പ്രവീണ്‍ രക്തസാക്ഷി; അധിക്ഷേപങ്ങളില്‍ മനസ് ചത്ത് ജീവിതം അസാനിപ്പിച്ചവര്‍ വേറെയും ഒരുപാട് പേരുണ്ട്: ആര്‍.ബിന്ദു
Kerala News
പ്രവീണ്‍ രക്തസാക്ഷി; അധിക്ഷേപങ്ങളില്‍ മനസ് ചത്ത് ജീവിതം അസാനിപ്പിച്ചവര്‍ വേറെയും ഒരുപാട് പേരുണ്ട്: ആര്‍.ബിന്ദു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 5th May 2023, 1:18 pm

തിരുവനന്തപുരം: ട്രാന്‍സ്മാന്‍ പ്രവീണ്‍നാഥിന്റെ അന്ത്യ ചടങ്ങുകള്‍ക്ക് വേണ്ടിയുള്ള എല്ലാ ക്രമീകരണങ്ങളും സാമൂഹ്യ നീതി വകുപ്പിന്റെ മുന്‍കയ്യില്‍ ചെയ്തിട്ടുണ്ടെന്ന് മന്ത്രി ആര്‍.ബിന്ദു. വെള്ളിഴാഴ്ച ഉച്ചക്ക് 12 മുതല്‍ ഒരു മണി വരെ തൃശൂര്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പൊതുദര്‍ശനത്തിന് അവസരമുണ്ടാക്കിയിട്ടുണ്ടെന്നും, മൂന്ന് മണിക്ക് പാലക്കാട് നെന്മാറയിലെ വീട്ടില്‍ സംസ്‌കാര ചടങ്ങുകള്‍ നടക്കുമെന്നും മന്ത്രി പ്രസ്താവനയിലൂടെ അറിയിച്ചു.

പ്രവീണിന്റെ മരണത്തിലേക്ക് നയിച്ച സംഭവത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളോടും മന്ത്രി പ്രതികരിച്ചു.

‘സമൂഹ മാധ്യമങ്ങളിലൂടെയുള്ള സൈബര്‍ ആക്രമണങ്ങളും മാനഹത്യാ വാര്‍ത്തകളുമാണ് ട്രാന്‍സ്മാന്‍ പ്രവീണ്‍നാഥിന്റെ ജീവനൊടുക്കലില്‍ എത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. അതേപ്പറ്റി ചിലത് ഈയവസരത്തില്‍ പറയാതെ വയ്യ.

ജീവിതപങ്കാളിയുമായുള്ള പിണക്കത്തിന്റെ ഒരു വൈകാരികവേളയില്‍ സാമൂഹ്യമാധ്യമങ്ങളിലിട്ട് വളരെപ്പെട്ടെന്നു തന്നെ പ്രവീണ്‍ പിന്‍വലിച്ച ഒരു പോസ്റ്റ് അനുചിതമായ ചര്‍ച്ചയായി പിന്നീട് മാറിയിരുന്നു. ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ ട്രാന്‍സ് സമൂഹത്തെയാകെ നിന്ദിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന നിലയാണ് പിന്നെയാ ചര്‍ച്ച ഉണ്ടാക്കിയത്. ഭിന്നലൈംഗിക വിഭാഗങ്ങളോട് നമ്മുടെ സമൂഹം പുലര്‍ത്തി വരുന്ന അവമതിപ്പാണ് ഇവിടെയും തെളിഞ്ഞു കണ്ടത്.

സമൂഹത്തിലെ അതീവ ദുര്‍ബലരും പൊതുപിന്തുണ അര്‍ഹിക്കുന്ന വരുമായ ഒരു സമൂഹത്തില്‍ നിന്ന് സ്വപ്രയത്‌നം കൊണ്ടും എടുത്തു പറയേണ്ട ഇച്ഛാശക്തി കൊണ്ടും പൊതുസമൂഹത്തില്‍ സ്വന്തം ഇടം നേടിയെടുത്ത ഒരു പ്രതിഭയെയാണ് ഔചിത്യമോ നൈതികതയോ തീണ്ടാത്ത സൈബര്‍ ബുള്ളിയിംഗ് ജീവിതത്തില്‍ നിന്ന് നുള്ളിയിട്ടിരിക്കുന്നത്,’ ആര്‍. ബന്ദു പറഞ്ഞു.

ഒരു തെരുവിലോ പൊതുസ്ഥലത്തോ സമയവും സ്ഥലവും ഒന്നും നോട്ടമില്ലാതെ അപഹസിക്കപ്പെടുകയും കയ്യേറ്റം വരെ നേരിടുകയും ചെയ്യുന്നവരാണ് ഭിന്നലൈംഗിക സമൂഹമെന്നും മത്രി പറഞ്ഞു.

