പുരസ്‌കാര വേദിയില്‍ സലാഹിനെ കാണാന്‍ കഴിഞ്ഞില്ല, പൊട്ടിക്കരഞ്ഞ കുഞ്ഞ് ആരാധകനായി വിമാനയാത്ര നീട്ടിവെച്ച് മുഹമ്മദ് സലാഹ്
Football
പുരസ്‌കാര വേദിയില്‍ സലാഹിനെ കാണാന്‍ കഴിഞ്ഞില്ല, പൊട്ടിക്കരഞ്ഞ കുഞ്ഞ് ആരാധകനായി വിമാനയാത്ര നീട്ടിവെച്ച് മുഹമ്മദ് സലാഹ്
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 14th January 2019, 5:11 pm

ദുബായ്: കുഞ്ഞ് ആരാധകന്റെ ആഗ്രഹം സാധിക്കാന്‍ വിമാനയാത്ര നീട്ടിവെച്ച് ലിവര്‍പൂളിന്റെ ഈജിപ്ഷ്യന്‍ ഇതിഹാസം മുഹമ്മദ് സലാഹ്. പ്രിയ താരത്തെ നേരിട്ടു കാണാനെത്തിയതായിരുന്നു എട്ടുവയസ്സുകാരനായ ഈജിപ്ഷ്യന്‍ ബാലന്‍ മുഹമ്മദ് അംജദ് അസ്സംരി. അസ്സംരിയുടെ വലിയ ആഗ്രഹമായിരുന്നു സലായെ നേരിട്ടുകാണണമെന്നത്.

2018ലെ മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ക്രിയേറ്റീവ് സ്‌പോര്‍ട്‌സ് പുരസ്‌കാരം സ്വീകരിക്കാനാണ് സലാഹ് ദുബായിലെത്തിയത്. നിരവധി ആരാധകരാണ് സലായെ കാണാന്‍ ദുബായിലെത്തിയത്. കൂട്ടത്തില്‍ അസ്സംരിയുമുണ്ടായിരുന്നു. എന്നാല്‍ പുരസ്‌കാരം സ്വീകരിച്ചയുടന്‍ സലാഹ് വേദി വിട്ടു.

ഇതോടെ എട്ടുവയസ്സുകാരന് സങ്കടമായി. അസ്സംരിയുടെ കരച്ചില്‍ കണ്ട ദുബായ് പൊലീസ് മേധാവി മേജര്‍ അബ്ദുല്ല അല്‍ മര്‍റി വിവരം തിരക്കുകയും സലായെ വിവരം അറിയിക്കുകയും ചെയ്തു.

വിവരമറിഞ്ഞ സലാഹ് വിമാന യാത്ര വൈകിപ്പിക്കുകയും അസ്സംരിയെ നേരിട്ടുകാണാന്‍ സന്നദ്ധത അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് ദുബായ് പൊലീസ് അസ്സംരിയേയും കൊണ്ട് വിമാനത്താവളത്തിലെത്തുകയും സലായെ നേരിട്ട് കാണാനും സംസാരിക്കാനും അവസരം നല്‍കുകയും ചെയ്തു.