Entertainment
സിനിമയില്‍ എന്റെ ഗോഡ്ഫാദര്‍ അജു വര്‍ഗീസ് ആണ്: മിഥുന്‍ മാനുവല്‍ തോമസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Jan 29, 02:15 am
Wednesday, 29th January 2025, 7:45 am

ഓം ശാന്തി ഓശാന എന്ന ചിത്രത്തിലൂടെ തിരക്കഥാകൃത്തായി മലയാള സിനിമയിലേക്ക് കടന്നുവന്ന വ്യക്തിയാണ് മിഥുന്‍ മാനുവല്‍ തോമസ്. ആട് എന്ന സിനിമയിലൂടെ സംവിധായക കുപ്പായമണിഞ്ഞ അദ്ദേഹം ചുരുങ്ങിയ സിനിമകള്‍ കൊണ്ട് തന്നെ വ്യത്യസ്ത ഴോണറിലുള്ള സിനിമകള്‍ പരീക്ഷിച്ചു നോക്കിയിട്ടുണ്ട്. പതിവ് ട്രാക്കില്‍ നിന്ന് മിഥുന്‍ വഴി മാറി സഞ്ചരിച്ചത് അഞ്ചാം പാതിരയിലൂടെയായിരുന്നു. ജയറാമിനെ നായകനാക്കി കഴിഞ്ഞ വര്‍ഷം അദ്ദേഹം ചെയ്ത അബ്രഹാം ഓസ്ലര്‍ എന്ന ചിത്രവും വലിയ വിജയമായിരുന്നു.

സിനിമയിലെ തന്റെ ഗോഡ്ഫാദര്‍ നടന്‍ അജു വര്‍ഗീസ് ആണെന്ന് പറയുകയാണ് മിഥുന്‍ മാനുവല്‍ തോമസ്. തന്റെ സിനിമ ജീവിതത്തില്‍ ആദ്യമായി അഡ്വാന്‍സ് തന്നത് സംവിധായകന്‍ അരുണ്‍ ചന്തു ആണെന്നും അജു വര്‍ഗീസിനെ നായകനാക്കി സിനിമ ചെയ്യാനായിരുന്നു ആ അഡ്വാന്‍സ് തന്നതെന്നും മിഥുന്‍ പറയുന്നു.

അഡ്വാന്‍സ് കിട്ടിയ ആവേശത്തില്‍ താന്‍ തിരക്കഥ എഴുതി പൂര്‍ത്തിയാക്കി അരുണ്‍ ചന്തുവിനെ ഏല്‍പ്പിച്ചെന്നും എന്നാല്‍ പിന്നീട് ആ സിനിമയെ കുറിച്ച് കൂടുതലൊന്നും അറിയാന്‍ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു. കഥ ലോക്ക് ചെയ്യാന്‍ ഉള്ള ബഡ്ജറ്റ് മാത്രമേ ആ സിനിമക്ക് ഉണ്ടായിരുന്നുള്ളുവെന്ന് പിന്നെ കേട്ടെന്നും അദ്ദേഹം തമാശ രൂപത്തില്‍ പറഞ്ഞു. ദി ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയായിരുന്നു മിഥുന്‍ മാനുവല്‍ തോമസ്.

‘സിനിമയില്‍ എനിക്ക് ഗോഡ്ഫാദര്‍ എന്ന് പറയാന്‍ കഴിയുന്നത് അല്ലെങ്കില്‍ സിനിമയിലെ എന്റെ ഗോഡ്ഫാദര്‍ അജു വര്‍ഗീസാണ്. എനിക്ക് ആദ്യമായി അഡ്വാന്‍സ് തന്നത് അരുണ്‍ ചന്തു ആണ്. അജു വര്‍ഗീസിനെ നായകനാക്കി ഒരു സിനിമ ചെയ്യാന്‍.

ഒരു അയ്യായിരം രൂപ അഡ്വാന്‍സ് തന്നത് അദ്ദേഹമാണ്. എന്റെ സിനിമ ജീവിതത്തിലെ ആദ്യത്തെ അഡ്വാന്‍സ് ആയിരുന്നു അത്. അത് കിട്ടിയ പിന്‍ബലത്തില്‍ വളരെ ആവേശത്തോടെ ഞാന്‍ സ്‌ക്രിപ്‌റ്റെല്ലാം എഴുതി ചേര്‍ത്തു. സ്‌ക്രിപ്റ്റ് ഞാന്‍ അരുണ്‍ ചന്തുവിനെ ഏല്‍പ്പിച്ചു.

അജു വര്‍ഗീസാണ് നായകന്‍ എന്നാണ് പറഞ്ഞത്. പിന്നീട് അതിനെ കുറിച്ചൊന്നും ആരും പറഞ്ഞു കേട്ടില്ല. അജു പറഞ്ഞത് കഥ ലോക്ക് ചെയ്യാനുള്ള ബഡ്ജറ്റ് മാത്രമേ ഉള്ളു, സിനിമ എടുക്കാനുള്ളത് ഇല്ല എന്നാണ് (ചിരി),’ മിഥുന്‍ മാനുവല്‍ തോമസ് പറയുന്നു.

Content highlight: Midhun Manuval Thomas say Aju Varghese is  his godfather