ലയണല്‍ മെസി ബാഴ്‌സലോണയില്‍ നിന്ന് പടിയിറങ്ങുന്ന രംഗം വേദനയോടെയാണ് ആരാധകര്‍ കണ്ടുനിന്നത്. 2021ല്‍ എഫ്.സി ബാഴ്സലോണയില്‍ നിന്ന് പുറത്ത് പോരേണ്ടി വന്നതിന്റെ ദുഃഖം മെസിയില്‍ ഇപ്പോഴും ഉണ്ടെന്നും ബാഴ്സലോണ പ്രസിഡന്റായ ലാപോര്‍ട്ടയുടെ പെരുമാറ്റമാണ് ക്ലബ്ബില്‍ നിന്ന് താരത്തിന്റെ പുറത്താകലിന് വഴി തെളിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
അന്ന് മെസി തന്റെ ഇഷ്ട ക്ലബ്ബായ ബാഴ്‌സലോണയില്‍ തുടരാന്‍ ശ്രമിച്ചിരുന്നെങ്കിലും ലപോര്‍ട്ട താരത്തിന്റെ കരാര്‍ പുതുക്കുന്നതില്‍ നിന്ന് പിന്‍വാങ്ങുകയായിരുന്നെന്നും അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. ബാഴ്സ വിട്ടയുടന്‍ മെസി ഫ്രഞ്ച് വമ്പന്‍ ക്ലബ്ബായ പി.എസ്.ജിയുമായി സൈനിങ് നടത്തുകയായിരുന്നു.
താരം പി.എസ്.ജിയില്‍ എത്തിയതിന് ശേഷവും ബാഴ്സലോണയിലേക്ക് തിരിച്ചുപോകുമെന്നുള്ള തരത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. മെസി സ്പാനിഷ് ക്ലബ്ബിലേക്ക് തിരിച്ച് പോകില്ലെന്നും താരം പി.എസ്.ജിയുമായി കരാര്‍ ഉടന്‍ പുതുക്കുമെന്നുമുള്ള പ്രമുഖ മാധ്യമ പ്രവര്‍ത്തകനും ട്രാന്‍സ്ഫര്‍ എക്‌സപര്‍ട്ടുമായ ഫാബ്രിസിയോ റൊമാനോയുടെ റിപ്പോര്‍ട്ടാണ് പിന്നീട് പുറത്തുവന്നത്.
എന്നാല്‍ അഭ്യൂഹങ്ങള്‍ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കെ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് ഇപ്പോള്‍ മെസിയുടെ പിതാവും ഏജന്റുമായ ജോര്‍ഹെ മെസി. ബാഴ്‌സലോണയിലേക്ക് തിരിച്ച് പോകുന്നതിനെ കുറിച്ച് ഞങ്ങള്‍ ചിന്തിച്ചിട്ട് പോലുമില്ലെന്നും അതിനി അസാധ്യമാണെന്നും അദ്ദേഹം പറഞ്ഞു.
‘എനിക്ക് തോന്നുന്നില്ല അതിനി സാധ്യമാകുമെന്ന്. അങ്ങനെയൊരു കരാറുമില്ലല്ലോ. ഞങ്ങള്‍ ബാഴ്‌സലോണ പ്രസിഡന്റ് ലപോര്‍ട്ടയുമായി സംസാരിക്കുകയോ അല്ലെങ്കില്‍ ബാഴ്‌സ ഞങ്ങളുടെ അടുത്തേക്ക് ഓഫറുമായി വരികയോ ചെയ്തിട്ടില്ല. ഈ വിഷയത്തില്‍ സംസാരിക്കുന്നത് നിര്‍ത്തുന്നതാകും നല്ലത്. കാരണം, മെസി ഇപ്പോള്‍ പി.എസ്.ജിയുടെ താരമാണ്. അവരുമായിട്ടാണ് കരാറുള്ളത്,’ ജോര്‍ഹെ മെസി പറഞ്ഞു.
നേരത്തെ താരത്തിന്റെ സഹോദരനും വിഷയത്തില്‍ പ്രതികരിച്ച് എത്തിയിരുന്നു. രോഷാകുലനായാണ് അദ്ദേഹം സംസാരിച്ചത്.
‘മെസി ഒരിക്കലും ബാഴ്സലോണ ക്ലബ്ബിലേക്ക് തിരിച്ചുപോകില്ല. ഇനി പോവുകയാണെങ്കില്‍ തന്നെ ആദ്യം ചെയ്യുന്നത് ക്ലബ്ബ് പ്രസിഡന്റ് ലപോര്‍ട്ടയെ ചവിട്ടി പുറത്താക്കുകയാവും.
മാത്രവുമല്ല, ബാഴ്സലോണയിലെ ആളുകള്‍ മെസിയെ പിന്തുണച്ചിരുന്നില്ല. അവര്‍ ഒരു പ്രതിഷേധത്തിന് ഒരുങ്ങണമായിരുന്നു. മെസിയെ ക്ലബ്ബില്‍ നിലനിര്‍ത്തി ലപോര്‍ട്ടയെ പുറത്താക്കാന്‍ ശ്രമിക്കണമായിരുന്നു,’ മത്യാസ് പറഞ്ഞു.
നിരവധി റെക്കോര്‍ഡുകളാണ് മെസി ബാഴ്‌സക്ക് വേണ്ടി നേടിയിരുന്നത്. മെസിയുടെ വിടവാങ്ങലിന് ശേഷം തങ്ങളുടെ പ്രതാപകാലം തിരിച്ചുപിടിക്കാന്‍ ബാഴ്‌സ ശ്രമങ്ങള്‍ നടത്തിയിരുന്നെങ്കിലും പ്രതീക്ഷക്കൊത്ത് മുന്നേറാന്‍ ക്ലബ്ബിന് സാധിച്ചിരുന്നില്ല.
ഈ സമ്മര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ ലയണല്‍ മെസി ബാഴ്‌സലോണയിലേക്ക് തിരിച്ചെത്താന്‍ സാധ്യതകള്‍ വളരെ കുറവാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. മെസി പി.എസ്.ജി വിട്ടാല്‍ തന്നെ അമേരിക്കന്‍ ക്ലബ്ബായ ഇന്റര്‍ മിയാമിലേക്ക് പോവാനാണ് സാധ്യതകള്‍ എന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.