അല്‍പ്പേഷ് താക്കൂറും സാലയും പിന്നില്‍; ഗുജറാത്തില്‍ ബി.ജെ.പിയും കോണ്‍ഗ്രസും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം
national news
അല്‍പ്പേഷ് താക്കൂറും സാലയും പിന്നില്‍; ഗുജറാത്തില്‍ ബി.ജെ.പിയും കോണ്‍ഗ്രസും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 24th October 2019, 2:30 pm

ഗുജറാത്തില്‍ നിയമസഭ ഉപതെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസും ബി.ജെ.പിയും തമ്മില്‍ നടക്കുന്നത് ഇഞ്ചോടിഞ്ച് പോരാട്ടമാണ്. ആറ് സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. മൂന്നു സീറ്റുകളില്‍ കോണ്‍ഗ്രസും മൂന്നു സീറ്റുകളില്‍ ബി.ജെ.പിയും മുന്നിട്ടു നില്‍ക്കുന്നു.

രാധാന്‍പൂര്‍ മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി അല്‍പ്പേഷ് താക്കൂര്‍ 5500 വോട്ടുകള്‍ക്ക് പിന്നിലാണ്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാണ് ഇവിടെ മുമ്പില്‍.കോണ്‍ഗ്രസ് എം.എല്‍.എയായിരുന്ന അല്‍പ്പേഷ് താക്കൂര്‍ സ്ഥാനം രാജിവെച്ച് ബി.ജെ.പിയില്‍ ചേര്‍ന്നതിനെ തുടര്‍ന്നാണ് ഇവിടെ തെരഞ്ഞെടുപ്പ് വേണ്ടി വന്നത്.

അല്‍പ്പേഷ് താക്കൂറിനൊപ്പം എം.എല്‍.എ സ്ഥാനം രാജിവെച്ച് ബിജെ.പിയില്‍ ചേര്‍ന്ന ദവാല്‍സിന്‍ഹ് സാല ബായാട് സീറ്റിലും പിന്നിലാണ്. 5800 വോട്ടുകള്‍ക്കാണ് സാല പിന്നിലായിരിക്കുന്നത്. ഇവിടെയും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാണ് മുന്നില്‍.

മറ്റ് നാല് സീറ്റുകളില്‍ ഉപതെരഞ്ഞെടുപ്പ് നടക്കാനുള്ള കാരണം ഇവിടത്തെ എം.എല്‍.എമാര്‍ ലോക്‌സഭയിലേക്ക് മത്സരിച്ച് എം.പിയായതിനാലാണ്. ബി.ജെ.പിയുടെ സിറ്റിംഗ് സീറ്റുകളായ ഈ സീറ്റുകളില്‍ മൂന്നില്‍ ബി.ജെ.പിയാണ് മുമ്പില്‍. ഒരു സീറ്റില്‍ കോണ്‍ഗ്രസാണ് മുമ്പില്‍.