ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള സിഡ്നി ടെസ്റ്റിലും ഇന്ത്യ പരാജയപ്പെട്ടതോടെ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യ ഓസ്ട്രേലിയക്ക് മുമ്പില്‍ തലകുനിക്കുകയായിരുന്നു. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ 3-1നാണ് ഓസീസ് വിജയം സ്വന്തമാക്കിയത്. ഇതോടെ നീണ്ട 10 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഓസ്ട്രേലിയ ബോര്‍ഡര്‍ ഗവാസ്‌കര്‍ പരമ്പരയില്‍ കിരീടം നേടുന്നത്.
ഇരു ടീമിലെ താരങ്ങളും പരമ്പരയില്‍ മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. ഇന്ത്യയ്ക്ക് വേണ്ടി ജസ്പ്രീത് ബുംറയും യശസ്വി ജെയ്സ്വാളും കെ.എല്‍ രാഹുലും ഉള്‍പ്പെടെയുള്ള താരങ്ങള്‍ മികവ് പുലര്‍ത്തിയപ്പോള്‍ ഓസീസിന് വേണ്ടി യുവ ബാറ്റര്‍ സാം കോണ്‍സ്റ്റസ്, ട്രാവിസ് ഹെഡ്, മിച്ചല്‍ സ്റ്റാര്‍ക്ക് തുടങ്ങിയവരും തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചു.
ഇപ്പോള്‍ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ മികച്ച പ്ലെയിങ് ഇലവന്‍ തെരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് താരം മൈക്കല്‍ വോണ്‍.
ഓപ്പണര്‍മാരായി സാമും ജെയ്‌സ്വാളും എത്തിയപ്പോള്‍ രവീന്ദ്ര ജഡേജ മാത്രമാണ് പട്ടികയിലെ ഏക ഓള്‍റൗണ്ടര്‍. അതേസമയം എം.സി.ജിയില്‍ സെഞ്ച്വറി നേടിയ നിതീഷ് കുമാര്‍ റെഡ്ഡിയെ വോണ്‍ തന്റെ ടീമിലേക്ക് പരിഗണിച്ചില്ല.