ന്യൂദല്‍ഹി: കൃഷ്ണ ജന്മഭൂമിയില്‍ നിന്നും മസ്ജിദ് നീക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുത്വ വാദികള്‍ നല്‍കിയ കേസ് കോടതി സ്വീകരിച്ചു. മഥുരയിലെ ഷാഹി ഈദ്ഗാഹ് നീക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ കേസാണ് കോടതി സ്വീകരിച്ചത്.
17-ാം നൂറ്റാണ്ടില്‍ നിര്‍മിച്ച പളളി കൃഷ്ണ ജന്മഭൂമി എന്ന് ഹിന്ദുത്വവാദികള്‍ അവകാശപ്പെടുന്ന സ്ഥലത്തു നിന്നും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ലഭിച്ച നിരവധി ഹരജികളില്‍ ഒന്നാണ് നിലവില്‍ കോടതി പരിഗണിക്കാന്‍ തീരുമാനമായത്.
വിശ്വാസികള്‍ എന്ന നിലയ്ക്ക് ഭഗവാന്‍ കൃഷ്ണന്റെ ജന്മഭൂമി തിരികെ പിടിക്കാന്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്ന് ചൂണ്ടിക്കാട്ടി ലഖ്‌നൗ സ്വദേശിനിയായ രഞ്ജന അഗ്നിഹോത്രിയാണ് ഹരജി സമര്‍പ്പിച്ചത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് മസ്ജിദ് നിര്‍മാണവുമായി ബന്ധപ്പെട്ട് ഒത്തുതീര്‍പ്പ് നടത്തിയിരുന്നുവെന്നും എന്നാല്‍ അത് ശരിയായ രീതിയിലൂടെയായിരുന്നില്ലെന്നും അഭിഭാഷകനായ ഗോപാല്‍ ഖണ്ഡേല്‍വാല്‍ കോടതിയില്‍ പറഞ്ഞു.
1991ലെ ആരാധനാലയ നിയമപ്രകാരം കേസ് പരിഗണിക്കാനാകില്ലെന്ന് നേരത്തെ മഥുര സിവില്‍ കോടതി വ്യക്തമാക്കിയിരുന്നു. സ്വാതന്ത്ര്യത്തിന് മുന്‍പ് നിലനിന്നിരുന്നത് പോലെ ആരാധനാലയങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുന്നതായിരുന്നു നിയമം.
പുരാതന ക്ഷേത്ര അവശിഷ്ടങ്ങള്‍ക്കിടയില്‍ നിര്‍മിച്ചതെന്ന് ആരോപിക്കപ്പെടുന്ന ബാബരി മസ്ജിദിനെ മാത്രമായിരുന്നു നിയമത്തിന്റെ പരിധിയില്‍ നിന്നും ഒഴിവാക്കിയിരുന്നത്. നീണ്ട കാലത്തെ വാദ പ്രതിവാദങ്ങള്‍ക്കൊടുവില്‍ രാമക്ഷേത്രത്തിനായി ബാബരി സ്ഥിതി ചെയ്തിരുന്ന സ്ഥലം ഹരജിക്കാരനായ രാംലല്ലയ്ക്ക് കൈമാറിയിരുന്നു.
പള്ളി നിര്‍മിക്കുന്നതിന് സുന്നി വഖഫ് ബോര്‍ഡിന് അഞ്ച് ഏക്കര്‍ ഭൂമി സര്‍ക്കാര്‍ നല്‍കണമെന്നും കോടതി വിധിച്ചിരുന്നു.
മഥുര കേസ് ഏറ്റെടുക്കാന്‍ കോടതി ആദ്യം വിസമ്മതിച്ചിരുന്നു. കേസ് കോടതി അംഗീകരിച്ചാല്‍ നിരവധി വിശ്വാസികള്‍ ഇത്തരത്തില്‍ പല കേസുകളുമായി കോടതിയെ സമീപിക്കുമെന്ന് ചൂണിക്കാട്ടിയായിരുന്നു കോടതി ഉത്തരവ്. എന്നാല്‍ കോടതി വിധിയ്‌ക്കെതിരെ ഹരജിക്കാര്‍ അപ്പീല്‍ നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് കേസ് സ്വീകരിക്കാന് കോടതി തീരുമാനിച്ചത്.