ആ സംവിധായകനൊപ്പം വര്‍ക്ക് ചെയ്യുക എന്നത് വളരെ പ്രയാസമാണ്, നമ്മളെ സ്വയം സറണ്ടര്‍ ചെയ്യേണ്ടി വരും: മോഹന്‍ലാല്‍
Entertainment
ആ സംവിധായകനൊപ്പം വര്‍ക്ക് ചെയ്യുക എന്നത് വളരെ പ്രയാസമാണ്, നമ്മളെ സ്വയം സറണ്ടര്‍ ചെയ്യേണ്ടി വരും: മോഹന്‍ലാല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 18th December 2024, 9:08 pm

നാല് പതിറ്റാണ്ടിലധികമായി മലയാളത്തില്‍ നിറഞ്ഞുനില്‍ക്കുന്ന നടനാണ് മോഹന്‍ലാല്‍. മലയാളികളുടെ സ്വകാര്യ അഹങ്കാരമെന്ന് അറിയപ്പെടുന്ന മോഹന്‍ലാല്‍ പകര്‍ന്നാടാത്ത വേഷങ്ങളില്ല. മോഹന്‍ലാല്‍ എന്ന താരത്തെയും നടനെയും ഒരുപോലെ ഉപയോഗിച്ച സംവിധായകരിലൊരാളാണ് പൃഥ്വിരാജ്. ലൂസിഫറിലൂടെ മോഹന്‍ലാല്‍ എന്ന താരത്തെ പരമാവധി ഉപയോഗിച്ചപ്പോള്‍ ബ്രോ ഡാഡിയിലൂടെ മോഹന്‍ലാല്‍ എന്ന നടന്റെ കോമഡി ഏരിയയും പൃഥ്വി കവര്‍ ചെയ്തു.

എല്ലാവരെയും അത്ഭുതപ്പെടുത്താന്‍ കഴിയുന്നയാളാണ് പൃഥ്വിരാജ് എന്ന സംവിധായകനെന്ന് പറയുകയാണ് മോഹന്‍ലാല്‍. ഒരു സിനിമയെപ്പറ്റി മനസിലാക്കണമെങ്കില്‍ ആദ്യം ലെന്‍സിങ്ങിനെക്കുറിച്ച് നല്ല ബോധ്യം വേണമെന്നും പൃഥ്വിക്ക് അക്കാര്യം നന്നായി അറിയാമെന്നും മോഹന്‍ലാല്‍ പറഞ്ഞു. സിനിമയിലെ ഏറ്റവും പുതിയ ഉപകരണങ്ങളെക്കുറിച്ച് വരെ നല്ല അറിവ് പൃഥ്വിരാജിനുണ്ടെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.

അഭിനേതാക്കളെ കൃത്യമായി ഉപയോഗിക്കാനുള്ള കഴിവുണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞു. പൃഥ്വിരാജ് എന്ന സംവിധായകനൊപ്പം വര്‍ക്ക് ചെയ്യുക എന്നത് വളരെ പ്രയാസമുള്ള ഒന്നാണെന്നും സ്വയം സറണ്ടര്‍ ചെയ്യേണ്ടി വരുമെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു. അയാള്‍ക്ക് ആവശ്യമുള്ള കാര്യം കിട്ടുന്നതുവരെ നമ്മളെക്കൊണ്ട് ആ സീന്‍ ചെയ്യിക്കുമെന്നും വളരെയധികം കമ്മിറ്റഡായിട്ടുള്ള ആളാണ് പൃഥ്വിയെന്നും മോഹന്‍ലാല്‍ പറഞ്ഞു.

യാതൊരു ഈഗോയുമില്ലാതെ അയാള്‍ ചോദിക്കുന്ന കാര്യം കൊടുക്കാന്‍ കഴിയുമെന്നും അതെല്ലാം ആ കഥാപാത്രത്തിന് വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു. അയാളുടെ ഉള്ളില്‍ ആ സിനിമ മുഴുവന്‍ എങ്ങനെ ചെയ്യണമെന്ന കൃത്യമായ പ്ലാനുണ്ടെന്നും സംവിധാനത്തോട് ഒരുപാട് കമ്മിറ്റ്‌മെന്റുള്ളയാളാണ് പൃഥ്വിയെന്നും മോഹന്‍ലാല്‍ പറഞ്ഞു. ഗലാട്ടാ പ്ലസിനോട് സംസാരിക്കുകയായിരുന്നു മോഹന്‍ലാല്‍.

‘സിനിമയെപ്പറ്റി ഒരുപാട് അറിവുള്ളയാളാണ് പൃഥ്വിരാജ്. അയാള്‍ക്ക് ലെന്‍സിങ്ങിനെക്കുറിച്ച് നല്ല ബോധ്യമുണ്ട്. സിനിമയെക്കുറിച്ച് അറിയണമെങ്കില്‍ ആദ്യം ലെന്‍സിങ്ങിനെപ്പറ്റി അറിഞ്ഞിരിക്കണം. അതുപോലെ ഏറ്റവും പുതിയ ഉപകരണങ്ങളെക്കുറിച്ച് നല്ല അറിവ് അയാള്‍ക്കുണ്ട്.

അതുമാത്രമല്ല, ഓരോ ആര്‍ട്ടിസ്റ്റില്‍ നിന്നും എന്ത് എടുക്കാന്‍ കഴിയുമെന്ന് അയാള്‍ക്ക് കൃത്യമായി അറിയാം. അവരെയെല്ലാം കൃത്യമായി ഉപയോഗിക്കാന്‍ അയാള്‍ക്ക് കഴിയും. അയാള്‍ മനസില്‍ വിചാരിക്കുന്നത് കൃത്യമായി കിട്ടുന്നതുവരെ നമ്മളെക്കൊണ്ട് ചെയ്യിച്ചുകൊണ്ടേയിരിക്കും.

പൃഥ്വിരാജുമായി വര്‍ക്ക് ചെയ്യുക എന്നത് ഒരുപാട് പ്രയാസമുള്ള കാര്യമാണ്. നമ്മള്‍ സ്വയം സറണ്ടര്‍ ചെയ്യേണ്ടിവരും. അയാള്‍ക്ക് വേണ്ടത് കിട്ടുന്നതുവരെ നമ്മളെക്കൊണ്ട് ആ സീന്‍ ചെയ്യിക്കും. കാരണം, അയാളുടെ ഉള്ളില്‍ ആ സിനിമ എങ്ങനെ വരണമെന്ന് കൃത്യമായ ബോധ്യമുണ്ട്. അതെല്ലാം കഥാപാത്രത്തിന് ഗുണം ചെയ്യുന്നതായതുകൊണ്ട് നമ്മള്‍ യാതൊരു ഈഗോയുമില്ലാതെ അത് നല്‍കും. സംവിധാനത്തോട് വളരെയധികം കമ്മിറ്റഡായിട്ടുള്ള ആളാണ് പൃഥ്വിരാജ്,’ മോഹന്‍ലാല്‍ പറയുന്നു.

Content Highlight: Mohanlal about the experience of working under Prithviraj’s direction