പൃഥ്വി ചെയ്തത് വെച്ച് നോക്കുമ്പോള്‍ ഞാന്‍ തലകുത്തി നിന്നതൊന്നും കഷ്ടപ്പാടല്ല: മോഹന്‍ലാല്‍
Entertainment
പൃഥ്വി ചെയ്തത് വെച്ച് നോക്കുമ്പോള്‍ ഞാന്‍ തലകുത്തി നിന്നതൊന്നും കഷ്ടപ്പാടല്ല: മോഹന്‍ലാല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 14th March 2024, 2:57 pm

മലയാളത്തില്‍ ഏറ്റവുമധികം കോപ്പികള്‍ വിറ്റവിച്ച നോവലുകളിലൊന്നാണ് ആടുജീവിതം. പത്തുവര്‍ഷത്തോളമെടുത്ത് പൂര്‍ത്തിയാക്കിയ തിരക്കഥയും എഴ് വര്‍ഷത്തോളം നീണ്ടുനിന്ന ഷൂട്ടിനുമൊടുവില്‍ ആയുജീവിതം വെള്ളിത്തിരയിലേക്കെത്തുകയാണ്. ബ്ലെസിയാണ് ചിത്രത്തിന്റെ സംവിധായകന്‍. നജീബായി എത്തുന്നത് പൃഥ്വിരാജാണ്.

ചിത്രത്തിന് വേണ്ടി പൃഥ്വി നടത്തിയ ട്രാന്‍സ്ഫര്‍മേഷന്‍ വലിയ ചര്‍ച്ചയായിരുന്നു. 30 കിലോയോളമാണ് ചിത്രത്തിന് വേണ്ടി പൃഥ്വി കുറച്ചത്. ഓസ്‌കാര്‍ ജേതാവ് എ.ആര്‍. റഹ്‌മാനാണ് ചിത്രത്തിന്റെ സംഗീതം. സിനിമയുടെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം നടന്നിരുന്നു. നിരവധി താരങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തു.

ചടങ്ങിനിടെ മോഹന്‍ലാല്‍ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ച. ബ്ലെസിയുടെ മൂന്ന് ചിത്രങ്ങളില്‍ നായകാനായത് മോഹന്‍ലാലായിരുന്നു. തന്മാത്ര, ഭ്രമരം, പ്രണയം എന്നീ സിനിമകള്‍ താരത്തിന്റെ കരിയറിലെ മികച്ച സിനിമകളില്‍ ഉള്‍പ്പെടുന്നതാണ്. അള്‍ഷിമേഴ്‌സ് രോഗബാധിതനായി മോഹന്‍ലാല്‍ തകര്‍ത്തഭിനയിച്ച തന്മാത്രക്ക് ദേശീയ അവാര്‍ഡ് ചെറിയ വ്യത്യാസത്തിലായിരുന്നു നഷ്ടമായത്. ഭ്രമരത്തില്‍ തലകുത്തി നിര്‍ത്തിയതും, തന്മാത്രയില്‍ പൂര്‍ണ നഗ്നനായി അഭിനയിപ്പിച്ചത് പോലെയുള്ള കഷ്ടപ്പാടുകളെപ്പറ്റി എന്താണ് പറയാനുള്ളത് എന്ന ചോദ്യത്തിന് മോഹന്‍ലാല്‍ രസകരമായ മറുപടിയാണ് നല്‍കിയത്.

‘പൃഥ്വി ചെയ്തത് വെച്ച് നോക്കുമ്പോള്‍ നഗ്നനായി അഭിനയിച്ചതും തലകുത്തി നിന്നതും ഒന്നും ഒരു കഷ്ടപ്പാടായി എനിക്ക് തോന്നിയിട്ടില്ല. എന്നെ തലകുത്തി നിര്‍ത്തിച്ചു എന്നല്ലേ ഉള്ളൂ. ഈ പടത്തില്‍ ചെയ്യിച്ചത് എനിക്കൊന്നും ചിന്തിക്കാന്‍ പോലും പറ്റാത്ത കാര്യമാണ്. ഇനി അടുത്ത സിനിമയില്‍ എന്നെക്കൊണ്ട് ഇതിലും വലുത് ചെയ്യിക്കാനായിരിക്കും ബ്ലെസി പ്ലാന്‍ ചെയ്യുന്നത്.

എല്ലാവരും പറയുന്നത് ബ്ലെസി ഒരു സിനിമക്ക് വേണ്ടി ഓരോരുത്തരോടും ക്രൂരമായി പെരുമാറുമെന്ന്. പക്ഷേ അത് ഒരിക്കലും ക്രൂരതയല്ല. ഒരു സംവിധായകന്‍ അയാളുടെ മനസില്‍ ആഗ്രഹിക്കുന്നത് സ്‌ക്രീനില്‍ മാക്‌സിമം പെര്‍ഫക്ഷനോടെ എത്തിക്കാന്‍ എടുക്കുന്ന എഫര്‍ട്ടുകളാണ് അതൊക്കെ. അയാള്‍ നമ്മളോടല്ലാതെ വേറെ ആരോടാണ് അങ്ങനെയൊക്കെ ചെയ്യാന് പറയുന്നത്,’ മോഹന്‍ലാല്‍ പറഞ്ഞു.

Content Highlight: Mohanlal praises Prithviraj for his transformation in Aadujeevitham