കോഴിക്കോട്: തന്നെ നിറത്തിന്റെ പേരില്‍ അധിക്ഷേപിച്ച മുസ്‌ലിം ലീഗ് എം.എല്‍.എ പി.കെ. ബഷീറിന്റെ പരാമര്‍ശത്തിന് പിന്നാലെ പ്രതികരണവുമായി എം.എം. മണി. ‘ഇന്ന് സീതി ഹാജി ദിനം ആയിരുന്നോ?,’
എന്നാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ എം.എം. മണി പ്രതികരിച്ചത്.
പി.കെ. ബഷീറിന്റെ പരാമര്‍ശം വിവരക്കേടാണെന്ന് മറ്റൊരു വീഡിയോയിലൂടെ എം.എം. മണി പറഞ്ഞു.
‘അയാള്‍ മുസ്‌ലിം ലീഗല്ലേ? ലീഗിന്റെ വിവരക്കേട് അയാള്‍ക്കുണ്ട്. ഒരിക്കല്‍ നിയമസഭയില്‍ താനുമായി ഏറ്റുമുട്ടിയതാണ്.അന്ന് ഞാന്‍ പറഞ്ഞ് ഇരുത്തിയതാണ്. അതിന് ശേഷം ഇപ്പോഴാണ്. അയാള്‍ പറഞ്ഞ വിവരക്കേടിന് ഇപ്പോള്‍ മറുപടിയില്ല. സമൂഹമാധ്യമങ്ങളില്‍ ഇഷ്ടം പോലെ തെറി കേട്ടുകൊണ്ടിരിക്കുകയാണ്. അത് അങ്ങനെ നടക്കട്ടെ,’ എന്നാണ് മണി പറഞ്ഞത്.
ഏറനാട് നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള സമാജികനാണ് പി.കെ. ബഷീര്‍. മുസ്‌ലിം ലീഗിന്റെ മുതിര്‍ന്ന നേതാവായിരുന്ന അന്തരിച്ച പി. സീതി ഹാജിയുടെ മകനാണ് ബഷീര്‍.
മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ വയനാട് പര്യടന കണ്‍വെന്‍ഷന്‍ വേദിയിലായിരുന്നു പി.കെ. ബഷീറിന്റെ വിവാദ പരാമര്‍ശം.
എം.എം മണിയുടെ ‘കണ്ണും മോറും’ കറുപ്പല്ലേ എന്ന് പറഞ്ഞ പി.കെ. ബഷീര്‍, കറുപ്പ് കണ്ടാല്‍ ഭയക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ എം.എം. മണിയെ കണ്ടാല്‍ എന്താകും സ്ഥിതിയെന്നുമാണ് അധിക്ഷേപിച്ചത്.
‘കറുപ്പ് കണ്ടാല്‍ ഇയാള്‍ക്ക്(മുഖ്യമന്ത്രി) പേടി, പര്‍ദ കണ്ടാല്‍ ഇയാള്‍ക്ക് പേടി. എനിക്കുള്ള പേടി എന്താണെന്നുവെച്ചാല്‍, സി.പി.ഐ.എം സംസ്ഥാന കമ്മിറ്റിയിലേക്ക് എം.എം. മണി ചെന്നാല്‍ എന്താകും എന്ന് വിചാരിച്ചാണ്. കാരണം അയാളുടെ കണ്ണും മോറും കറുപ്പല്ലെ,’ എന്നായിരുന്നു പി.കെ. ബഷീര്‍ എം.എല്‍.എ പറഞ്ഞത്.