അഭിമാന ജയത്തിനായി മുംബൈ, നാണക്കേടിന്റെ റെക്കോഡില്‍ നരെയ്ന്‍!
Sports News
അഭിമാന ജയത്തിനായി മുംബൈ, നാണക്കേടിന്റെ റെക്കോഡില്‍ നരെയ്ന്‍!
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 11th May 2024, 11:05 pm

ഇന്ന് ഈഡന്‍ ഗാര്‍ഡന്‍സില്‍ വെച്ച് നടക്കുന്ന ഐ.പി.എല്‍ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മുംബൈ ഇന്ത്യന്‍സിനെ നേരിട്ടുകൊണ്ടിരിക്കുകയാണ്. മഴ കാരണം വൈകിയ മത്സരം 16 ഓവറായി ചുരുക്കിയപ്പോള്‍ ടോസ് നേടിയ മുംബൈ കൊല്‍ക്കത്തയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. നിലവില്‍ ആദ്യ ഇന്നിങ്‌സ് അവസാനിച്ചപ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സാണ് കൊല്‍ക്കത്തക്ക് നേടാന്‍ സാധിച്ചത്.

ആറു റണ്‍സ് നേടി ആദ്യ ഓവറില്‍ തന്നെ നുവാന്‍ തുഷാരയുടെ പന്തില്‍ അന്‍ഷുല്‍ കാംബോജിനു ക്യാച്ച് നല്‍കിയാണ് ആദ്യ വിക്കറ്റ് ആയി ഫില്‍ സാള്‍ട്ടിനെ കൊല്‍ക്കത്തക്ക് നഷ്ടപ്പെടുന്നത്. ശേഷം പൂജ്യം റണ്‍സിനാണ് സുനില്‍ നരെയ്ന്‍ പുറത്തായത്. രണ്ടാം ഓവര്‍ എറിയാന്‍ എത്തിയ ജസ്പ്രീത് ബുംറയുടെ ആദ്യ പന്തിലെ തകര്‍പ്പന്‍ യോര്‍ക്കറില്‍ ആണ് സുനില്‍ മടങ്ങിയത്.

ഇതിന് പുറകെ ഒരു മോശം റെക്കോഡും സുനില്‍ സ്വന്തമാക്കുകയാണ്. ടി-20 ക്രിക്കറ്റില്‍ ഏറ്റവും അതികം പൂജ്യം റമ്#സിന് പുറത്താകുന്ന താരമെന്ന മോശം നേട്ടമാണ് താരത്തിന് സ്വന്തമാക്കാന്‍ സാധിച്ചത്. 44 തവണയാണ് താരം ഡക്കായത്.

തുടര്‍ന്ന് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരെ ഏഴ് റണ്‍സിനും ടീമിന് നഷ്ടമായി. 21 പന്തില്‍ രണ്ട് സിക്‌സും 6 ഫോറു അടിച്ച് മടങ്ങിയ വെങ്കിടേശ് അയ്യരാണ് ടീമിന്റെ സ്‌കോര്‍ ഉയര്‍ത്തിയത്. ശേഷം നിതീഷ് റാണ 33 റണ്‍സും ആന്ദ്രെ റസല്‍ 24 റണ്‍സും നേടിയാണ് മടങ്ങിയത്. അവസാന ഘട്ടത്തില്‍ ടീമിന്റെ സ്‌കോര്‍ ഉയര്‍ത്തിയത് റിങ്കു സിങ്ങും രമണ്‍ ദീപ് സിങ്ങുമാണ്. റിങ്കു 20 റണ്‍സ് നേടിയപ്പോള്‍ രമണ്‍ദീപ് 17 റണ്‍സും നേടി.

നിലവില്‍ 11 മത്സരങ്ങളില്‍ നിന്ന് എട്ട് വിജയങ്ങളോടെ 16 പോയിന്റ് സ്വന്തമാക്കി പട്ടികയില്‍ മുന്നിലാണ് കൊല്‍ക്കത്ത. മുംബൈക്കെതിരെ വിജയിച്ച് പ്ലേ ഓഫില്‍ ആധിപത്യം ഉറപ്പിക്കാനാണ് കൊല്‍ക്കത്ത ലക്ഷ്യമിടുന്നത്. എന്നാല്‍ 12 മത്സരങ്ങളില്‍ നിന്ന് വെറും എട്ട് പോയിന്റ് ഉള്ള മുംബൈക്ക് പ്ലേ ഓഫ് നേരത്തെ നഷ്ടപ്പെട്ടു. ഇനിയുള്ള മത്സരത്തില്‍ വിജയം സ്വന്തമാക്കി നാണക്കേടില്‍ നിന്ന് കരകയറാനാണ് ടീമിന്റെ ശ്രമം.

 

 

Content Highlight: MI Need 158 Runs To Win Against KKR