Kerala News
മാധ്യമ വാര്‍ത്തകള്‍ എന്റെ അഭിപ്രായമല്ല; പറയാനുള്ളത് പാര്‍ട്ടി വേദികളില്‍ പറയും: പി.പി. ദിവ്യ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Nov 09, 09:07 am
Saturday, 9th November 2024, 2:37 pm

കണ്ണൂര്‍: തന്റെ പ്രതികരണമെന്ന നിലയില്‍ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വാര്‍ത്തകള്‍ തന്റെ അഭിപ്രായമല്ലെന്ന് പി.പി. ദിവ്യ. അത്തരമൊരു പ്രതികരണം താന്‍ നടത്തിയിട്ടില്ലെന്നും മാധ്യമങ്ങളോട് പറയാനുള്ള കാര്യങ്ങള്‍ ഇന്നലെ തന്നെ പറഞ്ഞിട്ടുണ്ടെന്നും പി.പി. ദിവ്യ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

ഉത്തരവാദിത്തപ്പെട്ട പാര്‍ട്ടി അംഗം എന്ന നിലയില്‍ തനിക്ക് പറയാനുള്ളത് പാര്‍ട്ടി വേദികളില്‍ പറയുന്നതാണെന്നും ഇത് വരെ അനുവര്‍ത്തിച്ചുവന്ന രീതി തുടരുമെന്നും പി.പി. ദിവ്യ കൂട്ടിച്ചേര്‍ത്തു.

മാധ്യമങ്ങളിലൂടെ പറയാനുള്ളത് നേരത്തെ പറഞ്ഞിട്ടുണ്ടെന്നും മറ്റ് വ്യാഖ്യാനങ്ങള്‍ക്ക് താന്‍ ഉത്തരവാദിയല്ലെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചിട്ടുണ്ട്.

തന്റെ പാര്‍ട്ടി സ്വീകരിച്ച നടപടി താന്‍ അംഗീകരിക്കുന്നുവെന്നും സഖാക്കളും സുഹൃത്തുക്കളും വ്യാജ പ്രചരണങ്ങളെ തള്ളിക്കളയണമെന്നും പി.പി.ദിവ്യ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

പി.പി. ദിവ്യയുടെ ഭാഗം കേള്‍ക്കാത്തത് ശരിയായില്ലെന്നും ബ്രാഞ്ചില്‍ ഒതുങ്ങി പ്രവര്‍ത്തിക്കാനില്ലെന്നുമടക്കം രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ തയ്യാറാണെന്നുമുള്ള തരത്തില്‍ പി.പി. ദിവ്യ അഭിപ്രായപ്പെട്ടതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇതിനെതിരെയാണ് പി.പി. ദിവ്യയുടെ ഫേസ്ബുക്ക് പോസ്റ്റ്. പാര്‍ട്ടി നിലപാടിനോട് അതൃപ്തി അറിയിക്കുന്നതായി പി.പി. ദിവ്യ അറിയിച്ചതായായിരുന്നു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

Content Highlight: Media stories are not my opinion; What needs to be said will be said on party platforms:pp. divya