ഖത്തർ ലോകകപ്പിലെ ഗ്രൂപ്പ് സി മത്സരത്തിൽ ടീം അർജന്റീന സൗദി അറേബ്യയോട് 1-2ന് തോൽവി വഴങ്ങുകയായിരുന്നു. പത്താം മിനിട്ടിൽ ലഭിച്ച പെനാൽട്ടി ഗോളാക്കി മെസി അർജന്റീനയുടെ ലീഡുയർത്തിയെങ്കിലും, 48ാം മിനിട്ടിൽ സാലിഹ് അൽഷെഹ്‌രി സൗദി അറേബ്യ സമനില പിടിച്ചു.
അഞ്ച് മിനിട്ടിനുള്ളിൽ തന്നെ സേലം അൽദവ്‌സാരി തകർപ്പൻ ഗോളിലൂടെ സൗദിയെ മുന്നിലെത്തിച്ചു. ചരിത്രത്തിലാദ്യമായാണ് അർജന്റീന സൗദി അറേബ്യയോട് തോൽവി ഏറ്റുവാങ്ങുന്നത്. മത്സരത്തിൽ തിളങ്ങിയത് സൗദി അറേബ്യയുടെ സൂപ്പർ ഗോളി മുഹമ്മദ് അൽ ഒവൈസ് ആയിരുന്നു.
Saudi Arabia’s Mohammed Al Owais is the Player of the Match. He made FIVE saves against Argentina 🧱🏆 pic.twitter.com/m1f5CuvXcb
63ാം മിനിട്ടിൽ അർജന്റീനയുടെ പ്രതീക്ഷകൾ വാനോളമുയർത്തി, ഗോളെന്നുറപ്പിച്ച മാർട്ടിനെസിന്റെ ഷോട്ട് അസാധ്യമായൊരു ഡൈവിലൂടെയാണ് ഒവൈസ് തട്ടിയകറ്റിയത്. 68ാം മിനിട്ടിൽ കോർണർ തട്ടിത്തെറിപ്പിച്ച് ഒവൈസ് വീണ്ടും അർജന്റീനയുടെ മുന്നേറ്റങ്ങളുടെ അന്തകനായി. നിർണായക സേവുകളുമായി കളിയിലെ താരമായ ഒവൈസിന്റെ രണ്ടാം ലോകകപ്പാണിത്.
റഷ്യൻ ലോകകപ്പിലും ഒവൈസ് കളിച്ചിരുന്നു. 10 വർഷം മുമ്പ് സൗദി ക്ലബ് അൽ ഷബാബിന് വേണ്ടിയാണ് ഒവൈസ് കളിച്ചു തുടങ്ങിയത്. കിങ് കപ്പും സൗദി സൂപ്പർ കപ്പും നേടിയ ടീമിൽ അംഗമായിരുന്നു അദ്ദേഹം.