മമ്മൂട്ടിയുടെ സൗണ്ട് മോഡുലേഷന്‍ മോഹന്‍ലാല്‍ പഠന വിഷയമാക്കിയിട്ടുണ്ട്: ഫാസില്‍
Film News
മമ്മൂട്ടിയുടെ സൗണ്ട് മോഡുലേഷന്‍ മോഹന്‍ലാല്‍ പഠന വിഷയമാക്കിയിട്ടുണ്ട്: ഫാസില്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 9th November 2023, 9:57 pm

മലയാളത്തിന്റെ അഭിമാന താരങ്ങളാണ് മമ്മൂട്ടിയും മോഹന്‍ലാലും. നിരവധി യുവതാരങ്ങള്‍ എത്തിയിട്ടും ഇരുവരുടെയും സിംഹാസനങ്ങള്‍ക്ക് ഒരു ഇളക്കവും തട്ടിയിട്ടില്ല.

മോഹന്‍ലാലിനേയും മമ്മൂട്ടിയേയും പറ്റി സംവിധായകന്‍ ഫാസില്‍ സംസാരിക്കുന്ന വീഡിയോ ശ്രദ്ധ നേടുകയാണ്. ഇരുവരും മലയാളത്തിന് കിട്ടിയ ഭാഗ്യമാണെന്നും മോഹന്‍ലാലിന് ജന്മനാ ഒരു അഭിനയ വാസനയുണ്ടെങ്കില്‍ മമ്മൂട്ടി അത് സാധകം കൊണ്ട് വരുത്തിയെടുത്തതാണെന്നും ഫാസില്‍ പറഞ്ഞു. കൗമുദി മൂവീസിന് നേരത്തെ നല്‍കിയ അഭിമുഖത്തിലെ ഭാഗങ്ങളാണ് ശ്രദ്ധ നേടുന്നത്.

‘മമ്മൂട്ടിയും മോഹന്‍ലാലും മലയാളത്തിന് കിട്ടിയ ഭാഗ്യമാണ്. ഒന്നാമത്തെ കാര്യം അവര്‍ രണ്ട് പേരും പരസ്പരം റെസ്‌പെക്ട് ചെയ്യും. മമ്മൂട്ടിയുടെ സൗണ്ട് മോഡുലേഷന്‍ മോഹന്‍ലാല്‍ പഠന വിഷയമാക്കിയിട്ടുണ്ട്. മോഹന്‍ലാലിന് ജന്മനാ ഒരു അഭിനയ വാസനയുണ്ടെങ്കില്‍ മമ്മൂട്ടി അത് സാധകം കൊണ്ട് വരുത്തിയെടുത്തതാണ്,’ ഫാസില്‍ പറഞ്ഞു.

അതേസമയം പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന പ്രോമിസിങ് ലൈനപ്പ് തന്നെ ഇരുവര്‍ക്കുമുണ്ട്. കാതലാണ് ഇനി റിലീസിന് ഒരുങ്ങുന്ന മമ്മൂട്ടിയുടെ ചിത്രം. ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജ്യോതിക ആണ് നായിക. നവംബര്‍ 23 മുതല്‍ ചിത്രം തിയേറ്ററുകളിലെത്തും. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മിച്ച ഈ സിനിമ ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫേറെര്‍ ഫിലിംസാണ് കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത്.

ഡിനോ ഡെന്നീസിന്റെ ബസൂക്ക, വൈശാഖിന്റെ ടര്‍ബോ, രാഹുല്‍ സദാശിവന്റെ ഭ്രമയുഗം എന്നിവയാണ് മമ്മൂട്ടിയുടെ മറ്റ് പ്രൊജക്ടുകള്‍. മഹി വി. രാഘവ് സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രം യാത്ര 2ല്‍ അതിഥി വേഷത്തിലും മമ്മൂട്ടി അഭിനയിക്കുന്നുണ്ട്.

നേര് ആണ് ഉടന്‍ റിലീസിന് ഒരുങ്ങുന്ന മോഹന്‍ലാല്‍ ചിത്രം. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം ഡിസംബര്‍ 21ന് റിലീസ് ചെയ്യും. ലിജോ ജോസ് പെല്ലിശ്ശേരിയുടെ മലൈക്കോട്ടൈ വാലിബനാണ് വലിയ പ്രതീക്ഷ ഉയര്‍ത്തുന്ന മറ്റൊരു മോഹന്‍ലാല്‍ ചിത്രം. ജനുവരി 26നാണ് വാലിബന്റെ റിലീസ്. നന്ദ കിഷോര്‍ സംവിധാനം ചെയ്യുന്ന വൃഷഭ, മോഹന്‍ലാല്‍ ആദ്യമായി സംവിധായകനാവുന്ന ബാറോസ് എന്നിവയാണ് താരത്തിന്റെ മറ്റ് പ്രൊജക്ടുകള്‍.

Content Highlight: Mohanlal has made Mammootty’s sound modulation a subject of study, says Fazil