Entertainment
ചെറുപ്പം മുതല്‍ ആരാധന തോന്നിയ നടന്‍, ഇന്നും അദ്ദേഹത്തിന്റെയടുത്ത് നിന്ന് ഒരു കോളോ മെസ്സേജോ വന്നാല്‍ ഞാന്‍ എക്‌സൈറ്റഡാകും: മിഥുന്‍ രമേശ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Feb 24, 12:56 pm
Monday, 24th February 2025, 6:26 pm

ഫാസില്‍ സംവിധാനം ചെയ്ത ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ എന്ന ചിത്രത്തിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്ന നടനാണ് മിഥുന്‍ രമേശ്. പിന്നീട് നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ അവതരിപ്പിച്ച് മിഥുന്‍ ശ്രദ്ധേയനായി. നടന്‍ എന്നതിലുപരി റേഡിയോ ജോക്കി, ചാനല്‍ അവതാരകന്‍ എന്നീ നിലകളിലും മിഥുന്‍ പ്രേക്ഷകര്‍ക്ക് പരിചിതനാണ്.

ആദ്യ ചിത്രത്തിന്റെ ഓഡിഷന്‍ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് മിഥുന്‍ രമേശ്. സിനിമാസികകളില്‍ വന്ന പരസ്യം കണ്ടിട്ടാണ് ലൈഫ് ഈസ് ബ്യൂട്ടിഫുളിന്റെ ഓഡിഷനിലേക്ക് ഫോട്ടോ അയച്ചതെന്ന് മിഥുന്‍ പറഞ്ഞു. ഡിഗ്രി ഫസ്റ്റ് ഇയറിന് പഠിക്കുമ്പോഴായിരുന്നു അതെന്നും സ്‌കൂള്‍ വിദ്യാര്‍ത്ഥിയുടെ വേഷത്തിലേക്കായിരുന്നു ഓഡിഷനെന്നും മിഥുന്‍ കൂട്ടിച്ചേര്‍ത്തു.

തന്റെ ശരീരപ്രകൃതം അതിന് ചേരുമോ എന്ന് സംശയമായിരുന്നെന്നും എന്നാല്‍ കോസ്റ്റിയൂമിട്ടപ്പോള്‍ അത് ശരിയായെന്നും മിഥുന്‍ പറഞ്ഞു. ചെറുപ്പം മുതല്‍ താന്‍ ആരാധനയോടെ മാത്രം നോക്കിക്കണ്ട മോഹന്‍ലാലിന്റെ സിനിമയിലൂടെ അരങ്ങേറാന്‍ സാധിച്ചത് വലിയ ഭാഗ്യമായിരുന്നെന്നും മിഥുന്‍ കൂട്ടിച്ചേര്‍ത്തു.

ചിത്രത്തില്‍ ഡയലോഗുള്ള രണ്ട് വിദ്യാര്‍ത്ഥികളില്‍ ഒരാളായി തെരഞ്ഞെടുക്കപ്പെടുമെന്ന് വിചാരിച്ചിരുന്നില്ലെന്നും മിഥുന്‍ രമേശ് പറഞ്ഞു. മോഹന്‍ലാലിനോട് തനിക്ക് ചെറുപ്പം മുതലേ ആരാധനയാണെന്നും മിഥുന്‍ പറയുന്നു. കുട്ടിക്കാലം മുതല്‍ മോഹന്‍ലാലിന്റെ സിനിമകള്‍ കണ്ട് അദ്ദേഹത്തോട് പ്രത്യേക ഇഷ്ടം തോന്നിയെന്നും ചെറുപ്പത്തില്‍ ഒരു പരിപാടിക്കിടെ അദ്ദേഹത്തെ കാണാന്‍ സാധിച്ചെന്നും മിഥുന്‍ കൂട്ടിച്ചേര്‍ത്തു.

അന്ന് മോഹന്‍ലാല്‍ തനിക്ക് ഷേക്ക് ഹാന്‍ഡ് തന്നെന്നും ആ സമയത്ത് എന്തെന്നില്ലാത്ത ഫീലായിരുന്നെന്നും മിഥുന്‍ പറഞ്ഞു. ഇന്നും മോഹന്‍ലാലിന്റെ കോളോ മെസ്സേജോ വന്നാല്‍ താന്‍ എക്‌സൈറ്റഡാകുമെന്നും മിഥുന്‍ കൂട്ടിച്ചേര്‍ത്തു. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിനോട് സംസാരിക്കുകയായിരുന്നു മിഥുന്‍ രമേശ്.

‘സിനിമാ മഗസിനിലൊക്കെ വന്ന ഓഡഷന്‍ കോള്‍ കണ്ടിട്ടാണ് ലൈഫ് ഈസ് ബ്യൂട്ടിഫുളിലേക്ക് ഫോട്ടോയൊക്കെ അയച്ചത്. ഡിഗ്രി ഫസ്റ്റ് ഇയറിന് പഠിക്കുമ്പോഴായിരുന്നു അത്. സ്‌കൂള്‍ സ്റ്റുഡന്റിന്റെ വേഷമായിരുന്നു. ലാലേട്ടനുമായി ഡയലോഗുള്ള രണ്ട് സ്റ്റുഡന്റ്‌സില്‍ ഒരാളായി എന്നെ സെലക്ട് ചെയ്തു. പക്ഷേ, അന്നത്തെ എന്റെ ശരീര പ്രകൃതം വെച്ച് സെലക്ഷന്‍ കിട്ടുമോ എന്ന് സംശയമുണ്ടായിരുന്നു.

കോസ്റ്റിയൂം ഇട്ട് ഫാസില്‍ സാറിന്റെ മുന്നിലെത്തിയപ്പോള്‍ പുള്ളിക്ക് ഓക്കെയായി. ചെറുപ്പം മുതല്‍ ആരാധനയോടെ കണ്ടിരുന്ന നടന്റെ സിനിമയിലൂടെ അരങ്ങേറ്റം എന്ന് പറഞ്ഞാല്‍ ചെറിയ കാര്യമല്ലല്ലോ. ഞാന്‍ പണ്ടുമുതലേ ലാലേട്ടന്റെ കടുത്ത ആരാധകനാണ്. ചെറുപ്പത്തില്‍ അദ്ദേഹത്തെ ഒരു പരിപാടിക്കിടെ നേരിട്ട് കണ്ടിട്ടുണ്ട്. അന്ന് അദ്ദേഹം എനിക്ക് ഷേക്ക് ഹാന്‍ഡ് തന്നിട്ടുണ്ടായിരുന്നു. ആ സമയത്തെ ഫീല്‍ പറഞ്ഞറിയിക്കാന്‍ പറ്റില്ല. ഇന്നും ലാലേട്ടന്റെ കോളോ മെസ്സേജോ വന്നാല്‍ ഞാന്‍ എക്‌സൈറ്റഡാവും,’ മിഥുന്‍ രമേശ് പറയുന്നു.

Content Highlight: Mithun Ramesh saying he is a hardcore fan of Mohanlal from childhood