'തള്ളി തള്ളി നിങ്ങള്‍ ഒരുപാട് മുന്നോട്ടു പോയിരിക്കുന്നു'; മോദിയുടെ ഡിജിറ്റല്‍ ക്യാമറയ്ക്കും ഇ-മെയിലിനും ട്രോള്‍മഴ
ന്യൂദല്‍ഹി: ട്വിറ്ററിനു പുറമേ ഫേസ്ബുക്കിലും പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിടാതെ ട്രോളര്‍മാര്‍. 1988-ലേ ഡിജിറ്റല്‍ ക്യാമറയും ഇ-മെയിലും ഉപയോഗിച്ചെന്ന മോദിയുടെ അവകാശവാദത്തെയാണ് സാമൂഹികമാധ്യമങ്ങള്‍ പൊളിക്കുന്നത്. വി.ടി ബല്‍റാം എം.എല്‍.എ മുതല്‍ ചില ഫെയ്‌സ്ബുക്ക് പേജുകള്‍ വരെ ഇതാഘോഷിക്കുകയാണിപ്പോള്‍.
മോഹന്‍ലാല്‍ നായകനായി 1988-ല്‍ പുറത്തിറങ്ങിയ ചിത്രം എന്ന സിനിമയിലെ ഒരു രംഗം പോസ്റ്റ് ചെയ്തുകൊണ്ടായിരുന്നു ബല്‍റാമിന്റെ പോസ്റ്റ്. സിനിമയില്‍ ഫോട്ടോഗ്രാഫറായ ലാല്‍ ഒരുഘട്ടത്തില്‍ കൈകൊണ്ട് ക്യാമറയുടെ ആംഗ്യം കാണിക്കുന്നതിന്റെ ചിത്രമാണു ബല്‍റാം പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘ശരിയാണ്, ചിത്രം സിനിമ ഇറങ്ങിയത് 1988-ലാണ്. മോഹന്‍ലാല്‍ ഈ ഉപയോഗിക്കുന്നതാണ് ഡിജിറ്റല്‍ ക്യാമറ’ എന്നായിരുന്നു അടിക്കുറിപ്പ്.
‘മോദിജി തള്ളി തള്ളി നിങ്ങള്‍ ഒരുപാട് മുന്നോട്ടു പോയിരിക്കുന്നു’ എന്നായിരുന്നു മറ്റൊരു ട്രോള്‍.
1987-88 കാലഘട്ടത്തോടെ തന്നെ താന്‍ ഡിജിറ്റല്‍ ക്യാമറ ഉപയോഗിച്ചിട്ടുണ്ടെന്നായിരുന്നു മോദിയുടെ അവകാശവാദം. ന്യൂസ് നാഷനു നല്‍കിയ അഭിമുഖത്തിലായിരുന്നു ഇത്. അഹമ്മദാബാദിനു സമീപമുള്ള വിരംഗം ടെഹ്‌സിലില്‍ വെച്ചു മുതിര്‍ന്ന നേതാവ് എല്‍.കെ അദ്വാനിയുടെ ഫോട്ടോ ഈ ക്യാമറ ഉപയോഗിച്ചു താന്‍ പകര്‍ത്തിയെന്നും മോദി അവകാശപ്പെട്ടിരുന്നു. ഇത് ഇ-മെയില്‍ വഴി ദല്‍ഹിയിലേക്ക് അയച്ചെന്നും മോദി പറഞ്ഞു. ‘അക്കാലത്തു വളരെക്കുറച്ചുപേര്‍ മാത്രമാണ് ഇ-മെയില്‍ ഉപയോഗിച്ചിരുന്നത്’ എന്നു പറഞ്ഞുകൊണ്ടായിരുന്നു മോദിയുടെ അവകാശവാദം. പിറ്റേന്ന് ദല്‍ഹിയില്‍ തന്റെ കളര്‍ഫോട്ടോ പ്രിന്റ് ചെയ്തുകണ്ട അദ്വാനി അത്ഭുതപ്പെട്ടെന്നും മോദി പറഞ്ഞിരുന്നു.
