ന്യൂദല്‍ഹി: ദല്‍ഹിയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച പെണ്‍കുട്ടിയുടെ മൃതദേഹം പുരോഹിതനും സംഘവും മാതാപിതാക്കളുടെ സമ്മതമില്ലാതെ സംസിക്കരിച്ചു. കുട്ടിയുടെ മൃതദേഹം സംസ്‌കരിച്ചത് തങ്ങളുടെ സമ്മതമില്ലാതെയാണെന്ന് മാതാപിതാക്കള്‍ പറഞ്ഞു.
ഗ്രാമത്തിലെ ശ്മശാനത്തിന് മുന്നില്‍ ഒരു വാടക വീട്ടിലാണ് പെണ്‍കുട്ടി മാതാപിതാക്കള്‍ക്കൊപ്പം താമസിച്ചിരുന്നത്.
ഞായറാഴ്ച വൈകുന്നേരം 5:30 ഓടെ, അമ്മയെ അറിയിച്ച ശേഷം ശ്മശാനത്തിലെ വാട്ടര്‍ കൂളറില്‍ നിന്ന് തണുത്ത വെള്ളം എടുക്കാന്‍ കുട്ടി പോയിരുന്നു.
വൈകുന്നേരം 6 മണിയോടെ, ശ്മശാനത്തിലെ പുരോഹിതനായ രാധേ ശ്യാമും പെണ്‍കുട്ടിയുടെ അമ്മയ്ക്ക് അറിയാവുന്ന മറ്റ് രണ്ട്-മൂന്ന് ആളുകളും അവരെ വിളിച്ച് പെണ്‍കുട്ടിയുടെ മൃതദേഹം കാണിക്കുകയായിരുന്നു. കൂളറില്‍ നിന്ന് വെള്ളം എടുക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റെന്നാണ് ഇവര്‍ പറഞ്ഞത്.
കുട്ടിയുടെ ഇടതു കൈത്തണ്ടയ്ക്കും കൈമുട്ടിനും ഇടയില്‍ പൊള്ളലേറ്റ പാടുകള്‍ ഉണ്ടായിരുന്നെന്നും ചുണ്ടുകള്‍ നീല നിറമായിരുന്നെന്നും പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
പൊലീസ് കേസ് എടുക്കുമെന്നും പോസ്റ്റ്‌മോര്‍ട്ടത്തില്‍ ഡോക്ടര്‍മാര്‍ പെണ്‍കുട്ടിയുടെ അവയവങ്ങള്‍ മോഷ്ടിക്കുമെന്നും പറഞ്ഞ്
പുരോഹിതനും മറ്റുള്ളവരും പൊലീസിനെ വിളിക്കുന്നതില്‍ നിന്നും കുട്ടിയുടെ അമ്മയെ പിന്തിരിപ്പിച്ചെന്നും പൊലീസ് പറഞ്ഞു.
കുട്ടിയുടെ അമ്മയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ ഇന്‍ഗിത് പ്രതാപ് സിംഗ് പറഞ്ഞു.
പുരോഹിതനെ കസ്റ്റഡിയിലെടുക്കുകയും സംഭവസ്ഥലത്ത് നിന്ന് തെളിവുകള്‍ ശേഖരിക്കാന്‍ ഒരു എഫ്.എസ്,എല്‍ സംഘത്തെയും ക്രൈം സംഘത്തെയും ചുമതലപ്പെടുത്തിയെന്നും പൊലീസ് പറഞ്ഞു.