‘ഭിന്നലൈംഗിക സമൂഹത്തിന് താങ്ങാവാന്‍ നിരവധി പദ്ധതികള്‍ നടപ്പാക്കി വരുമ്പോഴും അവ ഇനിയും വര്‍ധിപ്പിക്കേണ്ടതുണ്ടെന്ന നിലക്കാണ് സാമൂഹ്യനീതി വകുപ്പ് മുന്നോട്ടുപോകുന്നത്. കൂടുതല്‍ തൊഴിലവസരങ്ങള്‍ അവര്‍ക്കുണ്ടാക്കാനും ഹെല്‍പ്പ് ലൈന്‍ പോലുള്ള പിന്തുണാ സംവിധാനങ്ങള്‍ കൊണ്ടുവരാനും വകുപ്പ് പരമാവധി ശ്രമങ്ങള്‍ നടത്തുന്നത് ഈ കാഴ്ചപ്പാടിലാണ്.

നോളജ് ഇക്കോണമി മിഷനുമായി ചേര്‍ന്ന് ഇത്തരത്തില്‍ ഇക്കഴിഞ്ഞ ദിവസം സാമൂഹ്യനീതി വകുപ്പ് ഒരുക്കിയ ശില്പശാലയില്‍ മുന്‍ നിരയില്‍ത്തന്നെയിരുന്ന്, പ്രതീക്ഷയോടെയും ആവേശത്തോടെയും പങ്കാളിയായിരുന്ന പ്രവീണ്‍നാഥ് ഇപ്പോഴും കണ്‍മുന്നിലുണ്ട്. ലിംഗമാറ്റ ശസ്ത്രക്രിയയെത്തുടര്‍ന്നുള്ള പ്രയാസങ്ങളെ മറികടക്കാന്‍ സാമൂഹ്യനീതി വകുപ്പ് പൂര്‍ണപിന്തുണ നല്‍കിയതു തൊട്ട് ആ ബന്ധം വ്യക്തിപരമായും വകുപ്പു ചുമതലക്കാരിയെന്ന നിലയ്ക്കു പ്രവീണുമായി നിലനിര്‍ത്തിയിരുന്നു.

മിസ്റ്റര്‍ കേരള പട്ടം നേടിയ ശേഷം കായികരംഗത്ത് കൂടുതല്‍ ഉയര്‍ച്ചയ്ക്ക് പിന്തുണ തേടിയപ്പോഴും അതുറപ്പാക്കാന്‍ വേണ്ടതു ചെയ്തിരുന്നു. മിസ്റ്റര്‍ ഇന്ത്യ മത്സരത്തില്‍ പങ്കെടുക്കാന്‍ പ്രതിമാസം 32000 രൂപ വച്ച് ഏഴു മാസത്തേക്ക് 2,30,000 രൂപ പ്രവീണിന്റെ അഭ്യര്‍ത്ഥന പ്രകാരം നല്‍കിയിരുന്നു.

സര്‍ക്കാരിന്റെ പിന്തുണക്കൊപ്പം, വേദനാകരമായ ജീവിതസന്ദര്‍ഭങ്ങളെ അരികിലേക്കു മാറ്റി കഠിനപ്രയത്‌നം നടത്തിക്കൊണ്ടു കൂടിയാണ് ഭിന്നലൈംഗിക സമൂഹത്തിന് ഇന്നത്തെ നിലയിലെങ്കിലും സമൂഹത്തില്‍ നിവര്‍ന്നു നില്‍ക്കാനാവുന്നതെന്നാണ് ഇവിടെ സൂചിപ്പിക്കുന്നത്. ഈ ശ്രമങ്ങള്‍ക്കു പിന്നിലെ വ്യക്തിപരമായ യാതനകളും കൂട്ടുപ്രവര്‍ത്തനങ്ങളും എത്ര ശ്രമകരമാണെന്ന് ഏവരും മനസ്സിലാക്കേണ്ടതുണ്ട്.

