Malayalam Cinema
മരക്കാര്‍ അറബിക്കടലിന്റെ സിംഹം പെരുന്നാളിന്; റിലീസ് തിയ്യതി പ്രഖ്യാപിച്ചു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Feb 28, 09:58 am
Sunday, 28th February 2021, 3:28 pm

കൊച്ചി: ആരാധകര്‍ കാത്തിരുന്ന മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം റിലീസ് പ്രഖ്യാപിച്ചു. മെയ് 13 ന് പെരുന്നാള്‍ റിലീസ് ആയിട്ടാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക.

അപ്രതീക്ഷിതമായി ഞായറാഴ്ച മോഹന്‍ലാല്‍ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിക്കുകയായിരുന്നു. മലയാള സിനിമയില്‍ ഇന്നേവരെ കണ്ടിട്ടില്ലാത്ത സാങ്കേതികവിദ്യകളുടെ അകമ്പടിയോടെയാണ് ചിത്രം ഒരുക്കുന്നതെന്ന് നേരത്തെ മോഹന്‍ലാല്‍ തന്നെ വ്യക്തമാക്കിയിരുന്നു.

മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രമെന്ന വിശേഷണത്തോടെയാണ് മരയ്ക്കാര്‍ എത്തുന്നത്. 100 കോടി രൂപയാണ് ബജറ്റ്. വാഗമണ്‍, ഹൈദരാബാദ്, ബാദ്മി, രാമേശ്വരം എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.

പ്രണവ് മോഹന്‍ലാല്‍, അര്‍ജ്ജുന്‍, മുകേഷ്, സുനില്‍ ഷെട്ടി, പ്രഭു, മഞ്ജു വാര്യര്‍, സുഹാസിനി, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, ഫാസില്‍, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്റ് തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത് സൈന ആണ്. ഒരു മലയാള സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ തുകയ്ക്കാണ് സൈന മരയ്ക്കാറിന്റെ ഓഡിയോ റൈറ്റ്‌സ് വാങ്ങിയിരിക്കുന്നത്. തുക വെളിപ്പെടുത്തിയിട്ടില്ല.

അഞ്ചു ഭാഷകളില്‍ ആയി അമ്പതിലധികം രാജ്യങ്ങളില്‍ റിലീസ് ചെയ്യുന്ന ആദ്യ മലയാള ചിത്രവും കൂടിയാവും മരക്കാര്‍. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരും കോണ്‍ഫിഡന്റ് ഗ്രൂപ്പും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന് നൂറ് കോടിക്കടുത്താണ് ബഡ്ജറ്റ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Mohanlal’s new movie Marakkar – Arabikadalinte Simham; Release date announced