അദ്വാനി തുടങ്ങിവെച്ച രഥയാത്രക്ക് അന്ത്യം കുറിച്ചത് ഇന്ത്യാ മുന്നണി: രാഹുൽ ​ഗാന്ധി
national news
അദ്വാനി തുടങ്ങിവെച്ച രഥയാത്രക്ക് അന്ത്യം കുറിച്ചത് ഇന്ത്യാ മുന്നണി: രാഹുൽ ​ഗാന്ധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 6th July 2024, 4:01 pm

ഗാന്ധിനഗര്‍: അഹമ്മദാബാദില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും ബി.ജെ.പിക്കെതിരെയും ആഞ്ഞടിച്ച് ലോക്‌സഭയിലെ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ ഗാന്ധി. അയോധ്യ ഉള്‍പ്പടെയുള്ള മണ്ഡലത്തില്‍ നിന്ന് തോല്‍വി ഭയന്നാണ് മോദി മത്സരിക്കാതെ പിന്‍മാറിയതെന്ന് രാഹുല്‍ പറഞ്ഞു.

അഹമ്മദാബാദില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. അയോധ്യയില്‍ ലാല്‍ കൃഷ്ണ അദ്വാനി ആരംഭിച്ച രാമക്ഷേത്ര സമരത്തെ ഇന്ത്യാ സഖ്യം പരാജയപ്പെടുത്തിയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. അയോധ്യയിലെ വികസനങ്ങളുടെ പേരില്‍ ഭൂമി നഷ്ടപ്പെട്ട പാവപ്പെട്ടവരെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ കേന്ദ്ര സര്‍ക്കാര്‍ വിളിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘വിമാനത്താവളം പണിതപ്പോള്‍ അയോധ്യയിലെ കര്‍ഷകര്‍ക്ക് അവരുടെ ഭൂമി നഷ്ടപ്പെട്ടു. രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിന് അയോധ്യയിലെ പാവപ്പെട്ട ജനങ്ങളെ വിളിച്ചില്ല. പകരം അംബാനിയും അദാനിയും ഉള്‍പ്പടെയുള്ള സമ്പന്നര്‍ക്കായിരുന്നു ക്ഷണം ലഭിച്ചത്,’ രാഹുല്‍ ഗാന്ധി പറഞ്ഞു.

അയോധ്യ ഉള്‍പ്പടെയുള്ള മണ്ഡലങ്ങളില്‍ നിന്ന് മത്സരിക്കാന്‍ മോദി നേരത്തെ ഉദ്ദേശിച്ചിരുന്നു. എന്നാല്‍ ഈ മണ്ഡലങ്ങളില്‍ ബി.ജെ.പിക്ക് തോല്‍വി ഉണ്ടാകുമെന്ന സര്‍വേ റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ മോദി ഭയന്ന് പിന്‍മാറുകയായിരുന്നു. ദൈവവുമായി തനിക്ക് നേരിട്ട് ബന്ധമുണ്ടെന്നാണ് മോദി അവകാശപ്പെടുന്നത്. പിന്നെ എന്തുകൊണ്ടാണ് അയോധ്യ ഉള്‍പ്പടെയുള്ള മണ്ഡലങ്ങളില്‍ ബി.ജെ.പിക്ക് തോല്‍ക്കേണ്ടി വന്നതെന്നും അദ്ദേഹം ചോദിച്ചു.

നേരത്തെ ലോക്‌സഭയില്‍ ഹിന്ദുക്കള്‍ക്കെതിരെ പ്രസംഗിച്ചെന്ന് ആരോപിച്ച് അഹമ്മദാബാദിലെ കോണ്‍ഗ്രസിന്റെ ഓഫീസ് ബി.ജെ.പി അടിച്ച് തകര്‍ത്തിരുന്നു. ഇതില്‍ അറസ്റ്റ് ചെയ്യപ്പെട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും രാഹുല്‍ ഗാന്ധി സന്ദര്‍ശിക്കും.

ഗുജറാത്തിലെ കോണ്‍ഗ്രസിന്റെ ഓഫീസുകളെല്ലാം ബി.ജെ.പി അടിച്ച് തകര്‍ക്കുകയാണെന്ന് സംഭവം പരാമര്‍ശിച്ചുകൊണ്ട് രാഹുല്‍ ഗാന്ധി പറഞ്ഞു. ഗുജറാത്തില്‍ ബി.ജെ.പിയെ പരാജയപ്പെടുത്തി അടുത്ത തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്‌കോട്ട് ഗെയിമിങ് സെന്റര്‍ ദുരന്തത്തില്‍ മരിച്ച ആളുകളുടെ ബന്ധുക്കളെയും രാഹുല്‍ ഗാന്ധി സന്ദര്‍ശിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. അതോടൊപ്പം മോര്‍ബി പാലം തകര്‍ച്ചയില്‍ മരിച്ച ആളുകളുടെ ബന്ധുക്കളെയും അദ്ദേഹം സന്ദര്‍ശിക്കും.

Content Highlight: Modi withdrew from Ayodhya fearing defeat; Rahul Gandhi