Sports News
പന്തിനെ വിലക്കിയത് അന്യായമാണ്: മുഹമ്മദ് ഷമി; കാരണക്കാരന്‍ സഞ്ജുവെന്ന് വിമര്‍ശകര്‍!
സ്പോര്‍ട്സ് ഡെസ്‌ക്
2024 May 14, 06:18 am
Tuesday, 14th May 2024, 11:48 am

ഐ.പി.എല്ലില്‍ ഇന്ന് ദല്‍ഹിയും ലഖ്‌നൗവും അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ ഏറ്റുമുട്ടാനിരിക്കുകയാണ്. കഴിഞ്ഞ മത്സരത്തില്‍ ദല്‍ഹി ബെംഗളൂരുവിനോട് പരാജയപ്പെട്ടിരുന്നു.

രാജസ്ഥാനെതിരെയുള്ള മത്സരത്തില്‍ കുറഞ്ഞ ഓവര്‍ റേറ്റിന്റെ കുരുക്കില്‍പെട്ട ദല്‍ഹി ക്യാപ്റ്റന്‍ പന്തിനെ ബി.സി.സി.ഐ സസ്പന്റ് ചെയ്തിരുന്നു. മൂന്ന് തവണ പന്ത് കുറഞ്ഞ ഓവര്‍ റേറ്റിന്റെ പിടിയില്‍ പെട്ടതിനാലാണ് നിയമമനുസരിച്ച് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുമായുള്ള മത്സരത്തില്‍ നിന്ന് പുറത്ത് നില്‍ക്കേണ്ടി വന്നത്.

എന്നാല്‍ നിര്‍ണായകഘട്ടത്തില്‍ പന്തിനെ പുറത്ത് നിര്‍ത്തിയ മാച്ച് റഫറിയുടെ തീരുമാനത്തെ വിമര്‍ശിച്ച് രംഗത്ത് വന്നിരിക്കുകയാണ് ഇന്ത്യന്‍ പേസ് ബൗളര്‍ മുഹമ്മദ് ഷമി.

‘എന്റെ അഭിപ്രായത്തില്‍, ക്യാപ്റ്റനെ സസ്‌പെന്‍ഡ് ചെയ്തതോടെ ടീമിന് നിര്‍ണായകഘട്ടത്തില്‍ ഗുരുതരമായ തിരിച്ചടി ലഭിച്ചു. അവര്‍ മത്സരത്തില്‍ നിന്ന് പിന്നോട്ട് പോയി, അവരുടെ സ്ലോ ഓവര്‍ റേറ്റിനുള്ള ശിക്ഷ ക്യാപ്റ്റന്റെ ഒരു കളി നഷ്ടപ്പെടുത്തിയത് ഞെട്ടിക്കുന്നതാണ്,’ ഷമി പറഞ്ഞു.

‘ഇത് ടൂര്‍ണമെന്റിന്റെ നിര്‍ണായക ഘട്ടമായതിനാല്‍, മാച്ച് റഫറി ദല്‍ഹിക്ക് കടുത്ത ഷോക്ക് നല്‍കി. നിയന്ത്രണങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍, എന്റെ അഭിപ്രായത്തില്‍, ഇത് അന്യായമായിരുന്നു,’ ഷമി കൂട്ടിച്ചേര്‍ത്തു.

വിലക്കിനെതിരെ പന്ത് അപ്പീല്‍ നല്‍കിയെങ്കിലും അത് നിരസിക്കപ്പെടുകയായിരുന്നു. ഇതേതുടര്‍ന്ന് പന്ത് ഡ്രസിങ് റൂമില്‍ വലിയ ദേഷ്യത്തിലായിരുന്നെന്ന് ദല്‍ഹി താരം അക്‌സര്‍ പട്ടേലും അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ഒരു വിഭാഗം വിമര്‍ശകര്‍ പറയുന്നത് പന്ത് പുറത്താകാന്‍ കാരണം സഞ്ജുവാണെന്നാണ്.

രാജസ്ഥാനെതിരെയുള്ള മത്സരത്തില്‍ ബൗണ്ടറി ലൈനില്‍നിന്നുള്ള സഞ്ജുവിന്റെ ക്യാച് അപ്പീല്‍ ആണ് വിമര്‍ശകര്‍ ചര്‍ച്ച ചെയ്യുന്നത്. സഞ്ജു അനാവിശ്യമായി അപ്പീല്‍ നല്‍കി സമയം പാഴാക്കിയതാണ് പന്ത് കുറഞ്ഞ ഓവര്‍ റേറ്റിന്റെ കുരുക്കില്‍ പെട്ടതെന്നാണ് അവരുടെ അവകാശവാദം.

 

Content Highlight: Mohammad Shami Talking About Rishabh Pant