ഇന്ന് സമൂഹത്തില്‍ പരിഗണനയും തുല്യനിലയും നേടിയിട്ടുള്ള ഏതു സാമൂഹ്യവിഭാഗവും ഇത്തരം പീഡാനുഭവങ്ങളെ നേരിട്ടാണ് ഉയര്‍ന്നുവന്നിട്ടുള്ളതെന്ന് ഓരോരുത്തര്‍ക്കും സ്വന്തം ഉള്ളിലേക്കു നോക്കിയാല്‍ മനസ്സിലാകാവുന്നതേയുള്ളൂ.
നമ്മുടെ സമൂഹത്തിന്റെ ദൗര്‍ഭാഗ്യത്തിന്, അവരവര്‍ കടന്നുവന്ന വഴി പോലും കാണാന്‍ കഴിയാത്തവരുടെ എണ്ണം കുറയുകയല്ല, കൂടുകയാണ്. സൈബറിടങ്ങളിലെ വേട്ട മനസ്സുകള്‍ അതിന് തികഞ്ഞ തെളിവാണ്. എന്നാല്‍, ജനാധിപത്യത്തിന്റെ നാലാം തൂണിന്റെ ഭാഗമായ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഈ മനസ്സിലാകല്‍ ഇല്ലാത്തവയാകുന്നത് പൊറുക്കാനാവുന്നതല്ല,’ മന്ത്രി പറഞ്ഞു.

പ്രവീണ്‍നാഥിന്റെത് രക്തസാക്ഷിത്വമാണെന്നും ഇനിയും ഇത്തരമൊരു ദുരന്ത വാര്‍ത്തള്‍ ഉണ്ടാവാതിരിക്കാന്‍ പൊതുസമൂഹത്തിന്റെ ഭാഗത്തുനിന്നുള്ള കരുതല്‍ ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു.

‘പ്രവീണ്‍ നാഥിനുണ്ടായത് ഒറ്റപ്പെട്ട അനുഭവമല്ല. സമാനമായ അധിക്ഷേപങ്ങളില്‍ മനസ്സു ചത്ത് ജീവനവസാനിപ്പിച്ചവര്‍ വേറെയും എത്രയോ പേരുണ്ട്. അറിഞ്ഞായാലും അറിവില്ലായ്മ കൊണ്ടായാലും, സമൂഹത്തില്‍ നിന്നുള്ള പിന്‍വാങ്ങലിലേക്കും മരണത്തിലേക്കു തന്നെയും ഒരു ജനതയെ തള്ളിനീക്കുന്ന അസഹിഷ്ണുത ആധുനിക ജനാധിപത്യത്തിന് ഒട്ടും ചേരില്ല. അതിന് ചൂട്ടുപിടിക്കുന്ന മാധ്യമ സമീപനങ്ങള്‍ തിരുത്തേണ്ട നേരം അതിക്രമിച്ചു.

ജനാധിപത്യത്തിലേക്ക്, അതിന്റെ ഗുണഫലങ്ങളിലേക്ക് പൊതു സമൂഹത്തെ കൈപ്പിടിച്ചു നടത്തി ഉണ്ടാക്കിയതാണ് മാധ്യമങ്ങള്‍ ജനമനസ്സിലെ അവയുടെ സ്ഥാനം. കടന്നുവന്ന സ്വന്തം വഴി മാധ്യമങ്ങള്‍ മറക്കുന്നത് ‘ജീര്‍ണ്ണലിസ’മാണെന്നും ഇന്നല്ലെങ്കില്‍ നാളെ ഇതവരുടെ ശവക്കുഴി വെട്ടുമെന്നും ജനാധിപത്യവാദികള്‍ക്കാകെ വേണ്ടി ഓര്‍മിപ്പിക്കട്ടെ.

പ്രവീണ്‍നാഥിന്റെത് രക്തസാക്ഷിത്വമാണ്. ഇങ്ങനെയാരു കമ്യൂണിറ്റി നമുക്കൊപ്പം നമ്മില്‍ പെട്ടവരായി ജീവിക്കുന്നുണ്ടെന്ന് മനസ്സിലാക്കാനും അംഗീകരിക്കാനും തയ്യാറാത്തവരുടെയും ആ അറിവുകേടിന് കൂട്ടുനില്‍ക്കുന്ന ജീര്‍ണ്ണ മാധ്യമപ്രവര്‍ത്തനത്തിന്റെയുംരക്തസാക്ഷിയാണവന്‍. ഇനിയും ഇത്തരമൊരു ദുരന്ത വാര്‍ത്തയ്ക്ക് അരങ്ങൊരുക്കാന്‍ പൊതുഇടങ്ങള്‍ ചോരക്കൊതിപൂണ്ടു നില്‍ക്കരുത്. ധാര്‍മ്മികമായ കരുത്തോടെ മലയാളിസമൂഹം അതിനുള്ള ജാഗ്രത കാണിക്കണമെന്നും പ്രവീണിന് അന്ത്യയാത്ര അര്‍പ്പിച്ച് അഭ്യര്‍ത്ഥിക്കട്ടെ,’ മന്ത്രി കൂട്ടിച്ചേര്‍ത്തു.

Content Highlight:  Minister R. Bindu said that all the arrangements for the last rites of Transman Praveennath have been made in the hands of the Department of Social Justice