“ഇത്രയൊക്കെ ഞങ്ങള്‍ പീഡിപ്പിച്ചിട്ടും നിങ്ങളെന്താ നേരെയാവാത്തെ” മഴവില്‍ മനോരമ സംപ്രേഷണം ചെയ്ത ഒരു കോമഡി സ്‌കിറ്റിലെ ഡയലോഗാണിത്. രാജ്യത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിയ്ക്കുകയും അതിനെതിരെ പല പ്രതിരോധങ്ങളും ഉയര്‍ന്നുവരികയും ചെയ്യുന്ന ഒരു കാലത്താണ് ബലാത്സംഗത്തെ മഹത്വവത്കരിക്കുന്ന സംഭാഷണം കോമഡിയെന്ന പേരില്‍ അവതരിപ്പിച്ചിരിക്കുന്നത്.
സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്നത് ചൂണ്ടിക്കാട്ടിയപ്പോഴാണ് സ്‌കിറ്റില്‍ അഭിനയിക്കുന്ന പുരുഷതാരം ഇത്തരമൊരു മറുപടി നല്‍കുന്നത്. പീഡിപ്പിക്കാതെയിരുന്നെങ്കില്‍ നിങ്ങള്‍ കേരളം ബാക്കിവെച്ചേക്കുമായിരുന്നോയെന്നും ഇയാള്‍ ചോദിക്കുന്നുണ്ട്.
Also Read:മോദി സമ്പൂര്‍ണ പരാജയം: ഹരിയാനയിലെ രണ്ട് ബി.ജെ.പി നേതാക്കള്‍ രാജിവെച്ചു
മഴവില്‍ മനോരമ ചാനലിലെ അമ്മ മഴവില്‍ പരിപാടിയുടെ ഭാഗമായി അവതരിപ്പിച്ച സ്‌കിറ്റ് സ്ത്രീവിരുദ്ധത പ്രോത്സാഹിപ്പിക്കുന്നതാണെന്ന ആരോപണം വലിയ തോതില്‍ ഉയര്‍ന്നിരുന്നു. വനിതാ സിനിമാ പ്രവര്‍ത്തകരുടെ സംഘടനയായ ഡബ്ല്യു.സി.സി അടക്കം ഈ സ്‌കിറ്റിനെതിരെ പരസ്യമായി രംഗത്തുവരികയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ചാനല്‍ സംപ്രേഷണം മറ്റുചില സ്‌കിറ്റുകളിലെ ഉള്ളടക്കങ്ങളും ചോദ്യംചെയ്യപ്പെടുന്നത്.
മഴവില്‍ മനോരമയിലെ കോമഡി സര്‍ക്കസ് എന്ന പരിപാടിയില്‍ അവതരിപ്പിച്ച ഒരു സ്‌കിറ്റിനെതിരെയാണ് ബലാത്സംഗത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ളതെന്ന ആരോപണം ഉയര്‍ന്നിരിക്കുന്നത്. നടി പേളി മാണി, അലീന പടിക്കല്‍, ബിനു അടിമാലി എന്നിവര്‍ അഭിനയിച്ച സ്‌കിറ്റില്‍ ബിനു അടിമാലിയാണ് ബലാത്സംഗത്തെ മഹത്വവത്കരിക്കുന്ന തരത്തില്‍ സംസാരിക്കുന്നത്.
വെള്ളടിച്ചുവന്നിട്ട് വീട്ടിലുള്ളവരെ മര്‍ദ്ദിക്കുന്നു, റോഡില്‍ക്കൂടി പോയാല്‍ പീഡനം, ബസ്റ്റോപ്പില്‍ നിന്നാല്‍ പീഡനം, നിന്നാല്‍ പീഡനം, ബസില്‍ കയറിയാല്‍ പീഡനം, അവിടെ ഇവിടെ എവിടെ നിന്നാലും പീഡനം” എന്ന് അലീന പരാതി പറയുമ്പോള്‍ “ഇത്രയൊക്കെ ഞങ്ങള്‍ പീഡിപ്പിച്ചിട്ടും നിങ്ങളെന്താ നേരെയാവാത്തെ. ഒരു കാര്യം മനസിലാക്കണം, ഞങ്ങളിത്രയും കഠിനമായിട്ട് നിങ്ങളെ പീഡിപ്പിച്ചിട്ട് നിങ്ങള്‍ ഈ രീതിയില്. അപ്പോള്‍ പിന്നെ നിങ്ങളെ ഞങ്ങള് പീഡിപ്പിക്കാതെകൂടിയിരുന്നെങ്കില്‍ നിങ്ങള്‍ കേരളം വെച്ചേക്കുമായിരുന്നു, പറ വെച്ചേക്കുമായിരുന്നൊ?”
