ഇസ്രഈൽ സൈന്യത്തിന് സൗജന്യ ഭക്ഷണവുമായി മക്ഡൊണാൾഡ്സ്; വിമർശനം
തെൽ അവീവ്: ഹമാസിനെതിരെയുള്ള യുദ്ധത്തെ തുടർന്ന് ഇസ്രഈൽ സൈന്യത്തിന് ആഹാരം ലഭ്യമാക്കുമെന്ന് പ്രഖ്യാപിച്ച് റെസ്റ്റോറന്റ് ശൃംഗല മക്ഡൊണാൾഡ്സ്.
ഇസ്രഈൽ സൈന്യത്തിന്റെ ട്രൂപ്പുകളിലും ആശുപത്രികളിലും സൗജന്യമായി ആയിരക്കണക്കിന് ഭക്ഷണപ്പൊതികൾ ഇതിനകം വിതരണം ചെയ്യുന്നുണ്ടെന്ന് മക്ഡൊണാൾഡ്സ് ഇസ്രഈൽ ഇൻസ്റ്റഗ്രാം പേജിൽ അറിയിച്ചു.
‘ഇന്നലെ തന്നെ ഞങ്ങൾ 4000 ഭക്ഷണപ്പൊതികൾ ആശുപത്രികളിലും സൈനിക യൂണിറ്റുകളിലും വിതരണം ചെയ്തിരുന്നു. യുദ്ധമുഖത്തും മറ്റുമുള്ള സൈനികർക്ക് എല്ലാ ദിവസവും ആയിരക്കണക്കിന് ഭക്ഷണപ്പൊതികൾ വിതരണം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.
റെസ്റ്റോറന്റുകളിൽ എത്തുന്ന സൈനികർക്ക് നൽകുന്ന കിഴിവിന് പുറമേ ആയിരിക്കും ഇത്. ഈ ആവശ്യത്തിന് വേണ്ടി മാത്രം ഞങ്ങൾ അഞ്ച് റെസ്റ്റോറന്റുകൾ തുറന്നിട്ടുണ്ട്,’ മക്ഡൊണാൾഡ്സ് അറിയിച്ചു.
റെസ്റ്റോറന്റ് ശൃംഗലയുടെ നീക്കത്തിനെതിരെ ഇതിനകം വിമർശനങ്ങൾ ഉയർന്നു. ആക്രമണത്തിൽ പങ്കാളികളായ പ്രത്യേകിച്ച് നിരപരാധികളുടെ ജീവനെടുക്കുന്നതിന് കാരണമാകുന്ന കമ്പനികളെ പിന്തുണക്കുന്നത് തെറ്റാണെന്നും മക്ഡൊണാൾഡ്സിനെ ബഹിഷ്കരിക്കണമെന്നും ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ കമന്റുകൾ ഉണ്ട്.
‘ഗസയിലെ ജനങ്ങൾക്ക് പകരം ഇസ്രഈൽ സൈന്യത്തിനാണ് മക്ഡൊണാൾഡ്സ് ഭക്ഷണം നൽകുന്നതെങ്കിൽ, ആഗോള തലത്തിൽ മക്ഡൊണാൾഡ്സിനെ ബഹിഷ്കരിക്കണം,’ ഒരാൾ കമെന്റ് ചെയ്തു.
എന്നാൽ പ്രഖ്യാപനത്തെ തുടർന്ന് മക്ഡൊണാൾഡ്സ് ഇസ്രഈലിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് പ്രൈവറ്റ് ആയിരിക്കുകയാണ്.
മക്ഡൊണാൾഡ്സിന്റെ നീക്കത്തിനെതിരെ ലെബനനിൽ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു. ലെബനനിലെ സിഡനിലുള്ള ഒരു മക്ഡൊണാൾഡ്സ് ഔട്ട്‌ലെറ്റിന് നേരെ അക്രമണമുണ്ടായതായി ലെബനീസ് മാധ്യമമായ 961 റിപ്പോർട്ട് ചെയ്തു
അതേസമയം, മറ്റു രാജ്യങ്ങളിലെ ഫ്രാഞ്ചൈസികളുടെ നിലപാട് തങ്ങളുടേതിനെ പ്രതിനിധീകരിക്കുന്നതല്ല എന്ന് മക്ഡൊണാൾഡ്സ് ലെബനൻ അറിയിച്ചു. തങ്ങളുടെ രാജ്യത്തിനോടും ജനങ്ങളോടും പ്രതിജ്ഞാബദ്ധരാണെന്നും അവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നുവെന്നും മക്ഡൊണാൾഡ്സ് ലെബനൻ വ്യക്തമാക്കി.
മക്ഡൊണാൾഡ്സ് ഒമാനും ഗസയിലെ ജനങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഗസയിലെ ജനങ്ങൾക്കായി ഒരു ലക്ഷം ഡോളർ സംഭാവന ചെയ്തതായും അവർ എക്‌സിൽ അറിയിച്ചിരുന്നു. കുവൈറ്റ്, യു.എ.ഇ മക്ഡൊണാൾഡ്സ് നേരത്തെ ഫലസ്തീന് പിന്തുണ പ്രഖ്യാപിച്ചിരുന്നു
ഒക്ടോബർ ഏഴിന് ആക്രമണം ആരംഭിച്ചത് മുതൽ ഫലസ്തീനിൽ 724 കുട്ടികൾ ഉൾപ്പെടെ 2,215 പേർ കൊല്ലപ്പെട്ടതായി വാർത്താ ഏജൻസിയായ എ.എഫ്.പി അറിയിച്ചു. ഇതേ കാലയളവിൽ ഇസ്രഈലിലെ 1300 പേർ കൊല്ലപ്പെട്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
Content Highlight: McDonald’s move to provide free food to the Israeli Soldiers