Entertainment
മമ്മൂട്ടിയും ആസിഫുമല്ല, ഈ വര്‍ഷം നിലവില്‍ കേരള ബോക്‌സ് ഓഫീസില്‍ ഒന്നാമന്‍ കുഞ്ചാക്കോ ബോബന്‍

മലയാളസിനിമയെ സംബന്ധിച്ച് മികച്ചൊരു വര്‍ഷമാണ് കടന്നുപോയത്. മികച്ച കണ്ടന്റുകളുള്ള സിനിമകളിലൂടെ ഇന്ത്യ മുഴുവന്‍ മോളിവുഡ് എന്ന ചെറിയ ഇന്‍ഡസ്ട്രിയെക്കുറിച്ച് സംസാരിച്ചു. ബോക്‌സ് ഓഫീസിലും മലയാളസിനിമ അത്ഭുതങ്ങള്‍ കാണിച്ച വര്‍ഷമായിരുന്നു 2024. ആറ് സിനിമകളാണ് കഴിഞ്ഞവര്‍ഷം 100 കോടി ക്ലബ്ബില്‍ ഇടം പിടിച്ചത്. മിക്ക സിനിമകളും 50 കോടിക്കുമുകളിലും കളക്ട് ചെയ്തു.

എന്നാല്‍ കഴിഞ്ഞവര്‍ഷത്തെ നേട്ടം ഈ വര്‍ഷം ആവര്‍ത്തിക്കാന്‍ മലയാളസിനിമക്ക് സാധിക്കുന്നില്ല. 2025 ആരംഭിച്ച് മൂന്ന് മാസമാകുമ്പോള്‍ വെറും രണ്ട് ചിത്രങ്ങള്‍ മാത്രമാണ് 50 കോടി ക്ലബ്ബില്‍ ഇടം നേടിയത്. വലിയ പ്രതീക്ഷയിലെത്തിയ ചിത്രങ്ങള്‍ പലതും ബോക്‌സ് ഓഫീസില്‍ പ്രതീക്ഷിച്ച വിജയം നേടിയിരുന്നില്ല.

ആസിഫ് അലി നായകനായ രേഖാചിത്രം, കുഞ്ചാക്കോ ബോബന്‍ നായകനായ ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി എന്നീ ചിത്രങ്ങളാണ് ഈ വര്‍ഷം 50 കോടി കളക്ഷന്‍ നേടിയത്. കഴിഞ്ഞവര്‍ഷത്തെ വിജയക്കുതിപ്പ് ഈ വര്‍ഷവും ആസിഫ് അലി തുടര്‍ന്നപ്പോള്‍ വ്യത്യസ്ത കഥകള്‍ തെരഞ്ഞെടുത്ത് വിസ്മയിപ്പിക്കുന്ന കുഞ്ചാക്കോ ബോബന്‍ കരിയറിലെ ആദ്യ 50 കോടി ചിത്രം തന്റെ പേരിലാക്കിയിരിക്കുകയാണ്.

കേരള ബോക്‌സ് ഓഫീസില്‍ ഈ വര്‍ഷം ഏറ്റവുമുയര്‍ന്ന കളക്ഷന്‍ നേടിയ ചിത്രമായി മാറിയിരിക്കുകയാണ് ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി. 27 കോടിയാണ് ചിത്രം സ്വന്തമാക്കിയത്. ആസിഫ് അലിയുടെ രേഖാചിത്രത്തെ മറികടന്നാണ് കുഞ്ചാക്കോ ബോബന്‍ ഒന്നാമതെത്തിയത്. 26.5 കോടിയായിരുന്നു രേഖാചിത്രത്തിന്റെ കേരള കളക്ഷന്‍.

മമ്മൂട്ടി നായകനായെത്തിയ ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പേഴ്‌സിന് വെറും 8.7 കോടി മാത്രമാണ് കേരളത്തില്‍ നിന്ന് നേടാന്‍ സാധിച്ചത്. കഴിഞ്ഞവര്‍ഷം തിയേറ്ററില്‍ പരാജയമായ മോഹന്‍ലാല്‍ ചിത്രം മലൈക്കോട്ടൈ വാലിബന്‍ കേരളത്തില്‍ നിന്ന് നേടിയ കളക്ഷന്‍ മറികടക്കാന്‍ പോലും ഡൊമിനിക്കിന് സാധിച്ചില്ല. ലോ ഹൈപ്പും തിയേറ്ററുകളുടെ എണ്ണവുമാണ് ഡൊമിനിക്കിന് വിനയായത്. മമ്മൂട്ടിക്കമ്പനിയുടെ ആദ്യ തിയേറ്റര്‍ ഫ്‌ളോപ്പ് കൂടിയാണ് ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പേഴ്‌സ്.

മോഹന്‍ലാല്‍ നായകനായെത്തുന്ന എമ്പുരാനാണ് മലയാളത്തില്‍ ഇനിയുള്ളതില്‍ ഏറ്റവും വലിയ റിലീസ്. ഇന്‍ഡസ്ട്രിയിലെ ഏറ്റവും ചിലവേറിയ ചിത്രമായാണ് എമ്പുരാന്‍ ഒരുങ്ങുന്നത്. കേരളത്തിലെ 90 ശതമാനം തിയേറ്ററുകളിലും ചിത്രം പ്രദര്‍ശനത്തിനെത്തും. എമ്പുരാന് പിന്നാലെ ഏപ്രിലില്‍ ബസൂക്ക, ആലപ്പുഴ ജിംഖാന എന്നീ ചിത്രങ്ങളും പുറത്തിറങ്ങുന്നുണ്ട്. നഷ്ടപ്പെട്ട പ്രതാപം ഇതിലൂടെ മലയാളം ഇന്‍ഡസ്ട്രി തിരിച്ചുപിടിക്കുമെന്നാണ് കരുതുന്നത്.

Content Highlight: Officer on Duty become highest grosser of 2024 in Kerala Box Office