മലയാളത്തിന്റെ അഭിമാനമായി നാല് പതിറ്റാണ്ടോളമായി നിറഞ്ഞു നിൽക്കുന്ന നടനാണ് മോഹൻലാൽ. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന സിനിമയിലൂടെ സിനിമ കരിയർ തുടങ്ങിയ അദ്ദേഹം ഇന്ന് ഇന്ത്യയിലെ മികച്ച നടന്മാരിൽ ഒരാളാണ്.
ഈ വർഷവും മികച്ച സിനിമകളാണ് മോഹൻലാലിന്റേതായി ഒരുങ്ങുന്നത്. വിവിധ ഭാഷകളിൽ മികച്ച അഭിനേതാക്കളോടൊപ്പം സ്ക്രീൻ ഷെയർ ചെയ്തിട്ടുള്ള മോഹൻലാൽ ഒപ്പം അഭിനയിച്ചവരിൽ ആരെങ്കിലും പ്രചോദനമായിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയാണ്.
ഒപ്പം അഭിനയിക്കുന്നവർ നന്നാവുമ്പോഴാണ് നമ്മൾ കൂടുതൽ നന്നാവുന്നതെന്നും നെടുമുടി വേണു, ബഹദൂർ തുടങ്ങിയവരെല്ലാം അതിന് ഉദാഹരണമെന്നും മോഹൻലാൽ പറയുന്നു. ശങ്കരാടിയെ പോലെ മറ്റൊരാളെ സങ്കല്പിക്കാൻ പറ്റില്ലെന്നും നടി സുകുമാരിയെല്ലാം സിനിമയ്ക്ക് വേണ്ടി മാത്രം ജീവിച്ചയാളാണെന്നും മോഹൻലാൽ പറയുന്നു. നടൻ ഭാരത് ഗോപി തന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ടെന്നും ഷോട്ടാവുമ്പോൾ അദ്ദേഹം ആളാകെ മാറുമെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.
‘തീർച്ചയായും, ഒപ്പം അഭിനയിക്കുന്നവർ നന്നാവുമ്പോഴാണ് നമ്മൾ കൂടുതൽ നന്നാവുന്നത്, വേണുച്ചേട്ടൻ, ബഹദൂർക്ക അവരൊക്കെ മികച്ച നടൻമാരാണ്. അക്കാര്യത്തിൽ മലയാള സിനിമ വളരെ സമ്പന്നമാണ്. ശങ്കരാടി സാറിനെ പോലെ മറ്റൊരാളെ സങ്കൽപ്പിക്കാനാവുമോ? അദ്ദേഹത്തിൻ്റ അനായാസത, അവർക്കൊപ്പമൊക്കെ അഭിനയിക്കുക എന്നതു തന്നെ ഏറെ രസകരമാണ്.
അഞ്ഞുറും അറുന്നൂറും സിനിമകളിൽ അഭിനയിച്ച് തെളിഞ്ഞ ആളുകൾ. അവർക്ക് അഭിനയമല്ലാതെ മറ്റൊന്നും അറിയുമായിരുന്നില്ല. സുകുമാരി ചേച്ചിയൊക്കെ സിനിമയ്ക്ക് വേണ്ടി മാത്രം ജീവിച്ച ആളാണ്. ഗോപിച്ചേട്ടൻ (ഭരത് ഗോപി) എന്നെ അത്ഭുതപ്പെടുത്തിയ നടനാണ്. നമ്മൾ ഇങ്ങനെ രസകരമായി നാട്ടുവർത്തമാനമൊക്കെ പറഞ്ഞിരിക്കുകയായിരിക്കും.
സ്റ്റാർട്ട്, ക്യാമറാ, ആക്ഷൻ എന്ന് പറയുമ്പോൾ ആളാകെ മാറും. അവരെങ്ങനെയാണ് അഭിനയിക്കുന്നത് എന്നു ചോദിച്ചാൽ പറഞ്ഞു കൊടുക്കാനാവില്ല. നാട്യശാസ്ത്രം പോലെ അഭിനയത്തെ കുറിച്ച് പറഞ്ഞു കൊടുക്കുന്ന പുസ്‌തകങ്ങളുണ്ട്. അതൊന്നും സിനിമയെ കുറിച്ചല്ല. നാടകത്തിലെ അഭിനയം എന്ന സങ്കൽപ്പത്തിലാണ്. സിനിമ തികച്ചും വ്യത്യസ്‌തമാണ്. ഒരുപാട് ഗാഡ്‌ജറ്റുകളും മറ്റും ഉപയോഗിച്ചാണ് ഷൂട്ട് ചെയ്യുന്നത്,’മോഹൻലാൽ പറയുന്നു.
സത്യൻ അന്തിക്കാട് ചിത്രം ഹൃദയപൂർവത്തിലാണ് നിലവിൽ മോഹൻലാൽ അഭിനയിച്ച് കൊണ്ടിരിക്കുന്നത്. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന സിനിമയിലൂടെ വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയോടൊപ്പവും മോഹൻലാൽ അഭിനയിക്കുന്നുണ്ട്. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാൻ എന്ന സിനിമയാണ് ഉടനെ റിലീസാവാനുള്ള മോഹൻലാൽ സിനിമ. തരുൺ മൂർത്തിയുമായി ആദ്യമായി ഒന്നിച്ച തുടരും എന്ന സിനിമയും ഈ വർഷത്തെ മോഹൻലാൽ റിലീസാണ്.
Content Highlight: Mohanlal About Bharath Gopi And His Co Actors