ബിനു അടിമാലിയുടെ വാക്കുകളെ സദസ്സ് കയ്യടിച്ചു പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത് വീഡിയോയില്‍ കാണാം.
സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഈ സ്‌കിറ്റ് സംപ്രേഷണം ചെയ്ത മഴവില്‍ മനോരമ മാപ്പു പറയണമെന്ന ആവശ്യം സോഷ്യല്‍ മീഡിയയില്‍ ശക്തമാകുകയാണ്.
“കോമഡിയുടെ പേരില്‍ ബലാത്സംഗത്തെ മഹത്വവത്കരിച്ചിരിക്കുന്നത് നോക്കൂ. അമ്മ മഴവില്‍ സ്‌കിറ്റിനു പിന്നാലെ വീണ്ടും ബലാത്സംഗ തമാശകള്‍. മഴവില്‍ മനോരമ മാപ്പു പറയണം” എന്നു പറഞ്ഞുകൊണ്ടാണ് ഡെന്നി ലൂസി തോമസ് ഫേസ്ബുക്കില്‍ ഈ സ്‌കിറ്റ് പങ്കുവെച്ചത്.
ബലാത്സംഗത്തെ മഹത്വവത്കരിക്കുന്ന മഴവില്‍ മനോരമയിലെ മറ്റൊരു സ്‌കിറ്റും ഡെന്നി ഉയര്‍ത്തിക്കാട്ടുന്നുണ്ട്. “39 പീഡനക്കേസിലെ പ്രതിയാണ് ഞാന്‍. മുപ്പത്തൊമ്പത് പെണ്‍കുട്ടികളെ പീഡിപ്പിച്ച പ്രതി. ” എന്നൊരാള്‍ പറയുമ്പോള്‍ “സത്യായിട്ടും ഞാനാദ്യായിട്ടാണ് ഇങ്ങനെ പീഡിപ്പിക്കുന്നൊരാളെ കാണുന്നത്. ” എന്ന് ഒരു യുവതി അത്ഭുതം കൂറുന്ന തരത്തിലുള്ളതാണ് സ്‌കിറ്റ്.
അമ്മ മഴവില്‍ പരിപാടിയില്‍ നടിമാരായ സുരഭി, അനന്യ, മഞ്ജുപിള്ള, കുക്കുപരമേശ്വരന്‍, മോഹന്‍ലാല്‍, മമ്മൂട്ടി തുടങ്ങിയ പ്രമുഖ താരങ്ങള്‍ അവതരിപ്പിച്ച സ്‌കിറ്റാണ് വിവാദമായത്. സ്‌കിറ്റ് സിനിമയിലെ വനിതാ കൂട്ടായ്മയെ പരിഹസിക്കുന്ന തരത്തിലുള്ളതാണെന്ന ആരോപണമായിരുന്നു ഉയര്‍ന്നത്. ഡബ്ല്യു.സി.സിയുടെ നിലപാടിനെ എ.എം.എം.എ നോക്കിക്കാണുന്ന രീതി വ്യക്തമാക്കുന്നതാണ് സ്‌കിറ്റെന്നായിരുന്നു ഡബ്ല്യു.സി.സിയുടെ ഭാഗമായ റിമ കല്ലിങ്കല്‍ പറഞ്ഞത്.
എന്നാല്‍ ഇതിനെ പ്രതിരോധിക്കുന്ന തരത്തിലുള്ള നിലപാടായിരുന്നു താരസംഘടനയായ അമ്മയും നടന്‍ മോഹന്‍ലാലുമൊക്കെ സ്വീകരിച്ചത്. മഴവില്‍ മനോരമയിലെ സ്‌കിറ്റ് ഒരു ബ്ലാക്ക് ഹ്യൂമറാണെന്ന മോഹന്‍ലാലിന്റെ അഭിപ്രായവും വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.