Entertainment news
പോയില്ല എന്ന് വിശ്വസിക്കാനാണ് ഇപ്പോഴും മനസ് പറയുന്നത്, ഇന്നസെന്റ് എന്നും കൂടെത്തന്നെ ഉണ്ടാവും: മോഹന്‍ലാല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Mar 27, 02:08 am
Monday, 27th March 2023, 7:38 am

നടന്‍ ഇന്നസെന്റിന്റെ വിയോഗത്തില്‍ വികാരനിര്‍ഭരമായ കുറിപ്പുമായി നടന്‍ മോഹന്‍ലാല്‍. എന്ത് കാര്യത്തിനും കൂടെ നിന്ന നിങ്ങളുടെ വേര്‍പാടിന്റെ സങ്കടം എങ്ങനെ വാക്കുകളില്‍ ഒതുക്കും എന്നറിയില്ലെന്നും പോയില്ല എന്ന് വിശ്വസിക്കാനാണ് ഇപ്പോഴും മനസ് പറയുന്നതെന്നും മോഹന്‍ലാല്‍ പറഞ്ഞു.

സ്‌നേഹവും ശാസനയുമായി എന്റെ ഇന്നസെന്റ് എന്നും കൂടെത്തന്നെ ഉണ്ടാവുമെന്നും ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ മോഹന്‍ലാല്‍ പറഞ്ഞു.

‘എന്താ പറയേണ്ടത് എന്റെ ഇന്നസെന്റ്, ആ പേരുപോലെ തന്നെ നിഷ്‌കളങ്കമായി ലോകത്തിന് മുഴുവന്‍ നിറഞ്ഞ ചിരിയും സ്‌നേഹവും സാന്ത്വനവും പകര്‍ന്ന്, ഒപ്പമുള്ളവരെ ഒരു സഹോദരനെപ്പോലെ ചേര്‍ത്തുപിടിച്ച്, എന്ത് കാര്യത്തിനും കൂടെ നിന്ന്, തണലും തലോടലുമായ നിങ്ങളുടെ വേര്‍പാടിന്റെ സങ്കടം എങ്ങനെ വാക്കുകളില്‍ ഒതുക്കും എന്നറിയില്ല.

പോയില്ല എന്ന് വിശ്വസിക്കാനാണ് ഇപ്പോഴും മനസ് പറയുന്നത്. ഓരോ നിമിഷവും ആ നിഷ്‌കളങ്ക ചിരിയും സ്‌നേഹവും ശാസനയുമായി എന്റെ ഇന്നസെന്റ് എന്നും കൂടെത്തന്നെ ഉണ്ടാവും. എവിടെ ആണെങ്കിലും എന്ത് കാര്യത്തിനും ഓടിവരാന്‍ ഇനിയും നിങ്ങള്‍ ഇവിടെത്തന്നെ കാണും,’ മോഹന്‍ലാല്‍ കുറിച്ചു.

ഞായറാഴ്ച രാത്രി പത്തരയോടെ ആയിരുന്നു എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ഇന്നസെന്റിന്റെ അന്ത്യം സംഭവിച്ചത്. ന്യൂമോണിയയും ഹൃദയാഘാതവുമാണ് മരണ കാരണമായത്.

Content Highlight: mohanlal about innocent