ടി-20യിൽ ഇതാദ്യം, ചരിത്രനേട്ടം; തോൽവിയിലും തലയുയർത്തി അഫ്ഗാൻ താരം
Cricket
ടി-20യിൽ ഇതാദ്യം, ചരിത്രനേട്ടം; തോൽവിയിലും തലയുയർത്തി അഫ്ഗാൻ താരം
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 18th January 2024, 8:15 am

ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ മൂന്ന് ടി-20 മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയിലെ അവസാന മത്സരത്തില്‍ ഇന്ത്യക്ക് ആവേശകരമായ വിജയം. രണ്ടു സൂപ്പര്‍ ഓവര്‍ കണ്ട മത്സരത്തില്‍ പത്ത് റണ്‍സിനായിരുന്നു രോഹിത്തും സംഘവും ജയിച്ചു കയറിയത്. ജയത്തോടെ പരമ്പര 3-0ത്തിന് സ്വന്തമാക്കാനും ഇന്ത്യക്ക് സാധിച്ചു.

മത്സരം തോറ്റെങ്കിലും ഒരു ഒരു തകര്‍പ്പന്‍ നേട്ടമാണ് അഫ്ഗാന്‍ താരം മുഹമ്മദ് നബി സ്വന്തമാക്കിയത്. 16 പന്തില്‍ 34 നേടി കൊണ്ടായിരുന്നു നബിയുടെ തകര്‍പ്പന്‍ ബാറ്റിങ് രണ്ട് ഫോറുകളും മൂന്ന് സിക്‌സറുകളും ഉള്‍പ്പെടുന്നതായിരുന്നു നബിയുടെ ബാറ്റിങ്.

ഈ മികച്ച പ്രകടനത്തിന് പിന്നാലെ ഒരു റെക്കോഡ് നേട്ടവും അഫ്ഗാന്‍ താരം സ്വന്തം പേരില്‍ കുറിച്ചു. ടി-20 ക്രിക്കറ്റില്‍ അഫ്ഗാനിസ്ഥാനായി 100 സിക്‌സറുകള്‍ നേടുന്ന ആദ്യ താരമെന്ന നേട്ടമാണ് നബി സ്വന്തമാക്കിയത്. 107 ഇന്നിങ്ങ്‌സുകളില്‍ നിന്നുമാണ് നബി 101 സിക്സറുകള്‍ പറത്തിയത്.

ടി-20യില്‍ അഫ്ഗാനിസ്ഥാനായി ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടിയ താരം, സിക്സറുകള്‍ എന്നീ ക്രമത്തില്‍

മുഹമ്മദ് നബി-101

നജീബുഉള്ള സദ്രാന്‍-95

റഹ്‌മാനുള്ള ഗുര്‍ബാസ്-77

മുഹമ്മദ് ഷെഹ്‌സാദ്-76

അസ്ഗര്‍ അഫ്ഗാന്‍-69

ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സാണ് നേടിയത്. ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ നായകന്‍ രോഹിത് ശര്‍മ 69 പന്തില്‍ 121 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി. ഇന്ത്യന്‍ നായകന് പുറമേ റിങ്കു സിങ് 39 പന്തില്‍ 69 റണ്‍സും നേടി മികച്ച പ്രകടനം നടത്തി.

എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്ഥാനും 212 നേടി മത്സരം സമനിലയാവുകയായിരുന്നു. അഫ്ഗാന്‍ ബാറ്റിങ്ങില്‍ ഗുല്‍ബാദിന്‍ നായിബ് 55 റണ്‍സും റഹ്‌മാനുള്ള ഗുര്‍ബാസ്, ഇബ്രാഹിം സദ്രാന്‍ എന്നിവര്‍ 50 റണ്‍സും നേടി മികച്ച പ്രകടനം കാഴ്ചവെച്ചപ്പോള്‍ അഫ്ഗാന്‍ മത്സരം സമനിലയില്‍ പിടിക്കുകയായിരുന്നു.

അവസാനം സൂപ്പര്‍ ഓവര്‍ വിധി എഴുതിയ മത്സരത്തില്‍ ഇന്ത്യ പത്ത് റണ്‍സിന്റെ വിജയം സ്വന്തമാക്കുകയായിരുന്നു.

Content Highlight: Mohammad Nabi create a new record in Afghanistan cricket.