1995-ലായിരുന്നു ഇ-മെയില്‍ ഔദ്യോഗികമായി പരിചയപ്പെടുത്തുന്നത് എന്ന യാഥാര്‍ഥ്യം നിലനില്‍ക്കെയാണ് പ്രധാനമന്ത്രിയായ ഒരു വ്യക്തി പരസ്യമായി ഇത്തരം അവകാശവാദങ്ങള്‍ ഉന്നയിക്കുന്നത് എന്നതാണ് സാമൂഹികമാധ്യമങ്ങളില്‍ ചൂണ്ടിക്കാണിക്കുന്നത്.
മോദി ഇതിലും വലിയ തള്ളുകള്‍ നടത്തുമെന്ന സൂചന നല്‍കിയാണു ചില ട്രോളര്‍മാര്‍ രംഗത്തെത്തിയിരിക്കുന്നത്. ‘നീല്‍ ആംസ്‌ട്രോങ് ആദ്യമായി ചന്ദ്രനില്‍ എത്തിയപ്പോള്‍ കണ്ട കാഴ്ച’ എന്നു പറഞ്ഞുകൊണ്ട് ചന്ദ്രനില്‍ നീല്‍ ആംസ്‌ട്രോങ് കാലുകുത്തിയപ്പോള്‍ അവിടെ ചായക്കട നടത്തുന്ന മോദി നില്‍ക്കുന്നതു വരെ ട്രോളര്‍മാര്‍ സങ്കല്പിച്ചുകഴിഞ്ഞു.
ടൈറ്റാനിക് സിനിമയെക്കുറിച്ചും ട്രോള്‍ ഇറങ്ങിയിട്ടുണ്ട്. ‘ഒരു ഓട്ടയില്‍ക്കൂടി കപ്പലിലേക്ക് വെള്ളം കയറുന്നു’ എന്നു പറയുന്നയാളോട് കപ്പലിന്റെ ക്യാപ്റ്റനായ ‘മോദി’ പറയുന്നത് ‘അതിനടുത്ത് വേറെയൊരു ഓട്ടയുണ്ടാക്കി ആ വെള്ളം പുറത്ത് കളയെടോ മണ്ടന്മാരെ’ എന്നാണ്.
വില്ലന്മാരായി തുടങ്ങി ഹാസ്യനടന്മാരായ രണ്ടുപേര്‍ എന്നു പറഞ്ഞ് ഒരു ട്രോളന്‍ നല്‍കിയിരിക്കുന്ന ചിത്രങ്ങള്‍ നടന്‍ ജനാര്‍ദനന്റെയും മോദിയുടെയുമാണ്.
ഫേസ്ബുക്ക് സി.ഇ.ഒ മാര്‍ക്ക് സക്കര്‍ബര്‍ഗിനും കിട്ടി ഒരു ട്രോള്‍. ‘സക്കര്‍ബര്‍ഗ് ഫേസ്ബുക്ക് കണ്ടുപിടിച്ച് ആദ്യമായി ലോഗിന്‍ ചെയ്തപ്പോള്‍, മോദിജിയുടെ ഫ്രണ്ട് റിക്വസ്റ്റ് വന്നു കിടപ്പുണ്ടായിരുന്നു’ എന്നായിരുന്നു അത്.
1777-ലാണ് ഓക്‌സിജന്‍ കണ്ടുപിടിച്ചത്. അതിനുമുന്‍പ് നിങ്ങളാരും ശ്വസിച്ചില്ലേ എന്നായിരുന്നു മോദിയെ പരിഹാസരൂപേണ ന്യായീകരിച്ചുകൊണ്ടുള്ള ഒരു ട്രോള്‍.
എഡിസണ്‍ താന്‍ കണ്ടുപിടിച്ച ബള്‍ബ് കാമുകിയെ കാണിക്കാനായി പോയപ്പോള്‍, അവിടെയുണ്ടായിരുന്ന മോദി എഡിസന്റെ കാമുകിയോട് പറയുന്നതിങ്ങനെ- ‘മഹാഭാരതകാലത്തെ അമ്പുകള്‍ ഉണ്ടാക്കിയ അതേ ലോഹമാണു ഞാന്‍ ഇതിന്റെ ഫിലമെന്റായി ഉപയോഗിച്ചത്’. ഓടരുതമ്മാവാ ആളറിയാം എന്ന ചിത്രത്തിന്റെ രംഗങ്ങള്‍ കോര്‍ത്തിണക്കിയായിരുന്നു ഈ ട്രോള്‍.