ലോഹിതദാസാണ് തന്നെ പുസ്തകം വായിപ്പിക്കാൻ പഠിപ്പിച്ചതെന്ന് മീര ജാസ്മിൻ. താൻ അങ്ങനെ പുസ്തകം വായിക്കുന്ന കൂട്ടത്തിൽ അല്ലെന്നും ലോഹിതദാസ് തന്നോട് വായനയുണ്ടോയെന്ന് ചോദിച്ചപ്പോൾ ഇല്ലെന്ന് പറഞ്ഞെന്നും മീര ജാസ്മിൻ പറഞ്ഞു. ലോഹിതദാസാണ് തന്നെ നിർബന്ധിച്ച് പുസ്തകം വായിപ്പിച്ചതെന്നും മീര ജാസ്മിൻ കൂട്ടിച്ചേർത്തു. മലയാള മനോരമക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അവർ.
‘ഞാൻ അങ്ങനെ പുസ്തകം വായിക്കുന്ന കൂട്ടത്തിൽ ഒന്നുമല്ല. ലോഹിയങ്കിൾ വായനയുണ്ടോ എന്ന് ചോദിച്ചു ഞാൻ ഇല്ലെന്ന് പറഞ്ഞു. അദ്ദേഹം എന്നെ നിർബന്ധിച്ച് പുസ്തകങ്ങളൊക്കെ വായിപ്പിച്ചു. മാധവിക്കുട്ടിയുടെ കവിതകൾ കേൾപ്പിക്കുമായിരുന്നു,’ മീര ജാസ്മിൻ പറഞ്ഞു.
അച്ചുവിന്റെ അമ്മ സിനിമയുടെ ഷൂട്ട് കഴിഞ്ഞപ്പോൾ തനിക്ക് സെറ്റ് വിട്ട് പോകാൻ തോന്നിയിരുന്നില്ലെന്ന് മീര ജാസ്മിൻ പറഞ്ഞു. സത്യൻ അന്തിക്കാടിന്റെ കൂടെ വർക്ക് ചെയാൻ നല്ല രസമായിരുന്നെന്നും മീര പറയുന്നുണ്ട്. ഷൂട്ടിന്റെ അവസാന ദിവസം തന്നോട് അടുത്ത പടത്തിൽ കാണാമെന്ന് പറഞ്ഞാണ് തന്നെ സത്യൻ അന്തിക്കാട് പറഞ്ഞയച്ചതെന്നും മീര ജാസ്മിൻ കൂട്ടിച്ചേർത്തു. സത്യൻ അന്തിക്കാട് വാക്ക് പാലിച്ചെന്നും അദ്ദേഹത്തിന്റെ രസതന്ത്രത്തിൽ തന്നെ വിളിച്ചെന്നും മീര ജാസ്മിൻ പറയുന്നുണ്ട്.
‘അച്ചുവിന്റെ അമ്മ ഷൂട്ട് തീരുകയാണ്. എനിക്കാണെങ്കിൽ ആ സെറ്റ് വിട്ടു പോകാൻ താത്പര്യമേ ഇല്ല. ഭയങ്കര സങ്കടം. സത്യനങ്കിളിന്റെ കൂടെ വർക്ക് ചെയ്യാൻ നല്ല രസമായിരുന്നു. എന്റെ അവസാന ഷോട്ട് എടുത്ത് എന്നെ പറഞ്ഞു വിടുകയാണ്. ഞാൻ വിഷമിക്കേണ്ട എന്ന് കരുതി എന്നോട് പറഞ്ഞു ‘മീരാ, നമുക്ക് ഇനി അടുത്ത പടത്തിൽ കാണാ’മെന്ന്. കാണാമെന്ന് പറഞ്ഞതുപോലെ തന്നെ ചെയ്തു. അടുത്ത പടം രസതന്ത്രം ആയിരുന്നു,’ മീര ജാസ്മിൻ പറഞ്ഞു.
മീര ജാസ്മിനും നരേനും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് എം. പത്മകുമാർ സംവിധാനം ചെയ്ത ക്വീൻ എലിസബത്ത്. ചിത്രം ഈ മാസം 29ന് തിയേറ്ററുകളിലെത്തും.
Content Highlight: Meera jasmin about sathyan anthikkad