'നിങ്ങളെ ജീവനോടെ കത്തിച്ചേനേ,പക്ഷേ ഇതൊരു ജനാധിപത്യ രാജ്യമായിപ്പോയി'; മോദിക്ക് മറുപടിയുമായി മുന്‍ ബി.ജെ.പി നേതാവ് യശ്വന്ത് സിന്‍ഹ
Demonetisation
'നിങ്ങളെ ജീവനോടെ കത്തിച്ചേനേ,പക്ഷേ ഇതൊരു ജനാധിപത്യ രാജ്യമായിപ്പോയി'; മോദിക്ക് മറുപടിയുമായി മുന്‍ ബി.ജെ.പി നേതാവ് യശ്വന്ത് സിന്‍ഹ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 4th September 2018, 3:24 pm

ന്യൂദല്‍ഹി: നോട്ട് നിരോധനം പരാജയമായിരുന്നെന്ന് തെളിഞ്ഞാല്‍ ജനങ്ങള്‍ക്ക് തന്നെ ജീവനോട് കത്തിക്കാമെന്ന് പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്കുകള്‍ക്കെതിരെ രൂക്ഷ പരാമര്‍ശവുമായി മുന്‍ ബി.ജെ.പി നേതാവും മുന്‍ധനമന്ത്രിയുമായിരുന്ന യശ്വന്ത് സിന്‍ഹ.

“ഇന്ത്യ ഇപ്പോഴും ഒരു ജനാധിപത്യ രാഷ്ട്രമായതുകൊണ്ടും ഇവിടെ ജനങ്ങള്‍ ശിക്ഷ വിധിക്കുന്ന രീതിയില്ലാത്തതുകൊണ്ടും മാത്രമാണ് നിങ്ങള്‍ രക്ഷപ്പെട്ടതെന്നായിരുന്നു സിന്‍ഹയുടെ പ്രതികരണം.

നിയമത്തിലും നീതിന്യായ വ്യവസ്ഥിതിയിലും വിശ്വസിക്കുന്നവരാണ് ഇവിടുത്തെ ആളുകള്‍. നിര്‍ഭാഗ്യവശാല്‍ നിങ്ങള്‍ പറഞ്ഞതുപോലെ ഒരു ആള്‍ക്കൂട്ട വിചാരണയ്ക്ക് നിങ്ങളെ വിധേയനാക്കാനോ ജീവനോടെ കത്തിക്കാനോ ജനങ്ങള്‍ക്കാവില്ല. അങ്ങനെയൊരു നിയമം ഇവിടെയില്ല. അവര്‍ അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നിങ്ങള്‍ക്കുള്ള ശിക്ഷ  വിധിച്ചിരിക്കും”- യശ്വന്ത് സിന്‍ഹ പറഞ്ഞു.


ലിനിയുടെ കഥ സിനിമയാകുന്നത് ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്: ‘വൈറസ്’ സിനിമയെക്കുറിച്ച് ലിനിയുടെ ഭര്‍ത്താവ് സജീഷ് സംസാരിക്കുന്നു


അഴിമതിയും കള്ളപ്പണവും തീവ്രവാദവും തുടച്ചുനീക്കാന്‍ വേണ്ടിയാണ് നോട്ട് നിരോധനമെന്നായിരുന്നു 2016 നവംബര്‍ എട്ടിന് നരേന്ദ്രമോദി തന്റെ പ്രസംഗത്തില്‍ പറഞ്ഞിരുന്നത്.

നികുതി വ്യവസ്ഥയെ കുറിച്ചോ സമ്പദ് വ്യവസ്ഥയെ അത് എങ്ങനെ ബാധിക്കുമെന്നോ അദ്ദേഹം പറഞ്ഞിരുന്നില്ല. അഴിമതിയെന്നും കള്ളപ്പണമെന്നും തീവ്രവാദമെന്നും പറഞ്ഞ് ജനങ്ങളെ വിഡ്ഡികളാക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ എല്ലാ ജനങ്ങളും കൃത്യമായി നികുതി കൃത്യമായി നല്‍കാന്‍ കൂടി വേണ്ടിയാണ് ഇതെല്ലാമെന്നാണ് ഇപ്പോള്‍ ധനമന്ത്രി തന്നെ പറയുന്നത്. ഇതിനേക്കാള്‍ പരിഹാസ്യമായി മറ്റെന്തെങ്കിലും ഉണ്ടോ? 2000 ത്തിന്റെ പുതിയ നോട്ടുകളുടെ അവസ്ഥ എന്താണ്? അവ കാണാനേ ഇല്ലല്ലോ? ഇതെല്ലാം ആരാണ് കടത്തിക്കൊണ്ടുപോകുന്നത്?

നോട്ട് നിരോധനത്തിലൂടെ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്കുണ്ടായിരിക്കുന്ന നഷ്ടം ഇനിയും കണക്കാക്കപ്പെട്ടിട്ടില്ലെന്നും യശ്വന്ത് സിന്‍ഹ പറഞ്ഞു.

500 ന്റെയും 1000 ത്തിന്റെയും അസാധുവാക്കിയ നോട്ടുകളില്‍ 99.30 ശതമാനം നോട്ടുകളും തിരിച്ച് ബാങ്കുകളില്‍ എത്തിയതായിയാന്നാണ് റിസര്‍വ് ബാങ്കിന്റെ വാര്‍ഷിക റിപ്പോര്‍ട്ട്. 15.31 ലക്ഷം കോടി രൂപയുടെ നോട്ടുകള്‍ ബാങ്കുകളില്‍ തിരിച്ചെത്തിയെന്നാണ് റിസര്‍വ് ബാങ്ക് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതോടെ നോട്ട് അസാധുവാക്കലിലൂടെ കള്ളപ്പണം ഇല്ലാതാക്കാനായെന്ന കേന്ദ്ര സര്‍ക്കാരിന്റെ വാദം പൊളിഞ്ഞിരുന്നു.

2016 നവംബര്‍ 8 ന് രാത്രി 8 മണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി 500 ന്റെയും 1000ത്തിന്റെയും നോട്ടുകള്‍ അസാധുവാക്കുമ്പോള്‍ വിനിമയ രംഗത്തുണ്ടായിരുന്നത് 15.41 ലക്ഷം കോടി രൂപയുടെ നോട്ടുകളായിരുന്നു. കള്ളപ്പണക്കാര്‍ക്ക് ഇരുട്ടടി നല്‍കുന്നതാണ് ഈ നീക്കമെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണം.

അസാധുവായ നോട്ടുകള്‍ ബാങ്കുകളില്‍ എത്തിക്കാന്‍ കള്ളപ്പണക്കാര്‍ തയ്യാറാകില്ലെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ കരുതിയിരുന്നത്. എന്നാല്‍ 15.31 ലക്ഷം കോടി രൂപയുടെ നോട്ടുകളും തിരിച്ചെത്തിയെന്നാണ് റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിരിക്കുന്നത്. അതായത് 99.30 ശതമാനം നോട്ടുകളും തിരിച്ചെത്തിയിരിക്കുന്നു. റിസര്‍വ് ബാങ്ക് പുറത്തുവിട്ട 2017 -18 സാമ്പത്തിക വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.