ന്യൂദല്‍ഹി: പാകിസ്താനിലെ ഇന്റലിജന്‍സ് ഏജന്‍സി ഐ.എസ്.ഐയുമായി പ്രധാനമന്ത്രി മോദിയും ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായും “വിശാല സഖ്യ”ത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്ന് കോണ്‍ഗ്രസ്. രാജ്യത്തിന്റെ സുരക്ഷയും ദേശീയ താല്‍പര്യങ്ങളും ബലികഴിക്കുകയാണ് പ്രധാനമന്ത്രിയെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.
പത്താന്‍കോട്ട് നാവികാസ്ഥാനത്തിലേക്ക് ഐ.എസ്.ഐയെ “ക്ഷണിച്ചു വരുത്തിയ” പ്രധാനമന്ത്രിയും ബി.ജെ.പി പ്രസിഡന്റും മാപ്പു പറയണമെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല ആവശ്യപ്പെട്ടു. സൈനികരുടെ ധീരതയെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കായി വിനിയോഗിക്കരുതെന്നും അദ്ദേഹം പറയുന്നു.
“മോദി-ഷാ ഇരുവര്‍ സംഘം പാകിസ്താന്റെ ഐ.എസ്.ഐയുമായിച്ചേര്‍ന്ന് “വിശാല സഖ്യം” രൂപീകരിച്ചിരിക്കുകയാണ്. ഇന്ത്യന്‍ പ്രധാനമന്ത്രിമാരുടെ കൂട്ടത്തില്‍ മോദിയെയാണ് ഐ.എസ്.ഐക്ക് താല്‍പര്യമെന്ന അസ്സാദ് ദുറാനിയുടെ പ്രസ്താവനയില്‍ത്തന്നെ അതിനുള്ള തെളിവുണ്ട്.” സുര്‍ജേവാല പറയുന്നു.
പത്താന്‍കോട്ട് ആക്രമണത്തിനു കാരണക്കാരായ ഐ.എസ്.ഐയെ തന്നെ വിഷയത്തില്‍ അന്വേഷണം നടത്താന്‍ ക്ഷണിച്ചത് ഈ സഖ്യത്തിനു തെളിവാണ്. എന്തടിസ്ഥാനത്തിലാണ് ഐ.എസ്.ഐ തന്നെ ഈ വിഷയമന്വേഷിച്ചതെന്ന് പ്രധാനമന്ത്രി രാജ്യത്തോട് തുറന്നു പറയണം. – കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
2014 മേയ് മുതല്‍ അതിര്‍ത്തിയില്‍ മൂവായിരത്തോളം വെടിനിര്‍ത്തല്‍ ലംഘനങ്ങളാണ് ഉണ്ടായതെന്നും, അഞ്ഞൂറു ശതമാനം വര്‍ദ്ധനവാണുണ്ടായതെന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നുണ്ട്. അതിര്‍ത്തി സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ടതിന്റെ കാരണത്തെക്കുറിച്ച് പത്തു ചോദ്യങ്ങളും അദ്ദേഹം പ്രധാനമന്ത്രിക്കു മുന്നില്‍ വയ്ക്കുന്നുണ്ട്.