Kerala News
ആശാ വർക്കർമാർക്ക് പൊങ്കാല കിറ്റുമായി സുരേഷ് ഗോപി; കേന്ദ്രം നൽകേണ്ട കുടിശ്ശിക തുക ഇപ്പോഴും ബാക്കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
7 hours ago
Thursday, 13th March 2025, 12:24 pm

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലദിനത്തിൽ സെക്രട്ടേറിയറ്റിലെ സമരപ്പന്തലിൽ പൊങ്കാലയിടുന്ന ആശാ വർക്കർമാർക്ക് പൊങ്കാല കിറ്റുമായി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി.

ആശമാർക്ക് അനുകൂലമായ രീതിയിൽ നല്ലത് സംഭവിക്കട്ടേയെന്ന നിലപാടാണ് തനിക്കുള്ളതെന്ന് സുരേഷ് ഗോപി പറഞ്ഞു. ‘വർഷങ്ങളായി തുടരുന്ന സാമൂഹിക പ്രവർത്തനം തന്നെയാണ് ആശമാരുടെ കാര്യത്തിലും താൻ ചെയ്യുന്നത്. ആശാ വർക്കർമാരുടെ പ്രശ്നത്തിൽ ഞാൻ ഇടപെടുന്നത് മന്ത്രിയോ എം.പിയോ ആയതിനാലല്ല, സാമൂഹ്യപ്രവർത്തകനായതിനാലാണ്. കേന്ദ്ര മന്ത്രിയായതിനുശേഷം പാർട്ടിയുടെ പിന്തുണയും ഒപ്പമുണ്ട്. എല്ലാറ്റിനും സമയമെടുക്കും. രാഷ്ട്രീയ കലർപ്പില്ലാതെ ചെയ്യാൻ കഴിയുന്നത് ഞാൻ ചെയ്യുന്നു. അതിന്റെ ഫല സൂചനകൾ കണ്ടുതുടങ്ങിയിട്ടുണ്ട്,’ സുരേഷ് ഗോപി പറഞ്ഞു.

ഇന്നലെ വൈകിട്ട് പാർട്ടി പ്രവർത്തകർക്കൊപ്പം എത്തിയാണ് കിറ്റ് വിതരണം ചെയ്തത്. നൂറോളം പേർക്കുള്ള അരി ശർക്കര, വാഴകുല തേങ്ങ തുടങ്ങിയവയാണ് സുരേഷ് ഗോപി എത്തിച്ചുനൽകിയത്.

ഒരു മാസമായി സെക്രട്ടേറിയറ്റ് പടിക്കല്‍ സമരം ചെയ്യുന്ന തങ്ങൾ സർക്കാരിൻ്റെ കനിവ് തേടിയാണ് പൊങ്കാലയിടുന്നതെന്ന് മാധ്യമങ്ങളോട് പറഞ്ഞു. തങ്ങളുടെ 32 ദിനരാത്രിങ്ങളുടെ വ്രതമാണ് നേര്‍ച്ചയായി സമര്‍പ്പിക്കുന്നത്. തങ്ങളുടെ ആവശ്യങ്ങൾക്ക് നേരെ സര്‍ക്കാര്‍ കണ്ണ് തുറക്കുമെന്നാണ് പ്രതീക്ഷയെന്നും ആശമാർ പറയുന്നു.

അതേസമയം ആശാ വർക്കർമാരുടെ വേതനകാര്യത്തിൽ കേന്ദ്രം പുകമറ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. 2023-24 സാമ്പത്തികവർഷം  കേന്ദ്രം തടഞ്ഞുവെച്ച വിഹിതത്തിലെ കുടിശ്ശികയെ കുറിച്ച് സംസ്ഥാന സർക്കാർ സംസാരിക്കുമ്പോൾ കേന്ദ്ര ആരോഗ്യമന്ത്രി വിശദീകരിക്കുന്നത് 2024-25 വർഷത്തെ കണക്കുകളെ കുറിച്ചാണ്.

കേന്ദ്രം നിർബന്ധിച്ചതുപോലെ ആരോഗ്യ സ്ഥാപനങ്ങളുടെ കോ-ബ്രാൻഡിങ് സംസ്ഥാനം നടത്തിയിട്ടില്ലെന്ന് അവകാശപ്പെട്ടുകൊണ്ട് കേന്ദ്ര സർക്കാർ 2023-24ൽ 636.88 കോടി രൂപ നൽകിയില്ലെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കേന്ദ്ര ആരോഗ്യ പദ്ധതികൾക്കായി കേരളത്തിന് നൽകേണ്ട മുഴുവൻ തുകയും കേന്ദ്രം അനുവദിച്ചുവെന്ന വാദം തെറ്റാണെന്നും വീണ ജോർജ് കൂട്ടിച്ചേർത്തു.

കേരളം ആവശ്യപ്പെടുന്ന കുടിശ്ശിക തുകയെക്കുറിച്ച് സംസാരിക്കാതെ പുതിയ വർഷത്തിൽ അനുവദിച്ച തുകയെപ്പറ്റി സംസാരിച്ച് പുകമറ സൃഷ്ടിക്കുകയാണ് കേന്ദ്രം.

2023-24 സാമ്പത്തിക വർഷത്തിൽ ആശ പ്രവർത്തനങ്ങൾ ഉൾപ്പെടെ സംസ്ഥാനത്ത് നടപ്പിലാക്കുന്ന എൻ.എച്ച്‌.എം പദ്ധതികൾക്ക് ഒരു രൂപ പോലും കേന്ദ്രം അനുവദിച്ചിട്ടില്ല. കേന്ദ്രത്തിൽ നിന്ന് ലഭിക്കേണ്ട ആകെ 826 .02 കോടി രൂപയിൽ അടിസ്ഥാന സൗകര്യ പരിപാലനത്തിനും മറ്റ് ഗ്രാന്റുകൾക്കുമായി 189.15 കോടി രൂപ മാത്രമാണ് അനുവദിച്ചത്. ആശാ വക്കർമാരുടെ ഇൻസെന്റീവുകൾ ഉൾപ്പെടെ ബാക്കി 636.88 കോടി രൂപ അനുവദിച്ചിട്ടില്ല. അതിപ്പോഴും കുടിശ്ശികയായി തുടരുകയാണ്.

 

Content Highlight: Suresh Gopi brings Pongala kits to ASHA workers; The dues to be paid by the center are still pending