നല്ല സിനിമകള്‍ക്ക് പ്രേക്ഷകരുണ്ടാവും എന്ന് ഒരിക്കല്‍ കൂടി തെളിയിച്ച സിനിമയാണ് നേരെന്ന് മോഹന്‍ലാല്‍. സിനിമയുടെ ഭാഗമാവാന്‍ കഴിഞ്ഞതില്‍ സന്തോഷമനുണ്ടെന്നും നേരിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞു. ചിത്രത്തിന്റെ വിജയാഘോഷത്തിനിടയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘നല്ല സിനിമകള്‍ക്ക് പ്രേക്ഷകരുണ്ടാവും എന്ന് ഒരിക്കല്‍ കൂടി തെളിയിച്ച സിനിമയാണ് നേര്. അതിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷം. ഞങ്ങള്‍ തന്നെ നിര്‍മിച്ച സിനിമയാണ്. നേരിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കും അതില്‍ അഭിനയിച്ചവര്‍ക്കും അതിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും മാധ്യമങ്ങള്‍ക്കും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി പറയുന്നു. നല്ല സിനിമകള്‍ വീണ്ടും ഉണ്ടാവട്ടെ. നമുക്ക് വീണ്ടും കാണാന്‍ അവസരമുണ്ടാവട്ടെ,’ മോഹന്‍ലാല്‍ പറഞ്ഞു.
സംവിധായകന്‍ ജീത്തു ജോസഫും മറ്റ് അഭിനേതാക്കളും വിജയ ആഘോഷ ചടങ്ങില്‍ പങ്കെടുത്തിരുന്നു. അടുത്തകാലത്തൊന്നും ഇത്രയും ചീത്തപ്പേര് കിട്ടിയ ചിത്രമില്ലെന്നും പക്ഷെ ചീത്തപ്പേര് താന്‍ ആസ്വദിക്കുന്നുണ്ടെന്നുമാണ് സിദ്ദീഖ് പരിപാടിയില്‍ പറഞ്ഞത്. ഈ സിനിമയില്‍ ഇത്രയും ക്രൂരത കാട്ടിയിട്ടും തന്നെ മോഹന്‍ലാല്‍ ഒന്നും ചെയ്തില്ലെന്നും സിദ്ദീഖ് പറഞ്ഞു.
‘ഈ അടുത്തകാലത്ത് എനിക്ക് ഇത്രയും ചീത്തപ്പേരുണ്ടാക്കിയ ഒരു സിനിമയില്ല, പക്ഷെ ആ ചീത്തപ്പേര് ആസ്വദിക്കുന്നു. എല്ലാവരും എടുത്ത് പറഞ്ഞത് തീയറ്ററില്‍ വന്നാല്‍ ആളുകള്‍ രണ്ടെണ്ണം പൊട്ടിക്കും എന്നാണ്. ഒരു പ്രത്യേക സീന്‍ അനശ്വരയുമായി ചെയ്യുമ്പോള്‍ ഇത്രയും ക്രൂരമാകും എന്ന് ഞാന്‍ കരുതിയില്ല. തിയേറ്ററില്‍ അതുണ്ടാക്കിയ ഇംപാക്ട് വലുതാണ്,’ സിദ്ദീഖ് പറഞ്ഞു.
വക്കീല്‍ വേഷത്തിലാണ് മോഹന്‍ലാല്‍ ചിത്രത്തിലെത്തിയത്. ആത്മവിശ്വാസം തീരെയില്ലാത്ത ഒരു കഥാപാത്രമായി തുടക്കത്തില്‍ എത്തുന്ന മോഹന്‍ലാല്‍ പിന്നീട് വിജയ നായകനായി മാറുന്നതാണ് നേരില്‍ കാണിക്കുന്നത്. റിലീസ് ദിനം മുതല്‍ മികച്ച പ്രതികരണമായിരുന്നു നേരിന് ലഭിച്ചുകൊണ്ടിരുന്നത്. ചിത്രം ഇതുവരെ 8 കോടി രൂപ കളക്ട് ചെയ്തുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അനശ്വര രാജന്‍, ശാന്തി മായദേവി, ഗണേഷ് കുമാര്‍ എന്നിവരും ചിത്രത്തില്‍ അഭിനയിച്ചിരുന്നു. ആന്റണി പെരുമ്പാവൂരാണ് നിര്‍മാണം. ഛായാഗ്രാഹണം സതീഷ് കുറുപ്പാണ്. സംഗീതം വിഷ്ണു ശ്യാമാണ്.
Content Highlight: Mohanlal says that ‘Nere’ is a film that once again proved that good films have audiences