Sports News
'ഇനി രണ്ട് സീസണ്‍ കൂടെ ധോണി ചെന്നൈക്ക് വേണ്ടി കളിക്കുമെന്നാണ് ഞാന്‍ കരുതുന്നത്': വെളിപ്പെടുത്തലുമായി മുന്‍ ഓസ്‌ട്രേലിയന്‍ താരം
സ്പോര്‍ട്സ് ഡെസ്‌ക്
2024 May 16, 03:27 pm
Thursday, 16th May 2024, 8:57 pm

ഐ.പി.എല്ലിന്റ കഴിഞ്ഞ രണ്ട് സീസണിലെയും ബ്രാന്‍ഡ് താരമായിരുന്നു മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ് ധോണി. കഴിഞ്ഞ സീസണിലും ഈ സീസണിലും ധോണിയുടെ ബാറ്റിങ് കാണാന്‍ വേണ്ടി മാത്രം ചെന്നൈയുടെ മത്സരം നടക്കുന്ന വേദികള്‍ നിറഞ്ഞു കവിഞ്ഞിരുന്നു. ചെന്നൈയുടെ എവേ മാച്ചുകളില്‍ പോലും സ്‌റ്റേഡിയം മഞ്ഞയില്‍ കുളിച്ചു നില്‍ക്കുന്ന കാഴ്ചയാണ് ഈ രണ്ട് സീസണിലും കാണാന്‍ സാധിച്ചത്.

കാലിനേറ്റ പരുക്ക് കാരണം ഏറ്റവുമൊടുവിലാണ് പലപ്പോഴും ധോണി മത്സരത്തിനിറങ്ങുന്നത്. ഒരു ക്യാപ്റ്റനെന്ന നിലയില്‍ നേടാന്‍ കഴിയുന്നതെല്ലാം നേടിയ ധോണിയില്‍ നിന്ന് ആരാധകര്‍ പഴയ വെടിക്കെട്ട് ബാറ്റിങ് മാത്രമാണ് പ്രതീക്ഷിക്കുന്നത്. ഈ സീസണില്‍ 200ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശുന്നത്. വെറും 60 ബോളുകള്‍ മാത്രമാണ് ഈ സീസണില്‍ ധോണി നേരിട്ടത്.

ഇനിയും രണ്ട് സീസണുകള്‍ കൂടി ധോണി മഞ്ഞപ്പടയുടെ ഭാഗമാകുമെന്ന് കരുതുന്നുവെന്ന് മുന്‍ ഓസ്‌ട്രേലിയന്‍ താരവും ചെന്നൈയില്‍ ധോണിയുടെ ടീം മേറ്റുമായിരുന്ന മൈക്ക് ഹസി വെളിപ്പെടുത്തി. ഇ.എസ്.പി.എന്‍ ക്രിക് ഇന്‍ഫോക്ക് നല്‍കിയ അഭിമുഖത്തിലാണ് ഹസി ഇക്കാര്യം പറഞ്ഞത്. ടീമിനൊപ്പം വളരെ നേരത്തെ ജോയിന്‍ ചെയ്യുന്ന ധോണി പവര്‍പുള്‍ ബാറ്റിങ്ങാണ് കാഴ്ചവെക്കുന്നതെന്നും രണ്ട് വര്‍ഷം കൂടി മഞ്ഞ ജേഴ്‌സിയില്‍ അത്ഭുതങ്ങള്‍ കാണിക്കാന്‍ സാധിക്കുമെന്നും ഹസി പറഞ്ഞു.

‘അദ്ദേഹം ഇപ്പോഴും നന്നായി ബാറ്റ് ചെയ്യുന്നുണ്ട്. ടീമിനൊപ്പം വളരെ നേരത്തെ ജോയിന്‍ ചെയ്യുന്ന ധോണി ടീമുമായി മികച്ച ബന്ധമാണ് കാത്തുസൂക്ഷിക്കുന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ ശാരീരിക അവസ്ഥയെക്കുറിച്ചും നമ്മള്‍ ചിന്തിക്കേണ്ടതുണ്ട്. കഴിഞ്ഞ സീസണ് ശേഷം അദ്ദേഹം കാല്‍മുട്ടിന് ശസ്ത്രക്രിയ നടത്തിയിരുന്നു. അതിന് ശേഷം അദ്ദേഹത്തിന് അധികനേരം ബാറ്റ് ചെയ്യാന്‍ കഴിയുന്നില്ല.

എന്റെ വ്യക്തിപരമായ അഭിപ്രായത്തില്‍ ഇനി രണ്ട് വര്‍ഷം കൂടി ധോണി മഞ്ഞ ജേഴ്‌സിയില്‍ കളിക്കാന്‍ സാധ്യതയുണ്ട്. അത് കാത്തിരുന്ന് കാണേണ്ടി വരും. കാരണം ഈയൊരു വിഷയത്തില്‍ സസ്‌പെന്‍സ് വെക്കുന്നതില്‍ സന്തോഷം കണ്ടെത്തുന്നയാളാണ് ധോണി. എപ്പോള്‍ എന്ത് തീരുമാനമെടുക്കുമെന്ന് കാണേണ്ടി വരും,’ ഹസി പറഞ്ഞു.

Content Highlight: Michael Hussy saying he thinks that Dhoni will play couple of years for Chennai Super Kings