ആരാധനാലയ നിയമത്തെ ചോദ്യം ചെയ്തുള്ള ഹരജിയില്‍ സുപ്രീംകോടതിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് മഥുര ഷാഹി മസ്ജിദ്
national news
ആരാധനാലയ നിയമത്തെ ചോദ്യം ചെയ്തുള്ള ഹരജിയില്‍ സുപ്രീംകോടതിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് മഥുര ഷാഹി മസ്ജിദ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 11th December 2024, 9:04 pm

ന്യൂദല്‍ഹി: 1991ലെ ആരാധനാലയ നിയമത്തെ ചോദ്യം ചെയ്തുള്ള ഹരജിയില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് മഥുര ഷാഹി മസ്ദിജ് കമ്മിറ്റി സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കിയതായി റിപ്പോര്‍ട്ട്.

ആരാധനാലയ നിയമത്തിനെതിരായ ഹരജികളില്‍ തീര്‍പ്പുകല്‍പ്പിക്കുന്നത് കേസില്‍ സ്വാധീനം ചെലുത്താന്‍ സാധ്യതയുണ്ടെന്ന് കാണിച്ചാണ് മസ്ജിദ് കമ്മറ്റി അപേക്ഷ നല്‍കിയതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

1945 ഓഗസ്റ്റ് 15ലെ മതപരമായ ആരാധനാലയങ്ങളില്‍ മാറ്റം വരുത്തുന്നത് വിലക്കുന്ന നിയമത്തിന്റെ സാധുത സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് ശരിവെച്ചതായി മസ്ജിദ് സുപ്രീം കോടതിയില്‍ നല്‍കിയ അപേക്ഷയില്‍ പറയുന്നു.

അധികാരം വിനിയോഗിക്കുന്നതിനും രാജ്യത്തിന്റെ മുന്നോട്ടുള്ള പുരോഗതി മുന്‍നിര്‍ത്തിയുമാണ് 1991ലെ നിയമം പാര്‍ലമെന്റില്‍ പാസാക്കിയതെന്നും 33 വര്‍ഷമായി നിയമം നിലനില്‍ക്കുന്നുണ്ടെന്നും എന്നാല്‍ നിയമത്തെ വെല്ലുവിളിക്കാനാണ് ഹരജിക്കാര്‍ ശ്രമിക്കുന്നതെന്നും അപേക്ഷയില്‍ പറയുന്നതായാണ് റിപ്പോര്‍ട്ട്.

അതേസമയം 1991ലെ ആരാധനാലയ നിയമത്തിന്റെ സാധുത ചോദ്യം ചെയ്തുള്ള ഹരജികളില്‍ നാളെ സുപ്രീം കോടതി വാദം കേള്‍ക്കാനിരിക്കുകയാണ്. സുപ്രീം കോടതി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച കോഡ്‌ലിസ്റ്റ് പ്രകാരം ചീഫ് ജസറ്റിസ് സഞ്ജീവ് ഖന്നയും ജസ്റ്റിസുമാരായ സഞ്ജയ് കുമാര്‍, കെ.വി. വിശ്വനാഥന്‍ എന്നിവരടങ്ങുന്ന ബെഞ്ച് ഡിസംബര്‍ 12ന് കേസ് പരിഗണിക്കുമെന്നാണ് റിപ്പോര്‍ട്ട്.

16ാം നൂറ്റാണ്ടില്‍ മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ഔറംഗസേബ് തകര്‍ത്ത കത്ര കേശവദേവ് ക്ഷേത്രം ഇവിടെയുണ്ടായിരുന്നുവെന്നും അതിന് പകരം ഷാഹി മസ്ജിദ് പണിതെന്നുമുള്ള വാദം ഹിന്ദുത്വവാദികള്‍ ഉയര്‍ത്തിയിരുന്നു. മഥുരയിലെ ഷാഹി മസ്ജിദ് ശ്രീകൃഷ്ണന്റെ ജന്മസ്ഥലമായ കൃഷ്ണ ജന്മസ്ഥാനത്താണ് നിര്‍മിച്ചതെന്നും ആരോപിക്കപ്പെടുന്നുണ്ട്.

Content Highlight: Mathura Shahi Masjid seeks Supreme Court’s intervention in plea challenging Houses of Worship Act