ലുവാണ്ട: അംഗോളയില്‍ നിന്ന് ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലേക്ക് കുടിയേറ്റ തൊഴിലാളികളെ നാടുകടത്തുന്നതിനിടയില്‍ സ്ത്രീകളും കുട്ടികളും പീഡനത്തിനിരയാകുന്നുവെന്ന് ഐക്യരാഷ്ട്ര സഭ.
കഴിഞ്ഞ 12 വര്‍ഷത്തിനുള്ളില്‍ നിരവധി പേരെ അംഗോളയില്‍ നിന്ന് നാടുകടത്തിയിട്ടുണ്ടെന്നും അപ്പോഴും ഇത്തരത്തിലുള്ള പീഡനങ്ങള്‍ നടന്നിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ 12000 തൊഴിലാളികള്‍ ഡി.ആര്‍.സി പട്ടണമായ കാമാകോയില്‍ നിന്ന് അതിര്‍ത്തികടന്നിട്ടുണ്ട് യുഎന്‍. മൈഗ്രേഷന്‍ ഏജന്‍സിയായ ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷന് റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം കഴിഞ്ഞ മാസം യുഎന്‍ ഉദ്യോഗസ്ഥര്‍ പ്രദേശം സന്ദര്‍ശിക്കുകയും സ്ഥിതിഗതികള്‍ മനസിലാക്കിയിട്ടുണ്ടെന്നും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
‘സ്ത്രീകളും പെണ്‍കുട്ടികളും എവിടെ നിന്ന് വേണമെങ്കിലും അറസ്റ്റ് ചെയ്യപ്പെടുന്ന സാഹചര്യമാണ്. ആവശ്യമായ രേഖകളോ ഒന്നും ഇല്ലാതെയാണ് അറസ്റ്റ് ചെയ്യുന്നത്. സ്ത്രീകളെ അവരുടെ ഭര്‍ത്താക്കന്മാരില്‍ നിന്നും കുട്ടികളില്‍ നിന്നും വേര്‍പ്പെടുത്തുന്നു. മനുഷ്യത്വ രഹിതമായ കാര്യങ്ങളാണ് സംഭവിക്കുന്നത്,’ പ്രദേശം സന്ദര്‍ശിച്ചതിന് ശേഷം യു.എന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍ ആക്രമണങ്ങള്‍ക്ക് പിന്നില്‍ ആരാണെന്ന് ഇത് വരെ പ്രസിദ്ധീകരിക്കാത്ത റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടില്ലെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു
അതേസമയം കഴിഞ്ഞ കുറച്ച് ആഴ്ചകളായി കുടിയേറ്റ തൊഴിലാളികളെ പുറത്താക്കുന്ന പ്രവണത കൂടുന്നുണ്ടെന്ന് പറഞ്ഞ മൈഗ്രേഷന്‍ അതോറിറ്റി വക്താവ് സിമോ മിലാഗ്രസ് ബലാത്സംഗ ആരോപണങ്ങള്‍ തള്ളിക്കളഞ്ഞു.
‘കുടിയേറ്റക്കാര്‍ക്കെതിരായ അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന ഒരു സ്ഥാപനപരമായ മനോഭാവം ഇല്ലെന്ന് എനിക്ക് ഉറപ്പ് തരാന്‍ സാധിക്കും,’അദ്ദേഹം പറഞ്ഞു.
എന്നാല്‍ ഈ വര്‍ഷം മാത്രം 122 ബലാത്സംഗ കേസുകള്‍ ഉണ്ടായിട്ടുണ്ടെന്ന് കമാകോയിലെ പ്രാദേശിക ക്ലിനിക്കിലെ ഡോക്ടറായ വിക്ടര്‍ മികോബി പറഞ്ഞു.