സിനിമയിലും പ്രേക്ഷകരിലും വന്ന വലിയ മാറ്റങ്ങളെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകനും തിരക്കഥാകൃത്തുമായ മിഥുൻ മാനുവൽ തോമസ്. ഓരോ വർഷവും ഒരുപാട് സിനിമകൾ ഇറങ്ങുന്നുണ്ടെങ്കിലും അത് എത്രത്തോളം പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്നുണ്ട് എന്നതിനെ കുറിച്ച് നിലവിൽ വലിയ ചർച്ചകൾ നടക്കുന്നുണ്ട്. ഈ വിഷയത്തെക്കുറിച്ച് സംസാരിക്കുകയാണ് മിഥുൻ.
ഈ ഒ.ടി.ടി വിപ്ലവകാലത്ത് നല്ല സിനിമകൾ നൽകി പ്രേക്ഷകരെ പിടിച്ചിരുത്തിയാൽ മാത്രമേ നിലനിൽക്കാൻ കഴിയുകയുള്ളു എന്നാണ് മിഥുൻ പറയുന്നത്.
എല്ലാ ഭാഷയിലെയും സിനിമകൾ കാണുന്ന പ്രേക്ഷകർ അതിനപ്പുറത്തേക്കുള്ള കാര്യങ്ങൾ നമ്മളിൽ നിന്ന് പ്രതീക്ഷിക്കുന്നുണ്ടെന്നും മിഥുൻ മിർച്ചി മലയാളത്തോട് പറഞ്ഞു.
‘നമ്മൾ ഒരു ഓപ്പൺ മാർക്കറ്റിൽ ആണ് നിൽക്കുന്നത്. ലോകത്തുള്ള ഏതു പ്രോഡക്റ്റും ഇന്ത്യ മഹാരാജ്യത്ത് വന്ന് കച്ചവടം നടത്താവുന്നതാണ്. അതുപോലെ തന്നെയാണ് വിദേശ സിനിമകളും. വർഷങ്ങളായി വിദേശ സിനിമകൾ ഇവിടെ വന്ന് മാർക്കറ്റ് ചെയ്യാറുണ്ട്.
നമ്മുടെ അപ്പനപ്പൂപ്പൻമാരുടെ കാലം തൊട്ട് ഇവിടെ വിദേശ സിനിമകൾ കളിക്കാറുണ്ട്. കേരളത്തിൽ തമിഴ് സിനിമയും ഹിന്ദിയുമെല്ലാം കളിക്കാറുണ്ട്. ഇപ്പോൾ അത് മറ്റു ഭാഷ ചിത്രങ്ങളുമായി.
അതിനെല്ലാം പുറമേ ഒ.ടി.ടി വിപ്ലവവും വന്നു. പ്രേക്ഷകർ എന്ന് പറയുന്ന കേരളത്തിലെ ആളുകൾ നല്ല വിവരമുള്ള, എജ്യുക്കേറ്റഡ് ആയിട്ടുള്ള ഒരുപാട് സിനി ഫൈൽസ് ഉള്ള ഒരു സമൂഹമാണ്.
അവരെല്ലാം ഒരുപാട് കൊറിയൻ,ജർമൻ സീരീസുകൾ കാണുന്ന ആളുകളാണ്. പല സിനിമകളെയും സീരിസുകളെയും കുറിച്ചെല്ലാം അവർ ഇടുന്ന പോസ്റ്റിലൂടെയാണ് നമ്മൾ അറിയുന്നത്. പ്രേക്ഷകർ വളരെയേറെ മാറി. ഏത് സിനിമ കാണണം എന്നത് അവരുടെ സൗകര്യമല്ലേ.
അത് നമ്മുടെ സിനിമയ്ക്ക് ദോഷമായി വരുന്നുവെങ്കിൽ നമ്മൾ പ്രേക്ഷകരെക്കാൾ പുറകിലേക്ക് പോയി എന്നല്ലേ അതിനർത്ഥം. അവരുടെ ഇമാജിനേഷനും ധാരണകൾക്കും അപ്പുറം അതിനെ ഇംമ്പ്രസ്സ് ചെയ്യാൻ പറ്റുന്നില്ല എന്നല്ലേ അത് വ്യക്തമാക്കുന്നത്.
ലോകത്ത് എല്ലാ ഭാഷയിലും ഇറങ്ങുന്ന സിനിമകൾ കാണുന്ന പ്രേക്ഷകനെ നമ്മൾ നല്ല സിനിമകളുമായി പോയി ഏറ്റുമുട്ടി അവനെ തൃപ്തനാക്കിയേ പറ്റു. അല്ലാതെ വേറേ വഴിയില്ല,’മിഥുൻ മാനുവൽ പറയുന്നു.
Content Highlight: Midhun Manuel Thomas Talk About Changes Of Cinema Audience