ഏകദിനത്തിൽ കോഹ്‌ലിയും,ടെസ്റ്റിൽ സ്മിത്തുമാണ് മികച്ചത്; മൈക്കല്‍ ക്ലാര്‍ക്ക്
Cricket
ഏകദിനത്തിൽ കോഹ്‌ലിയും,ടെസ്റ്റിൽ സ്മിത്തുമാണ് മികച്ചത്; മൈക്കല്‍ ക്ലാര്‍ക്ക്
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 8th February 2024, 3:50 pm

ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച നാല് താരങ്ങളെ തെരഞ്ഞെടുത്ത് ഓസ്‌ട്രേലിയന്‍ ഇതിഹാസം മൈക്കല്‍ ക്ലാര്‍ക്ക്. വിരാട് കോഹ്‌ലി, കെയ്ന്‍ വില്യംസണ്‍, ജോ റൂട്ട്, സ്റ്റീവ് സ്മിത്ത് എന്നീ താരങ്ങളാണ് നിലവിലെ ഏറ്റവും മികച്ച  കളിക്കാര്‍ എന്നാണ് ക്ലാര്‍ക്ക് പറഞ്ഞത്.

‘ടെസ്റ്റ് ക്രിക്കറ്റിലെ നിലവിലെ ഏറ്റവും മികച്ച നാല് താരങ്ങളുടെ പേര് പറയാന്‍ പറഞ്ഞാല്‍ ഞാന്‍ ആദ്യം സ്റ്റീവ് സ്മിത്തിന്റെ പേര് പറയും. ബാക്കി മൂന്ന് താരങ്ങളും പുറകില്‍ ഉണ്ട്,’ ക്ലാര്‍ക്ക് ഇ.എസ്.പി.എന്നിന് നല്‍കിയ ആഭിമുഖത്തില്‍ പറഞ്ഞു.

ക്രിക്കറ്റില്‍ എല്ലാ ഫോര്‍മാറ്റും നോക്കുമ്പോള്‍ വിരാട് കോഹ്‌ലിയാണ് ഏറ്റവും മികച്ച താരമെന്നും ക്ലാര്‍ക്ക് പറഞ്ഞു.

‘ക്രിക്കറ്റിലെ നിലവിലെ എല്ലാ ഫോര്‍മാറ്റുകളും നോക്കുകയാണെങ്കില്‍ വിരാട് കോഹ്ലിയാണ് ഏറ്റവും മികച്ച താരം. സ്റ്റീവ് സ്മിത്ത്, കെയ്ന്‍ വില്യംസണ്‍, ജോ റൂട്ട് എന്നിവരും മികച്ച താരങ്ങളാണ്,’ ക്ലാര്‍ക്ക് കൂട്ടിച്ചേര്‍ത്തു.

2011 ഇന്ത്യക്കായി ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറിയ വിരാട് 191 ഇന്നിങ്‌സില്‍ നിന്നും 29 സെഞ്ച്വറികളും 30 അര്‍ധസെഞ്ച്വറികളും ഉള്‍പ്പെടെ 8848 റണ്‍സാണ് നേടിയിട്ടുള്ളത്.

കിവീസ് നായകന്‍ കെയ്ന്‍ വില്ല്യംസണ്‍ സൗത്ത് ആഫ്രിക്കക്കെതിരെയുള്ള ആദ്യ ടെസ്റ്റില്‍ രണ്ട് ഇന്നിങ്‌സുകളിലും സെഞ്ച്വറി നേടി മികച്ച പ്രകടനം നടത്തിയിരുന്നു. ന്യൂസിലാന്‍ഡിനായി ടെസ്റ്റില്‍ 170 ഇന്നിങ്‌സില്‍ നിന്നും 8490 റണ്‍സാണ് കെയ്ന്‍ നേടിയത്. 31 സെഞ്ച്വറികളും 33 അര്‍ധസെഞ്ച്വറികളുമാണ് കിവിസ് നായകന്റെ അക്കൗണ്ടിലുള്ളത്.

ഓസ്‌ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്ത് 191 ഇന്നിങ്‌സില്‍ നിന്നും 9634 റണ്‍സാണ് നേടിയത്. 32 സെഞ്ച്വറികളും 41 അര്‍ധസെഞ്ച്വറികളുമാണ് താരം നേടിയത്.

ഇംഗ്ലണ്ട് താരം ജോ റൂട്ടും ടെസ്റ്റ് ക്രിക്കറ്റില്‍ അവിസ്മരണീയമായ ഒരു കരിയര്‍ കെട്ടിപ്പടുത്തുയര്‍ത്തിയവരാണ്. 251 ഇന്നിങ്‌സില്‍ നിന്നും 11468 റണ്‍സാണ് ഇംഗ്ലണ്ട് ബാറ്റര്‍ അടിച്ചെടുത്തത്. 30 സെഞ്ച്വറികളും 60 അര്‍ധസെഞ്ച്വറികളുമാണ് റൂട്ട് നേടിയത്.

Content Highlight: Michael Clarke select four players in the best players in Modern cricket.