national news
മോദിയെ വിമര്‍ശിച്ചതിന് ബി.ജെ.പി പുറത്താക്കിയ ന്യൂനപക്ഷ മോര്‍ച്ച നേതാവ് അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Apr 27, 01:33 pm
Saturday, 27th April 2024, 7:03 pm

ജയ്പൂര്‍: രാജസ്ഥാനില്‍ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് ബി.ജെ.പി പുറത്താക്കിയ ന്യൂനപക്ഷ മോര്‍ച്ച നേതാവ് അറസ്റ്റില്‍. സമാധാന ഭംഗമുണ്ടാക്കിയെന്ന് ആരോപിച്ചാണ് അറസ്റ്റ്.

പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ വിദ്വേഷ പ്രസംഗത്തില്‍ അതൃപ്തി പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ബന്‍സ്വാഡയിലെ ബി.ജെ.പി ന്യൂനപക്ഷ മോര്‍ച്ച ജില്ലാ പ്രസിഡന്റ് ആയിരുന്ന ഉസ്മാന്‍ ഗനിയെ പാര്‍ട്ടി കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു. പാര്‍ട്ടിയുടെ പ്രതിച്ഛായക്ക് മോശം വരുത്തുന്ന രീതിയില്‍ പ്രവര്‍ത്തിച്ചുവെന്ന് ആരോപിച്ചായിരുന്നു ഗനിക്കെതിരെയുള്ള നടപടി.

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാജ്യത്തിന്റെ സ്വത്ത് മുസ്‌ലിങ്ങള്‍ക്ക് വീതിച്ച് നല്‍കുമെന്ന പ്രധാനമന്ത്രിയുടെ പരാമര്‍ശത്തിലാണ് ബി.ജെ.പി നേതാവ് അതൃപ്തി അറിയിച്ചത്.

ഇതിനുപുറമെ രാജസ്ഥാനിലെ 25 ലോക്‌സഭാ സീറ്റുകളില്‍ മൂന്ന്, നാല് സീറ്റുകള്‍ ബി.ജെ.പിക്ക് നഷ്ടപ്പെടുമെന്നും ദല്‍ഹിയില്‍ ഒരു വാര്‍ത്താ ചാനലിനോട് സംസാരിക്കവെ ഉസ്മാന്‍ ഗനി പറഞ്ഞിരുന്നു. ഇതിനുപിന്നാലെ ബി.ജെ.പി നേതൃത്വം ഉസ്മാന്‍ ഗനിയെ പുറത്താക്കുകയായിരുന്നു.

രാജ്യത്തിന്റെ സമ്പത്തിന്റെ ആദ്യ അവകാശികള്‍ മുസ്‌ലിങ്ങളാണെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പറഞ്ഞിരുന്നു എന്നും അതിനര്‍ത്ഥം രാജ്യത്തിന്റെ സ്വത്ത് നുഴഞ്ഞുകയറ്റക്കാര്‍ക്കും കൂടുതല്‍ കുട്ടികളുള്ളവര്‍ക്കും നല്‍കുമെന്നുമായിരുന്നു മോദിയുടെ പ്രസ്താവന.

എന്നാല്‍ രാജ്യത്തിന്റെ സമ്പത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട അവകാശികള്‍ ന്യൂനപക്ഷങ്ങള്‍ ആണെന്ന് 10 വര്‍ഷം മുമ്പ് മന്‍മോഹന്‍ സിങ് നടത്തിയ ഒരു പ്രസംഗത്തെ തെറ്റിദ്ധരിപ്പിക്കും വിധത്തില്‍ അവതരിപ്പിച്ച് കൊണ്ടാണ് മോദി ഈ പ്രസംഗം നടത്തിയത്.

Content Highlight: Minority Morcha leader expelled by BJP arrested for criticizing Modi