രാജകീയ കലയുള്ള ഒരു വാഹനമായിരുന്നു അത്, കടന്നുപോകുമ്പോള്‍ ആരുടെയും കണ്ണുകള്‍ ഒന്നുടക്കും; മോഹന്‍ലാല്‍ ആദ്യമായി വാങ്ങിയ കാറിനെ കുറിച്ച് അദ്ദേഹത്തിന്റെ ഡ്രൈവര്‍
മോഹന്‍ലാല്‍ തന്റെ ഫേസ്ബുക്കില്‍ പങ്കുവെച്ച ചിത്രമാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. ഒരു പഴയ ആഷ് കളര്‍ അംബാസഡര്‍ കാറിന് മുന്നില്‍ നില്‍ക്കുന്ന ചിത്രമായിരുന്നു അദ്ദേഹം പങ്കുവെച്ചത്.
മോഹന്‍ലാലിനെ കുറിച്ചും ആ കാറിനെ കുറിച്ചുമുള്ള വിശേഷങ്ങള്‍ പങ്കുവക്കുകയാണ് മോഹന്‍ലാലിന്റെ ആദ്യ ഡ്രൈവറായിരുന്ന ഷണ്‍മുഖന്‍. കാന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ്സ് തുറക്കുന്നത്.
മോഹന്‍ലാലിനെ സ്‌നേഹപൂര്‍വം ലാലുക്കുഞ്ഞേ എന്ന് വിളിക്കുന്ന, ലാലിന്റെ ആദ്യകാല യാത്രകളുടെ സാരഥിയായിരുന്നു ഷണ്‍മുഖന്‍. മോഹന്‍ലാല്‍ പങ്കുവെച്ച ചിത്രത്തിലെ കെ.സി.ടി 4455 എന്ന കാറിന്റെ ഡ്രൈവറായാണ് മോഹന്‍ലാലിനൊപ്പം കൂടുന്നത്.
‘ലാലുക്കുഞ്ഞ് ആദ്യമായി സ്വന്തം പേരില്‍ വാങ്ങിയ വാഹനമാണ് ആ അംബാസഡര്‍ കാര്‍. 1986ലാണ് അത് വാങ്ങുന്നത്. അന്ന് മദ്രാസില്‍ ലാലുക്കുഞ്ഞിന് ഒരു ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് ഉണ്ടായിരുന്നു. സുകുമാരനെന്നായിരുന്നു അദ്ദേഹത്തിന്റെ പേര്.
സാറ് പറഞ്ഞതനുസരിച്ചാണെങ്കില്‍ ലാലുക്കുഞ്ഞിനെ കൂടാതെ മമ്മൂട്ടിസാറും ഐ.വി. ശശി സാറും അക്കൗണ്ടന്റ് സാറും അതുപോലെ ഓരോ അംബാസഡര്‍ കാറുകള്‍ വാങ്ങിയിരുന്നു. എക്‌സ്ട്രാ ഫിറ്റിംഗ്സും അപ്പ് ഹോള്‍സറി വര്‍ക്കുകളടക്കം മദ്രാസിലാണ് ചെയ്തത്.
ദുബായില്‍നിന്നോ മറ്റോ ഇറക്കുമതി ചെയ്ത മെറ്റീരിയലുകളാണ് അപ്പ് ഹോള്‍സറിക്ക് വേണ്ടി ഉപയോഗിച്ചിരുന്നത്. ഇന്നും അതേ അപ്പ് ഹോള്‍സറിയാണ് കാറിലുള്ളത്. പെട്രോള്‍ എ.സി കാറാണ്. രജിസ്റ്റര്‍ ചെയ്തത് കേരളത്തിലാണ്. കെ.സി.ടി 4455 ആയിരുന്നു വണ്ടി നമ്പര്‍.
അക്കാലത്ത് ആ വണ്ടിയിലായിരുന്നു ലാലുക്കുഞ്ഞിനെയും കൊണ്ട് പലയിടത്തും പോയിരുന്നത്. രാജകീയ കലയുള്ള ഒരു വാഹനമായിരുന്നു അത്. അത് കടന്നുപോകുമ്പോള്‍ ആരുടെയും കണ്ണുകള്‍ ഒന്നുടക്കും.
പിന്നീട് പുതിയൊരു വാഹനം വാങ്ങിയത് അദ്ദേഹത്തിന്റെ വിവാഹസമയത്താണ്. അതൊരു കോണ്ടസ കാറായിരുന്നു. അതിന്റെ നമ്പര്‍ കെ.സി.ടി 5544 ആയിരുന്നു. അതിനുശേഷം പല വാഹനങ്ങളും സ്വന്തമാക്കി. പഴയതില്‍ ചിലത് ഉപേക്ഷിച്ചു. അപ്പോഴും ആ അംബാസഡര്‍ കാര്‍ മാത്രം അദ്ദേഹം നിലനിര്‍ത്തി.
ആദ്യമായി സ്വന്തം പേരില്‍ വാങ്ങിയ വാഹനമല്ലേ. ആ ഒരു ആത്മബന്ധം ഇപ്പോഴും ആ വാഹനത്തോടുണ്ട്. പഴയ പ്രതാപത്തോടെ അംബാഡസര്‍ കാര്‍ ഇന്നും മുടവന്‍ മുഗളിലെ വീട്ടിലുണ്ട്,’ ഷണ്‍മുഖന്‍ പറയുന്നു.
ഒരുപാട് നാളുകള്‍ മോഹന്‍ലാലിന്റെ സാരഥിയായ ഷണ്‍മുഖന്‍ ലൊക്കേഷനിലേക്കുള്ള യാത്രകളില്‍ നിന്നും സ്വയം ഒഴിവാവുകയായിരുന്നു. മോഹന്‍ലാലിന്റെ ഡ്രൈവര്‍ സ്ഥാനം ഒഴിഞ്ഞ ശേഷം അദ്ദേഹത്തിന്റെ എറണാകുളത്തെ വീട്ടിലെ കാര്യസ്ഥനായി ഇപ്പോഴും കൂടെയുണ്ട്.