വാഷിംഗ്ടണ്‍: മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജിയുടെ വധത്തില്‍ യു.എസ്. സര്‍ക്കാരിനെതിരെ ഗുരുതര ആരോപണങ്ങളുമായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട്. ഖഷോഗ്ജിയെ വധിച്ച സംഘത്തിലെ നാല് പേര്‍ക്ക് യു.എസ്. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ അംഗീകാരം ലഭിച്ച കേന്ദ്രങ്ങളില്‍
നിന്നും പരിശീലനം ലഭിച്ചിരുന്നതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
2014ല്‍ അന്നത്തെ പ്രസിഡന്റായിരുന്ന ബറാക് ഒബാമ അംഗീകാരം നല്‍കിയ അമേരിക്കയിലെ സ്വകാര്യ പരിശീലന ഗ്രൂപ്പിന് കീഴില്‍ ഈ നാല് സൗദി ഏജന്റുമാര്‍ക്ക് പരിശീലനം ലഭിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലെത്തുന്നതുവരെ ഈ പരിശീലന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നെന്നും ന്യൂയോര്‍ക്ക് ടൈംസ് പറയുന്നു.
2018 ഒക്ടോബര്‍ രണ്ടിന് ഇസ്താംബൂളിലെ സൗദി കോണ്‍സുലേറ്റില്‍ എത്തിയ ജമാല്‍ ഖഷോഗ്ജിയെ സൗദി ഏജന്റുമാര്‍ കൊലപ്പെടുത്തുകയായിരുന്നു. വിവാഹവുമായി ബന്ധപ്പെട്ട് രേഖകള്‍ തയ്യാറാക്കാനായി എത്തിയ ഖഷോഗ്ജിയെ പിന്നീടാരും കണ്ടിട്ടില്ല.
സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ വിമര്‍ശകനായിരുന്ന ഖഷോഗ്ജിയെ സൗദി ഉദ്യോഗസ്ഥരടങ്ങിയ സംഘം വധിച്ചുവെന്നാണ് വിവിധ ഇന്റലിജന്‍സ് ഏജന്‍സികള്‍ പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍.
ഖഷോഗ്ജിയെ വധിച്ച സംഘത്തിലെ നാല് സൗദി ഏജന്റുമാര്‍ക്ക് പരിശീലനം നല്‍കിയിരുന്നെന്നും പരിശീലന കേന്ദ്രത്തിന്റെ അധികൃതര്‍ സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ പ്രതിരോധമുറകളാണ് പഠിപ്പിച്ചിരുന്നതെന്നും അവര്‍ നടത്തിയ കുറ്റകൃത്യങ്ങളുമായി ഇതിന് ബന്ധമില്ലെന്നും ഇവര്‍ അവകാശപ്പെട്ടു.
2017ലാണ് നാല് പേര്‍ക്ക് പരിശീലനം നല്‍കിയത്. ഇതിലെ രണ്ട് പേര്‍ 2014 – 2015 കാലഘട്ടത്തിലും ഇവിടെ നിന്നും പരിശീലനം നേടിയിരുന്നെന്നും അധികൃതര്‍ അറിയിച്ചു.
നേരത്തെ ഖഷോഗ്ജി വധത്തില്‍ മുഹമ്മദ് ബിന്‍ സല്‍മാന് നേരിട്ട് പങ്കുണ്ടെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് യു.എസ്. പുറത്തുവിട്ടിരുന്നു. സല്‍മാന്റെ നിയന്ത്രണത്തിലുള്ള ഏഴംഗ ഏജന്റുമാരുടെ സംഘമാണ് ഖഷോഗ്ജിയെ വധിച്ചതെന്നായിരുന്നു റിപ്പോര്‍ട്ട്.
മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പുറത്തുവിടാതിരുന്ന ഈ റിപ്പോര്‍ട്ട് ജോ ബൈഡന്‍ അധികാരത്തിലേറിയതിന് ശേഷമായിരുന്നു പുറത്തുവിട്ടത്. സൗദി ഈ റിപ്പോര്‍ട്ടുകളെല്ലാം നിഷേധിച്ചിരുന്നു. കൊലപാതകം നടത്തിയ സൗദി ഏജന്റുമാര്‍ക്ക് ഭരണനേതൃത്വവുമായി ബന്ധമില്ലെന്നും സൗദി പറഞ്ഞു.
സംഭവത്തില്‍ അഞ്ച് പേരെ വധശിക്ഷക്കും മൂന്ന് പേരെ തടവിനും സൗദി വിധിച്ചിരുന്നു. പിന്നീട് വധശിക്ഷയില്‍ ഇളവ് നല്‍കി. കേസിലെ വിചാരണ നടപടികളെ കുറിച്ചുള്ള വിവരങ്ങളൊന്നും തന്നെ ഇപ്പോഴും പുറത്തുവന്നിട്ടില്ല.