World News
ഇനി 'സ്‌കൈപ്പ്' ഇല്ല; പ്രവര്‍ത്തനം അവസാനിപ്പിക്കാനൊരുങ്ങി മൈക്രോസോഫ്റ്റ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Mar 01, 03:00 am
Saturday, 1st March 2025, 8:30 am

ന്യൂയോര്‍ക്ക്: വീഡിയോ, ഓഡിയോ കോള്‍ പ്ലാറ്റ്‌ഫോമായ മൈക്രോസോഫ്റ്റിന്റെ സ്‌കൈപ്പ് രണ്ട് പതിറ്റാണ്ട് നീണ്ട് നിന്ന പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു. മെയ് അഞ്ച് വരെ മാത്രമായിരിക്കും ഇനി സ്‌കൈപ്പിന്റെ സേവനം ലഭ്യമാവുക.

വര്‍ഷങ്ങള്‍ക്ക് മുമ്പ് വിവിധ ഭൂഖണ്ഡങ്ങളിലുള്ള മനുഷ്യരെ ഇന്റര്‍നെറ്റിന്റെ സഹായത്തോടെ ബന്ധപ്പെടാന്‍ സഹായിച്ച് കമ്മ്യൂണിക്കേഷന്‍ രംഗത്ത് വിപ്ലവം സൃഷ്ടിച്ച പ്ലാറ്റ്‌ഫോമായിരുന്നു സ്‌കൈപ്പ്.

‘ആധുനിക കാലത്തെ ആശയവിനിമയം രൂപപ്പെടുത്തുന്നതിലും എണ്ണമറ്റ അര്‍ത്ഥവത്തായ നിമിഷങ്ങളെ പിന്തുണച്ചതിലും സ്‌കൈപ്പ് ഒരു അവിഭാജ്യ ഘടകമാണ്. ഈ യാത്രയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ട്.

ടീമുകള്‍ കൊണ്ടുവരുന്ന പുതിയ അവസരങ്ങളില്‍ ഞങ്ങള്‍ ആവേശഭരിതരാണ്. പുതിയതും അര്‍ത്ഥവത്തായതുമായ രീതിയില്‍ ബന്ധം നിലനിര്‍ത്താന്‍ നിങ്ങളെ സഹായിക്കുന്നതിന് ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്,’ മൈക്രോസോഫ്റ്റ് 365 ആപ്പിന്റെ പ്രസിഡന്റ് ജെഫ് ടെപ്പര്‍ തന്റെ ബ്ലോഗ് പോസ്റ്റില്‍ എഴുതി.

2003ല്‍ എസ്റ്റോണിയയില്‍ നിന്ന് ആരംഭിച്ച സ്‌കൈപ്പ്, ലോകമെമ്പാടും സൗജന്യ കോളുകള്‍ വിളിക്കാനുള്ള ഒരു മാര്‍ഗമെന്ന രീതിയില്‍ പെട്ടെന്ന് തന്നെ പ്രചാരത്തിലായി. അന്ന് ഫോണുകള്‍ വഴിയുള്ള ഇന്റര്‍നാഷണല്‍ കോളിങ് ചെലവേറിയതായിരുന്നു എന്നതിനാല്‍ സ്‌കൈപ്പിന്റെ വരവ് ഏറെ ശ്രദ്ധിക്കപ്പെടുകയും ജനപ്രീതി കൈവരിക്കുകയും ചെയ്തു.

2005ല്‍ 2.6 ബില്യണ്‍ ഡോളറിന് ഇബേ സ്‌കൈപ്പ് ഏറ്റെടുത്തു. 2011ല്‍ മൈക്രോസോഫ്റ്റ് സ്‌കൈപ്പ് വാങ്ങുന്നതിന് മുമ്പ് 2009ല്‍ സ്‌കൈപ്പിലെ തങ്ങളുടെ 65% ഓഹരികള്‍ 1.9 ബില്യണ്‍ ഡോളറിന് ഇബേ ഒരു നിക്ഷേപക ഗ്രൂപ്പിന് വിറ്റിരുന്നു. 2011ല്‍ ഗൂഗിളിനെയും ഫേസ്ബുക്കിനെയും മറികടന്നാണ് മൈക്രോസോഫ്റ്റ് 8.5 ബില്യണ്‍ ഡോളറിന് സ്‌കൈപ്പ് വാങ്ങിയത്.

അക്കാലത്തെ ഏറ്റവും വലിയ കൈമാറ്റമായിരുന്നു ഇത്. ആ സമയത്ത് സ്‌കൈപ്പിന്‌ ഏകദേശം 150 ദശലക്ഷം പ്രതിമാസ ഉപയോക്താക്കളുണ്ടായിരുന്നു; 2020 ആയപ്പോള്‍ കോവിഡ് സമയത്ത് ആപ്പിന് ഉപയോക്താക്കളുടെ എണ്ണം ഉയര്‍ത്താനായെങ്കിലും ഇത് പിന്നീട് ഏകദേശം 23 ദശലക്ഷമായി കുറഞ്ഞു.

സൂം, ഗൂഗിള്‍ മീറ്റ്, സിസ്‌കോ വെബെക്‌സ് എന്നിവയുള്‍പ്പെടെ മറ്റ് പ്ലാറ്റ്‌ഫോമുകള്‍ രംഗത്ത് വന്നതോടെ സ്‌കൈപ്പിന്റെ ജനപ്രീതി നഷ്ടപ്പെടുകയായിരുന്നു. ആപ്പിളിന്റെ ഫേസ്ടൈം, മെറ്റയുടെ വാട്ട്സ്ആപ്പ് പോലുള്ള ആപ്പുകളില്‍ നിന്ന് കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി സ്‌കൈപ്പ് വലിയ കിടമത്സരം നേരിടുന്നുണ്ട്. കൂടാതെ സമാന സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന മറ്റ് പ്ലാറ്റ്‌ഫോമുകളില്‍ മെക്രോസോഫ്റ്റ് വന്‍തോതില്‍ നിക്ഷേപം നടത്തുന്നുമുണ്ട്.

വര്‍ഷങ്ങളായി, മൈക്രോസോഫ്റ്റ്, സ്‌കൈപ്പിനെ കമ്പനിയുടെ മറ്റ് പ്ലാറ്റ്‌ഫോമുകളുമായി സംയോജിപ്പിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും വിജയിച്ചില്ല. ടെക് രംഗത്തെ
മത്സരവും പ്ലാറ്റ്‌ഫോമിന്റെ മറ്റ് ന്യൂനതകളും കമ്പനിക്ക് തിരിച്ചടിയായി. കൂടാതെ 2017 ല്‍ മൈക്രോസോഫ്റ്റ് കമ്പനിയുടെ മറ്റൊരു പ്ലാറ്റ്‌ഫോമായ ടീംസ് ആരംഭിച്ചപ്പോള്‍ അത് കൂടുതല്‍ ജനപ്രീതി നേടുകയും ചെയ്തു.

Content Highlight: Microsoft is shutting down Skype after two decades