national new
രാജ്യത്തെ ദാരിദ്രം മാറ്റാന്‍ എല്ലാം സൗജന്യമായി നല്‍കുകയല്ല വേണ്ടത്; മറിച്ച് തൊഴിലാണ് നല്‍കേണ്ടത്: നാരായണ മൂര്‍ത്തി
ഡൂള്‍ന്യൂസ് ഡെസ്‌ക്
7 hours ago
Thursday, 13th March 2025, 12:16 pm

ന്യൂദല്‍ഹി: രാജ്യത്തെ സൗജന്യ സംസ്‌കാരത്തിനെതിരെ വിമര്‍ശനവുമായി ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണ മൂര്‍ത്തി. രാജ്യത്തെ ദാരിദ്രം മാറ്റാന്‍ എല്ലാം സൗജന്യമായി കൊടുക്കുകയല്ല വേണ്ടതെന്ന് പറഞ്ഞ അദ്ദേഹം തൊഴില്‍ സൃഷ്ടിക്കുന്നത് വഴിയാണ് ദാരിദ്രത്തെ നിര്‍മാര്‍ജനം ചെയ്യാന്‍ കഴിയുകയെന്നും അഭിപ്രായപ്പെട്ടു. മുംബൈയില്‍വെച്ച് നടന്ന ടൈക്കോം മുംബൈ 2025ന്റെ വേദിയില്‍ സംംസാരിക്കുകയായിരുന്നു അദ്ദേഹം.

‘നിങ്ങള്‍ ഓരോരുത്തര്‍ക്കും ലക്ഷക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്നതില്‍ എനിക്ക് സംശയമില്ല, അങ്ങനെയാണ് നിങ്ങള്‍ ദാരിദ്രം ഇല്ലാണ്ടാക്കേണ്ടത്. സൗജന്യം നല്‍കിയതുകൊണ്ട് നിങ്ങള്‍ക്ക് ദാരിദ്ര്യത്തിന്റെ പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കില്ല.

ഒരു രാജ്യവും അതില്‍ വിജയിച്ചിട്ടില്ല,’ നാരായണ മൂര്‍ത്തി പറഞ്ഞു. നൂതന സംരംഭങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെങ്കില്‍ ദാരിദ്ര്യം പ്രഭാതത്തിലെ വെയിലിലെ മഞ്ഞുപോലെ അപ്രത്യക്ഷമാകുമെന്നും മൂര്‍ത്തി കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയിലെ സൗജന്യ വിതരണ സംസ്‌കാരത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കവെയാണ് നാരായണ മൂര്‍ത്തിയുടെ പരാമര്‍ശം വന്നിരിക്കുന്നത്. തെരഞ്ഞെടുപ്പിന് മുമ്പായി വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പല വസ്തുക്കളും സൗജന്യമായി വിതരണം ചെയ്യുന്നതിനെതിരേയും സൗജന്യ സംസ്‌കാരം തടയണമെന്നാവശ്യപ്പെട്ടും നിരവധി ഹരജികള്‍ നിലവില്‍ സുപ്രീം കോടതിയുടെ പരിഗണനയിലുണ്ട്.

കഴിഞ്ഞ മാസം, ഇത് സംബന്ധിച്ച ഹരജി പരിഗണിച്ച സുപ്രീം കോടതി ഇത്തരത്തില്‍ സൗജന്യമായി വിതരണം ചെയ്യുന്നതിനെ വിമര്‍ശിക്കുകയും  സര്‍ക്കാരുകളുടെ വിവിധ പദ്ധതികളുടെയും സൗജന്യ റേഷന്റെയും പ്രലോഭനം കാരണം ആളുകള്‍ ജോലി ചെയ്യാന്‍ തയ്യാറാകുന്നില്ലെന്നും ചൂണ്ടിക്കാട്ടി. ദല്‍ഹിയിലെ ഭവനരഹിതര്‍ക്ക് അഭയം നല്‍കണമെന്ന ഹരജി പരിഗണിക്കുന്നതിനിടെയാണ് സുപ്രീം കോടതി ഈ പ്രസ്താവന നടത്തിയത്.

അതേസമയം, രാഷ്ട്രീയത്തെക്കുറിച്ചോ ഭരണത്തെക്കുറിച്ചോ തനിക്ക് കാര്യമായൊന്നും അറിയില്ലെന്നും നയപരമായ ചട്ടക്കൂടിന്റെ വീക്ഷണകോണില്‍ നിന്ന് ശുപാര്‍ശകള്‍ നല്‍കുക മാത്രമാണ് താന്‍ ചെയ്തതെന്നും നാരായണ മൂര്‍ത്തി പിന്നീട് വ്യക്തമാക്കി. ആനുകൂല്യങ്ങള്‍ നല്‍കുന്നതിന് പകരമായി എന്തെങ്കിലും ചെയ്യാനുള്ള അവസരമുണ്ടാവണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രതിമാസം 200 യൂണിറ്റ് വരെ സൗജന്യ വൈദ്യുതിയുടെ ഉദാഹരണം ചൂണ്ടിക്കാട്ടിയ മൂര്‍ത്തി, ആറ് മാസം പൂര്‍ത്തിയായ ശേഷം സംസ്ഥാനത്തിന്റെ പ്രതിനിധികള്‍ അത്തരം വീടുകളില്‍ സര്‍വേകള്‍ നടത്തി കുട്ടികള്‍ കൂടുതല്‍ പഠിക്കുന്നുണ്ടോ അല്ലെങ്കില്‍ മാതാപിതാക്കള്‍ക്ക് അവരുടെ കുട്ടിയിലുള്ള ശ്രദ്ധ വര്‍ധിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും പറഞ്ഞു.

Content Highlight: To change poverty in the country, we should not give everything for free; we should provide jobs: Narayana Murthy