങള്‍ സ്ത്രീകള്‍ക്ക് അല്ലേലും എന്നും ലോക് ഡൗണ്‍ ആണല്ലോ. പാചകം കുറച്ചുകൂടി. പക്ഷെ പുരുഷന്‍മാരാണ് കൂടുതല്‍ മരിക്കുന്നത്.. അല്ലേലും പണ്ടേ പുരുഷന്മാരാണല്ലോ പലവിധ രോഗികള്‍ ,,

ഞാനൊന്നും മിണ്ടിയില്ല മരിക്കുന്നവര്‍ മരിക്കട്ടെ.

ഇതൊക്കെ ഓര്‍ത്തു ഇന്ന് രാവിലെ കടല്‍ത്തീരത്തേക്ക് ഒറ്റ പോക്ക് വച്ചു കൊടുത്തു. ഭാഗ്യം പോലീസ് ഇല്ല. ഞാന്‍ സ്വയം അഭിനന്ദിച്ചു. വിജനതയുടെ മേല്‍ വിജനത. പഴയ യാത്രകളില്‍ ചെറിയ ചെറിയ മനുഷ്യരുടെ പൊട്ടുകള്‍ എന്തൊരു സാന്ത്വനമായിരുന്നു. മനുഷ്യര്‍ സ്‌നേഹത്തിന്റെ കുഞ്ഞുദ്വീപുകള്‍ എന്നൊരു വികാരം എന്റെ ഉള്ളില്‍ തിരയടിക്കുന്നുണ്ടായിരുന്നു. ഒരു മനുഷ്യനെ കാണുമ്പോള്‍ പുഞ്ചിരിയോടെ കൈ നീട്ടാന്‍ കൊതി തോന്നിയിരുന്നു.

എന്തുണ്ട്, പ്രിയ മിത്രം എന്‍.ശശിധരന്‍ മാഷ് വിളിച്ചു. ലോകത്തിന്റെയും മനുഷ്യന്റെയും വേദനകള്‍ സ്‌നേഹം കൊണ്ടു ഒപ്പിയെടുക്കുന്നവന്‍. ഇഷ്ടം പോലെ സമയമല്ലേ എല്ലാര്‍ക്കും. വല്ലതും നടക്കുമോ ?

യ്യേ എന്തൊരു സമയം. ഒന്നിനും കൊള്ളാത്ത സമയം.., മാഷ് നീരസപെട്ടു.

മനുഷ്യത്വം ഉള്ളവര്‍ക്കു ഒന്നും എഴുതാന്‍ പറ്റില്ല ..ഒരടി കിട്ടിയപോലായി…മാഷ് നിരാശനായി .

കഴിഞ്ഞ പ്രളയകാലത്തു അത് വരുന്നതിന് മുന്‍പ് ഒരു ഭീതിദര്‍ശനത്തോടെ അതേക്കുറിച്ചു എഴുതിയിരുന്നു മാഷ്.

ലോകത്ത് ഒരു കൂട്ടമരണം ഓടിനടക്കുന്നു. വൈറസിനെ ഒരു മനുഷ്യനെ ഏല്‍പ്പിച്ചാല്‍ ഇത്ര വേഗം ലോകവ്യാപകമായി വിതരണം ചെയ്യാന്‍ കഴിയില്ലെന്ന് പറഞ്ഞത് ക്രൂരഫലിതമല്ല, വെള്ളയുടുത്ത സത്യമാണ്. അതിനിടെ കുറച്ചുമുമ്പും ഇപ്പോഴും പലരും കളിക്കുന്ന കക്ഷിരാഷ്ട്രീയം എന്തൊരു അശ്ലീലമാണ്. വയ്യ.

അത് പറയാനല്ല ഞാന്‍ വിളിച്ചത്, മാഷ് പറഞ്ഞു .ഞാന്‍ on body and soul എന്നൊരു സിനിമ കണ്ടു. നീ അതൊന്നു കാണു.
കണ്ടു

നേരായിരുന്നു. സ്‌നേഹം കൊണ്ടു ആണും പെണ്ണും അസാധാരണമായി പരസ്പരം അറിയുകയാണ്. ആ സിനിമയുടെ സൗന്ദര്യം എന്നെ ശാന്തനാക്കി. ആരോ കൈ നീട്ടി, മനുഷ്യന്‍ അവസാനിക്കുന്നില്ല, ഞാനില്ലേ?

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

WATCH THIS VIDEO: